
പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ഓൾ ഇന്ത്യ എൻ.ആർ. കോൺഗ്രസിന്റെ സ്ഥാപകൻ എൻ.രംഗസ്വാമി മുഖ്യമന്ത്രിയായി അധികാരമേറ്റു. അഞ്ചാം തവണയാണ് രംഗസ്വാമി മുഖ്യമന്ത്രിയാകുന്നത്. എൻ.ആർ.കോൺഗ്രസ് എൻ.ഡി.എയുടെ ഭാഗമായ ശേഷം തുടർച്ചയായ രണ്ടാംവട്ടവും.
ലോക് നിവാസിൽ നടന്ന ചടങ്ങിൽ, ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാഷ്‌നാഥൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ബി.ജെ.പി നിയമസഭാ കക്ഷി നേതാവ് എ. നമശ്ശിവായവും എൻ.ആർ. കോൺഗ്രസ് അംഗം മല്ലാഡി കൃഷ്ണ റാവുവും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
ചടങ്ങിനുശേഷം, മുഖ്യമന്ത്രി നിയമസഭയിലെത്തി ചുമതലയേറ്റെടുത്തു. എ.പി.എൽ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ വിപുലീകരിക്കുന്നതിനുള്ള അനുമതി, ഇന്ദിരാഗാന്ധി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ 'നമോ ക്യാൻസർ ആശുപത്രി" സ്ഥാപിക്കൽ, ഐ.ഐ.ടി മദ്രാസ്, ജിപ്മർ എന്നിവയ്ക്ക് ഭൂമി അനുവദിക്കൽ എന്നിവയുൾപ്പെടെ 17 വിഷയങ്ങളുമായി ബന്ധപ്പെട്ട ഫയലുകളിൽ ഒപ്പുവച്ചു.
ബി.ജെ.പി ദേശീയ പ്രസിഡന്റ് നിതിൻ നവീൻ, പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവർ അതിഥികളായി ചടങ്ങിൽ പങ്കെടുത്തു. ചീഫ് സെക്രട്ടറി ശരത് ചൗഹാൻ, പൊലീസ് മേധാവി ശാലിനി സിംഗ്, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |