
റിസർവ് ബാങ്ക് നടപടികൾ നേട്ടമായി
കൊച്ചി: വിദേശ നാണയ ശേഖരം വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും സ്വീകരിച്ച നടപടികൾ വൻ വിജയമാകുന്നു. . ആഗസ്‌റ്റ് ഏഴിന് അവസാനിച്ച വാരത്തിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 1,410 കോടി ഡോളർ ഉയർന്ന് നാല് മാസത്തിനിടെയിലെ ഏറ്റവും ഉയർന്ന തലമായ 70,700 കോടി ഡോളറിലെത്തി. ജനുവരിക്ക് ശേഷം ശേഖരത്തിലുണ്ടാകുന്ന ഏറ്റവും വലിയ പ്രതിവാര വർദ്ധനയാണിത്. ആറാഴ്ചയിൽ വിദേശ നാണയ ശേഖരത്തിൽ 4,000 കോടി ഡോളറിനടുത്ത് വർദ്ധിച്ചു.
യെൻ, ഡോളർ, യൂറോ, പൗണ്ട് തുടങ്ങിയ വിദേശ നാണയങ്ങളുടെ മൂല്യം 990 കോടി ഡോളർ ഉയർന്ന്
57,462 കോടി ഡോളറിലെത്തി. സ്വർണ ശേഖരത്തിന്റെ മൂല്യം 399.5 കോടി ഡോളർ വർദ്ധിച്ച് 10,873 കോടി ഡോളറിലെത്തി.
ജൂണിൽ വിദേശ നാണയ ഒഴുക്ക് വർദ്ധിപ്പിക്കാൻ റിസർവ് ബാങ്ക് പ്രഖ്യാപിച്ച നടപടികളാണ് നേട്ടമായത്.
വിദേശത്ത് നിന്ന് വായ്പയെടുക്കുന്ന പൊതുമേഖല സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും ഹെഡ്‌ജിംഗ് ഇളവുകൾ, ബോണ്ടുകളിൽ നിക്ഷേപിക്കുന്ന വിദേശ നിക്ഷേപകർക്ക് നികുതി ആനുകൂല്യം തുടങ്ങിയവ മികച്ച ഫലമുണ്ടാക്കി. നടപ്പുവർഷം ഫെബ്രുവരി 27ന് ഇന്ത്യയുടെ വിദേശ നാണയ ശേഖരം 72,840 കോടി ഡോളറെന്ന റെക്കാഡ് ഉയരത്തിലെത്തിയിരുന്നു.
വിദേശ നാണയ ശേഖരം
മൊത്തം : 70,700 കോടി ഡോളർ
വിദേശ നാണയങ്ങളുടെ മൂല്യം: 57,463 കോടി ഡോളർ
സ്വർണം: 10,874 കോടി ഡോളർ
എം.ഡി.ആർ: 1,875 കോടി ഡോളർ
ഐ.എം.എഫ് റിസർവ് ട്രാഞ്ച്: 489 കോടി ഡോളർ
വിദേശ നിക്ഷേപ ഒഴുക്ക് ശക്തം
ജൂൺ എട്ടു മുതൽ ജൂലായ് 31 വരെയുള്ള കാലയളവിൽ ഫോറക്‌സ് സ്വാപ്പ് സൗകര്യത്തിലൂടെ 4,000 കോടി ഡോളറാണ് ലഭിച്ചത്. ഇക്കാലയളവിൽ വിദേശ ധനകാര്യ സ്ഥാപനങ്ങൾ 250 കോടി ഡോളറിന്റെ ഇന്ത്യൻ കടപ്പത്രങ്ങളും വാങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |