SignIn
Kerala Kaumudi Online
Tuesday, 02 June 2026 4.40 AM IST

പാർട്ടി രൂപീകരിക്കാൻ അണ്ണാമലൈ, രജനികാന്തുമായി ചർച്ച നടത്തും കേന്ദ്ര സർക്കാരിനും വിമർശനം

s

ചെന്നൈ: ബി.ജെ.പി തമിഴ്നാട് മുൻ സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ പുതിയ പാർട്ടി രൂപീകരിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. അണ്ണാമലൈയുടെ ജന്മദിനമായ നാലിന് രാഷ്ട്രീയ പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. 'മക്കൾ ശക്തി ഇയക്കം' എന്ന് പേരിൽ കോയമ്പത്തൂർ കേന്ദ്രമാക്കി അണ്ണാമലൈയുടെ അനുയായികൾ പാർട്ടി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

അണ്ണാമലൈയുടെ മുഖവും 'നിർഭയ മനസുകൾക്ക് പരിധിയില്ല' എന്ന ഉദ്ധരണിയും ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ കോയമ്പത്തൂരിലുടനീളമുണ്ട്‌. വിദേശത്തായിരുന്ന അണ്ണാമലൈ ഇന്നലെ ചെന്നൈയിൽ മടങ്ങിയെത്തി. രജനികാന്തുമായി ഉടൻ കൂടിക്കാഴ്ച നടത്തും. പാർട്ടി രൂപീകരണത്തിന് രജനിയുടെ പ്രത്യക്ഷ പിന്തണയ്ക്കു വേണ്ടിയാണിതെന്നാണ് വിവരം. അതിനിടെ ദയവായി കാത്തിരിക്കൂ, രണ്ടു ദിവസത്തിനുള്ളിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാമെന്ന് അണ്ണാമലൈ ഡൽഹിയിലേക്കു പുറപ്പെടും മുമ്പ് ചെന്നൈ വിമാനത്താവളത്തിൽവച്ച് പറഞ്ഞു.

മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ സംസ്ഥാനത്തിന്റെ ബി.ജെ.പിയുടെ പ്രസിഡന്റായിരുന്ന 2021 മുതൽ 2025 വരെ പാർട്ടിയിലേക്ക് യുവാക്കളെ ആകർഷിക്കാൻ കഴിഞ്ഞിരുന്നു. അണ്ണാ ഡി.എം.കെ എൻ.‌ഡി.എ വിട്ടുപോയ ശേഷം 2024ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഏറ്റവും കൂടുതൽ വോട്ട് സംസ്ഥാനത്തു നിന്നും നേടി-11.4%. ഡി.എം.കെയ്ക്കും അണ്ണാ ഡി.എം.കെയ്ക്കും പിന്നിൽ മൂന്നാം സ്ഥാനമായിരുന്നു അന്ന് ബി.ജെ.പിയുടെ വോട്ട് ഷെയർ.

എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ഷെയർ 2.62% ആയി കുറഞ്ഞു. നാല് എം.എൽ.എമാരുണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോഴുള്ളത് ഒരു എം.എൽ.എ അണ്ണാ ഡി.എം.കെയുമായി ബന്ധം പുനഃസ്ഥാപിക്കുന്നതിനായി ബി.ജെ.പി കേന്ദ്ര നേതൃത്വം അണ്ണാമലൈയെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാമലൈയുടെ അഭിപ്രായങ്ങൾ മാനിക്കാതെയായിരുന്നു സീറ്റ് നിർണയം. അന്ന് പ്രചാരണ രംഗത്തു നിന്നും വിട്ടു നിൽക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം സജീവമായി രംഗത്തുണ്ടായി.

രണ്ട് ദിവസം മുമ്പ് കേന്ദ്ര സർക്കാരിന്റെ ത്രിഭാഷാ നയത്തിലുള്ള എതിർപ്പ് അണ്ണാമലൈ സമൂഹ മാദ്ധ്യമത്തിലൂടെ വ്യക്തമാക്കി. ഇത് പാർട്ടി വിട്ടുന്ന പോകുന്നതിന്റെ സൂചനയെന്നാണ് വിവരം. വിഷയത്തിൽ ബി.ജെ.പി നേതൃത്വം പ്രതികരിച്ചിട്ടില്ല. അണ്ണാമലൈ വിശദീകരിക്കട്ടെയെന്നാണ് നേതൃത്വത്തിന്റെ നിലപാട്.

കേന്ദ്രമന്ത്രി പദം വാഗ്ദാനം ചെയ്തേക്കും

കെ. അണ്ണാമലൈ പാർട്ടി വിടുന്നത് തടയാൻ കേന്ദ്ര നീക്കം. അണ്ണാമലൈയ്ക്ക് കേന്ദ്രമന്ത്രി പദം വാഗ്ദാനം ചെയ്യുമെന്നാണ് വിവരം. ഇന്നലെ ഡൽഹിയിലെത്തിയ അണ്ണാമലൈ ബി.ജെ.പി ദേശീയ പ്രസിഡന്റ് നിതിൻ നബീനുമായി ചർച്ച നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360