
ബോസ്റ്റൺ: ലോകകപ്പ് ഫുട്ബാളിന്റെ നോക്കൗട്ട് റൗണ്ടിന്റെ ആദ്യ മത്സരങ്ങളിൽ അട്ടിമറി. കിരീടപ്രതീക്ഷയുമായി വന്ന യൂറോപ്യൻ കരുത്തരായ ജർമ്മനിയും ഹോളണ്ടുമാണ് രണ്ടാം റൗണ്ടിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീണുപോയത്. പാരഗ്വേയാണ് ജർമ്മനിയെ അട്ടിമറിച്ചത്. ഹോളണ്ടിന് മൊറോക്കോ മടക്കടിക്കറ്റ് നൽകി.
ബോസ്റ്റണിൽ ജർമ്മനിയും പാരഗ്വേയും നിശ്ചിത സമയത്തും അധികസമയത്തും 1-1ന് സമനിലയിലായതോടെ ഈ ലോകകപ്പിലെ ആദ്യ ഷൂട്ടൗട്ടിന് വിസിൽ മുഴങ്ങി. മൂന്ന് ജർമ്മൻ താരങ്ങൾ പെനാൽറ്റി മിസാക്കി. രണ്ട് പാരഗ്വേ താരങ്ങൾക്കേ പിഴച്ചുള്ളൂ. ഇതോടെ 4-3ന് പാരഗ്വേ പ്രീക്വാർട്ടറിൽ. അധികസമയത്ത് ജർമ്മനി പാരഗ്വേ വലകുലുക്കിയെങ്കിലും ആ ശ്രമത്തിനിടയിൽ ഗോളിയെ ഫൗൾ ചെയ്തെന്ന് വാർ റഫറി വിധിച്ചതോടെ ഗോൾ അനുവദിക്കാതിരുന്നത് വിവാദമായി. ലോകകപ്പിൽ ആദ്യമായാണ് ജർമ്മനി ഷൂട്ടൗട്ടിൽ തോൽക്കുന്നത്.
മോണ്ടെറെറിയിൽ മൊറോക്കോയ്ക്ക് എതിരെ ആദ്യ പകുതിയിൽ ഹോളണ്ട് ഗോളടിച്ചിരുന്നു. രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ മൊറോക്കോ തിരിച്ചടിച്ചതോടെ കളി നീണ്ട് ഷൂട്ടൗട്ടിലെത്തി. മൊറോക്കോയുടെ പരിചയസമ്പന്നനായ ഗോളി യാസീൻ ബൗനു ഒരു കിക്ക് തട്ടിയകറ്റിയപ്പോൾ രണ്ട് ഡച്ച്താരങ്ങൾക്ക് ലക്ഷ്യം തെറ്റി. മൊറോക്കോയുടെ രണ്ട് കിക്കുകൾ പാളിയെങ്കിലും അവസാനകിക്ക് ഗോളാക്കി ഇസ്മയിൽ സബീരി ഹോളണ്ടുകാരെ നാട്ടിലേക്ക് വണ്ടികയറ്റിവിട്ടു.
കഴിഞ്ഞരാത്രി ജപ്പാനെതിരെ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ടാം പകുതിയിൽ രണ്ടുഗോളുകളടിച്ച് ബ്രസീൽ പ്രീക്വാർട്ടറിലെത്തി.
ഇംഗ്ളണ്ട് കോംഗോയ്ക്ക് എതിരെ
ഇന്ന് രാത്രി 9.30ന് നടക്കുന്ന രണ്ടാം റൗണ്ട് മത്സരത്തിൽ ഇംഗ്ളണ്ട് കോംഗോ നേരിടും. രാത്രി ഒന്നരയ്ക്ക് സെനഗലും ബെൽജിയവും ഏറ്റുമുട്ടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |