SignIn
Kerala Kaumudi Online
Tuesday, 18 August 2026 12.24 AM IST

മൂന്ന് മുൻ മുഖ്യമന്ത്രിമാർ, 18 എംപിമാർ, 10 വനിതകൾ; ബിജെപി നേതൃത്വത്തിന്റെ അഴിച്ചുപണിക്ക് പിന്നിൽ

nithin-nabin-and-pm-modi
ബിജെപി ദേശീയ പ്രസിഡന്റ്‌ നിതിൻ നബീനും പ്രധാനമന്ത്രി നരേന്ദ്രമോദിയും

ന്യൂഡൽഹി: ദേശീയ നേതൃത്വത്തിൽ വൻ അഴിച്ചുപണിയുമായി ബിജെപി. സംഘടനാപരിചയത്തിനൊപ്പം പ്രാദേശിക പ്രാധാന്യത്തിനുകൂടി മുൻഗണന നൽകിയാണ് പുതിയ നേതൃത്വത്തെ തിര‌ഞ്ഞെടുത്തിരിക്കുന്നത്. 64 അംഗ സംഘത്തിൽ 40 ശതമാനത്തിലേറെപേർ പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. വിവിധ മേഖലകളിൽനിന്നുള്ള നേതാക്കളെ ഉൾപ്പെടുത്തി ദേശീയ തലത്തിൽ കൂടുതൽ വൈവിദ്ധ്യമാർന്ന നേതൃനിര സൃഷ്‌ടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

സ്‌മൃതി ഇറാനിയെ ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തപ്പോൾ പീയുഷ് ഗോയലിന് ദേശീയ ട്രഷറ‌ർ സ്ഥാനം നൽകി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ബി എൽ സന്തോഷിനെയും ദേശീയ സെക്രട്ടറിയായി കെ സുരേന്ദ്രനെയും തിരഞ്ഞെടുത്തു. അനിൽ ആന്റണി ദേശീയ സെക്രട്ടറിയായി തുടരും. അതേസമയം, ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് എപി അബ്‌ദുല്ലക്കുട്ടിയെ ഒഴിവാക്കി.

23 സംസ്ഥാനങ്ങളിൽനിന്ന് പ്രാതിനിധ്യം

പുതിയ ദേശീയ ഭാരവാഹി സംഘത്തിൽ 23 സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമുള്ള നേതാക്കളുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നേതാക്കളെ സംഘടനയുടെ നേതൃനിരയിൽ പ്രാതിനിധ്യം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്ന്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും പ്രത്യേക പരിഗണന ലഭിച്ചു. ത്രിപുര, അസം, നാഗാലാന്റ് എന്നിവിടങ്ങളിൽനിന്ന് ഓരോ നേതാക്കൾവീതം നേതൃനിരയിലുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ഏകോപനത്തിനായുള്ള പ്രത്യേക സെൽ തങ്ങളുടെ പ്രവർത്തനം തുടരും. സാംബിത് പത്രയാണ് ഇതിന്റെ ചുമതല വഹിക്കുക.

പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം

ആദിവാസി വിഭാഗത്തിൽനിന്ന് നാല് നേതാക്കളെയാണ് നേതൃനിരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പശ്ചിമബംഗാൾ, മഹാരാഷ്‌ട്ര, വടക്കുകിഴക്കൻ മേഖല എന്നിവിടങ്ങളിൽനിന്നുള്ള നേതാക്കളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പട്ടികജാതി വിഭാഗത്തിൽ ഉത്തർപ്രദേശ്, തമിഴ്‌നാട്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നും മൂന്ന് നേതാക്കളുണ്ട്. ഇതിന് പുറമെ വിവിധ പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവർക്കും പട്ടികയിൽ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്.

വനിതാ പ്രാതിനിധ്യവും മതപരമായ വൈവിദ്ധ്യവും

10 വനിതാ നേതാക്കളാണ് ദേശീയ നേതൃത്വത്തിൽ ഇടംനേടിയിരിക്കുന്നത്. വിവിധ മേഖലകളിൽനിന്നുള്ള പരിചയസമ്പന്നരായ വനിതകളെ ഉൾപ്പെടുത്തി വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കാനും കൂടുതൽ വനിതകളെ അധികാരസ്ഥാനത്തേക്ക്‌ എത്തിക്കാനുമാണ് ബിജെപി ലക്ഷ്യമിടുന്നത്.

വിവിധ മതവിഭാഗങ്ങളിൽനിന്നുള്ള നേതാക്കളെയും ദേശീയ ഭാരവാഹി സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിഖ്, മുസ്ലീം, ജൈന, പാർസി വിഭാഗങ്ങളിൽനിന്ന് ഓരോരുത്തരും ക്രൈസ്‌തവ വിഭാഗത്തിൽനിന്ന് രണ്ടുപേരും പട്ടികയിലുണ്ട്.

അനുഭവ സമ്പത്തിന് മുൻതൂക്കം

പരിചയസമ്പന്നരായ നേതാക്കൾക്കാണ് പുതിയ സംഘത്തിൽ കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രിമാരായ വസുന്ധര രാജെ, തീർത്ഥ് സിംഗ് റാവത്ത്, ബിപ്ലബ് കുമാർ ദേബ് എന്നിവ‌ർ പട്ടികയിലുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി പാർട്ടിയുടെ മുൻ അദ്ധ്യക്ഷന്മാരായി പ്രവർത്തിച്ച നേതാക്കളും സംഘത്തിലുണ്ട്.

നേരത്തെ കേന്ദ്രസർക്കാരിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന നാല് നേതാക്കളും നിലവിൽ കേന്ദ്രമന്ത്രിയായ ഒരാളും പുതിയ ടീമിലുണ്ട്. ഭരണപരിചയം സംഘടനാ പ്രവർത്തനങ്ങളിൽ പ്രയോജനപ്പെടുത്തുകയാണ് ബിജെപിയുടെ ലക്ഷ്യം.

ലോക്‌സഭയിലും രാജ്യസഭയിലുമായി പ്രവർത്തിക്കുന്ന 18 ജനപ്രതിനിധികളും ദേശീയ ഭാരവാഹി സംഘത്തിൽ ഇടംനേടിയിട്ടുണ്ട്. നിയമനിർമാണ രംഗത്തെ പരിചയം ദേശീയ സംഘടനയ്‌ക്ക് പ്രയോജനപ്പെടുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. അക്കാദമിക്, പ്രൊഫഷണൽ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും പട്ടികയിൽ പ്രാധാന്യമുണ്ട്. രണ്ട് പ്രൊഫസർമാർ, നാല് ഡോക്‌ടർമാർ, പിഎച്ച്‌ഡി ബിരുദധാരികൾ, എഞ്ചിനീയർമാർ, ചാർട്ടേ‌ഡ് അക്കൗണ്ടന്റുമാർ, അഭിഭാഷകർ എന്നിവരും സംഘത്തിലുണ്ട്.

English Summary

BJP has reshuffled its 64-member national team, focusing on experience, regional representation and social diversity. The team includes 10 women, 18 MPs, three former chief ministers and over 40% members from disadvantaged communities.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP, NATIOANAL TEAM BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360