SignIn
Kerala Kaumudi Online
Monday, 29 June 2026 3.05 PM IST

ലോകകപ്പിലെ കുതിപ്പിനിടെ കേപ് വെർദേയ്ക്ക് തിരിച്ചടി; നായകൻ റയാൻ മെൻഡസിനെതിരെ ലൈംഗികാരോപണ പരാതി

ryan-mendes
റയാൻ മെൻഡസ്,​ Photo Credit: X

വെല്ലിംഗ്ടണ്‍: ലോകകപ്പിലെ കുതിപ്പിനിടെ കേപ് വെർദേയ്ക്ക് തിരിച്ചടി. ടീം ക്യാപ്റ്റൻ റയാൻ മെൻഡസിനെതിരെ ലൈംഗികാരോപണ പരാതിയുമായി യുവതി രംഗത്തെത്തി. ടീമിന്റെ ബ്രസീലിയന്‍ വിവര്‍ത്തകയായ യുവതിയുടേതാണ് പരാതി. മാർച്ചിൽ ന്യൂസിലൻഡിലെ ഓക്ലൻഡിൽ നടന്ന സൗഹൃദ മത്സരങ്ങൾക്കിടെ റയാൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ന്യൂസിലൻഡ് പൊലീസിനാണ് യുവതി പരാതി നൽകിയത്.

ചിലിയുമായുള്ള മത്സരത്തിന് പിന്നാലെ ഔദ്യോഗിക കൂടിക്കാഴ്ചയെന്ന വ്യാജേന താരം തന്നെ ഹോട്ടലിലേയ്ക്ക് ക്ഷണിച്ചുവരുത്തിയെന്നും കാര്യം മനസിലായതോടെ താൻ അവിടെനിന്നും ഇറങ്ങിപ്പോയെന്നും യുവതി പരാതിയിൽ പറഞ്ഞു. പിന്നീട് താൻ താമസിക്കുന്ന മുറിയിലേയ്ക്ക് റയാൻ അതിക്രമിച്ച് കടന്ന് തന്നെ പീഡിപ്പിക്കുകയായിരുന്നെന്നും ഇവർ ആരോപിച്ചു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതിന്റെ ചിത്രങ്ങളും, മെഡിക്കൽ റിപ്പോർട്ടുകളും, ഫോറൻസിക് പരിശോധന ഫലങ്ങളും ടീം അധികൃതർക്ക് തെളിവായി നൽകിയെന്നും എന്നാൽ അവരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തില്‍ ന്യൂസിലന്‍ഡ് പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതി നൽകിയ തെളിവുകളുംസംഭവം നടന്നതായി പറയുന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. നിലവില്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ആര്‍ക്കുമെതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, നിലവിൽ അന്വേഷണം നടക്കുന്നതിനാൽ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താനാവില്ലെന്ന് ഫിഫ അധികൃതര്‍ അറിയിച്ചു.

കഴി‌ഞ്ഞദിവസം ലോകകപ്പിൽ ചരിത്രം കുറിച്ചുക്കൊണ്ടാണ് കേപ് വെർദേ നോക്കൗട്ടിലേക്ക് (റൗണ്ട് ഓഫ് 32) യോഗ്യത നേടിയത്. ലോകകപ്പ് നോക്കൗട്ടിൽ പ്രവേശിക്കുന്ന ചരിത്രത്തിലെ ഏറ്റവും ചെറിയ രാജ്യമെന്ന റെക്കോർഡും ഇതോടെ ഇവർക്ക് സ്വന്തമാക്കി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സൗദി അറേബ്യയെ ഗോളില്ലാ സമനിലയിൽ തളച്ച് ഗ്രൂപ്പ് എച്ചിൽ രണ്ടാം സ്ഥാനക്കാരായാണ് കേപ് വെർദേയുടെ അവിശ്വസനീയ കുതിപ്പ്. നോക്കൗട്ടിൽ നിലവിലെ ലോക ചാമ്പ്യൻമാരായ ലയണല്‍ മെസിയുടെ അർജന്റീനയാണ് എതിരാളി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA WORLD CUP 2026, FIFA WORLD CUP, , CAPE VERDE, RAPES, SEXUAL ASSAULT, RYAN MENDES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360