
ന്യൂഡൽഹി: ഹിന്ദു മതം ഒരു ജീവിത രീതിയാണെന്നും, ഹിന്ദുവായിരിക്കാൻ ക്ഷേത്ര ദർശനമോ, ആചാരാനുഷ്‌ഠാനമോ ആവശ്യമില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന. ശബരിമല യുവതീപ്രവേശനമടക്കം വിശ്വാസ വിഷയങ്ങളിൽ 9 അംഗ ഭരണഘടനാ ബെഞ്ച് വാദം കേൾക്കവെയാണ് നിരീക്ഷണം. ആചാരങ്ങൾക്കൊപ്പമല്ലാതെ സ്വതന്ത്രമായി മതവിശ്വാസം നിലനിൽക്കും. പലർക്കും അവരുടെ വീടുകളിൽ പ്രാർത്ഥനാ മുറിയോ ഇടമോ ഇല്ലായിരിക്കാം. പക്ഷെ അവരുടെ മനസിന്റെ ആഴത്തിൽ മതവിശ്വാസികളായിരിക്കുമെന്നും നാഗരത്ന വ്യക്തമാക്കി.
മതത്തിനകത്തെ പരിഷ്‌ക്കരണവാദി ശബ്‌ദങ്ങളെ ഇല്ലാതാക്കുന്ന വ്യാഖ്യാനങ്ങളിൽ നിന്ന് കോടതികൾ വിട്ടുനിൽക്കണമെന്ന് ശ്രീനാരായണ മാനവ ധർമ്മം ട്രസ്റ്റിനു വേണ്ടി ഡോ. മോഹൻ ഗോപാൽ വാദിച്ചു. പുരോഹിതർക്ക് പരമാധികാരം നൽകുന്ന വ്യാഖ്യാനങ്ങൾ കോടതി ഒഴിവാക്കണം. മതസമൂഹങ്ങൾക്കുള്ളിൽ നിന്ന് ഉയർന്നു വരുന്ന സാമൂഹിക നീതിക്കായുള്ള ആവശ്യമാണത്. ശ്രീനാരായണ ഗുരു അടക്കമുള്ള സാമൂഹിക പരിഷ്ക്കർത്താക്കളുടെ നേതൃത്വത്തിൽ നിരവധി പ്രസ്ഥാനങ്ങൾ മതങ്ങൾക്കുള്ളിൽ നിന്നുയർന്നുവന്നു. അത്തരം സാമൂഹിക പരിഷ്‌ക്കരണങ്ങളുടെ പാരമ്പര്യം നിലനിർത്താനുള്ള ഇടമൊരുക്കണം. വേദങ്ങൾ കൈയാളുന്നവരുടെ അധികാരത്തെ അംഗീകരിക്കാത്തവർ മതത്തിനകത്തുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
ശബരിമലയിൽ യുവതീ പ്രവേശനം ആവശ്യപ്പെട്ട് 2006ൽ പൊതുതാത്പര്യഹർജി നൽകിയ ഇന്ത്യൻ യംഗ് ലായേഴ്സ് അസോസിയേഷന്റെ അന്നത്തെ പ്രസിഡന്റെന്ന നിലയിൽ ഹർജിയിൽ ഒപ്പിട്ടു കൊടുത്തുവെന്നേയുള്ളുവെന്ന് നൗഷാദ് അഹമ്മദ് ഖാൻ വ്യക്തമാക്കി. അസോസിയേഷനിലെ ഹിന്ദു സ്ത്രീകളാണ് ഹർജി നൽകണമെന്നാവശ്യപ്പെട്ടത്. ഹർജി കൈയോടെ ചവറ്റുകുട്ടയിൽ എറിയണമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |