
ന്യൂഡൽഹി: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റ് അധികാരം നഷ്‌ടമായതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനുള്ളിൽ അസ്വാരസ്യം. എം.പിമാരും എം.എൽ.എമാരും പ്രാദേശിക നേതാക്കളും അടക്കം വലിയൊരു വിഭാഗം നിരാശയിലാണെന്നും പാർട്ടി വിടുമെന്നുമുള്ള അഭ്യൂഹങ്ങൾ ശക്തം. തൃണമൂൽ കോൺഗ്രസിന്റെ 20 ഓളം എം.പിമാരും 50 ഓളം എം.എൽ.എമാരും പാർട്ടി വിടാനൊരുങ്ങുകയാണെന്ന് ബി.ജെ.പി നേതാവ് സൗമിത്ര ഖാൻ പറഞ്ഞിരുന്നു.
29 ലോക്‌സഭാ എം.പിമാരാണ് തൃണമൂലിനുള്ളത്. ബി.ജെ.പി നേതാവിന്റെ വാദം മുതിർന്ന തൃണമൂൽ നേതാവ് സൗഗത റോയി തള്ളിയെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങൾ പാർട്ടിക്കുള്ളിലെ വിള്ളൽ സൂചിപ്പിക്കുന്നതാണ്. നിരവധി പാർട്ടി എം.പിമാരും എം.എൽ.എമാരും പ്രാദേശിക നേതാക്കളും കഴിഞ്ഞ ദിവസങ്ങളിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. സമീപ ദിവസങ്ങളിൽ വിവിധ മുനിസിപ്പാലിറ്റികളിൽ നിന്ന് 100ലധികം കൗൺസിലർമാർ രാജിവച്ചു.
ഭട്പാറയിൽ മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ റേബ റാഹ ഉൾപ്പെടെ 30 പേർ രാജിവച്ചു. ഹാലിസഹാർ, കാഞ്ച്രാപാര, ഗരുലിയ, നോർത്ത് ബാരക്പൂർ, കോണ്ടായി എന്നിവിടങ്ങളിൽ നിന്നും സമാനമായ രാജികൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ ശക്തികേന്ദ്രമായ ഡയമണ്ട് ഹാർബറിൽ എട്ട് കൗൺസിലർമാർ രാജിവച്ചു. ഇതിന് പുറമെയാണ് എം.എൽ.എമാർ വരാതിരുന്നതിനെ തുടർന്ന് ഞായറാഴ‌്ച പാർട്ടി മേധാവി മമതാ ബാനർജിയുടെ വസതിയിൽ നടത്താൻ തീരുമാനിച്ച യോഗം മാറ്റിവച്ചത്. 80 എം.എൽ.എമാരിൽ 20പേരാണ് യോഗത്തിന് വന്നത്.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ്,നിരവധി നേതാക്കൾ പാർട്ടി വിട്ടിരുന്നെങ്കിലും ഭരണം നിലനിറുത്തിയതോടെ പലരും തിരികെ വന്നു. 15 വർഷത്തെ ഭരണം അവസാനിപ്പിച്ച് ബംഗാളിൽ ബി.ജെ.പി അധികാരത്തിലേറിയതോടെ തൃണമൂലിന് കഷ്‌ടകാലമെന്നാണ് വിലയിരുത്തൽ.
രണ്ട് എം.എൽ.എമാരെ പുറത്താക്കി
നിയമസഭയിലെ പ്രതിപക്ഷ നേതാവായി ശോഭന്ദേബ് ചതോപാധ്യായയെ നിയമിക്കാൻ സമർപ്പിച്ച പിന്തുണക്കത്തിൽ തങ്ങളുടെ വ്യാജ ഒപ്പിട്ടെന്ന് വെളിപ്പെടുത്തിയ എം.എൽ.എമാരായ ഋതബ്രത ബാനർജിയെയും സന്ദീപൻ സാഹയെയും പുറത്താക്കി തൃണമൂൽ. കത്തിൽ താൻ ഒപ്പിട്ടില്ലെന്നത് വ്യാജമാണെന്നും മേയ് 27ന്, സന്ദീപൻ സാഹ പശ്ചിമ ബംഗാൾ നിയമസഭാ സ്പീക്കർക്ക് കത്തെഴുതിയിരുന്നു. ഇതാണ് നേതൃത്വത്തെ പ്രകോപിപ്പിച്ചത്. കള്ള ഒപ്പിട്ടെന്ന ആരോപണത്തിൽ പശ്ചിമ ബംഗാൾ സി.ഐ.ഡി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി മുതിർന്ന തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയെ ഇന്നലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഹാജരായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |