
റായ്പുർ: മണൽഖനനവുമായി ബന്ധപ്പെട്ട തർക്കം എത്തിനിന്നത് കൊടുംക്രൂരതയിൽ. ബി.ജെ.പി നേതാവ് ഉൾപ്പെടെ മൂന്നുപേരെ കാറിലിട്ട് കത്തിച്ചുകൊന്നു. ഛത്തീസ്ഗഢിലെ കോറിയ ജില്ലയിലെ നൗഗയിൻ ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
ബി.ജെ.പി നേതാവും മുൻ ജനപദ പഞ്ചായത്ത് പ്രസിഡന്റുമായ ഭരത് സിംഗ് (ലല്ല സിംഗ്), ബന്ധുവും അദ്ധ്യാപകനുമായ നാഗേന്ദ്ര സിംഗ്, വീരേന്ദ്ര സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അക്ഷത് ത്രിപാഠി, വിശാൽ ത്രിപാഠി, സത്യപ്രകാശ് ത്രിപാഠി, മന്നു ത്രിപാഠി എന്നിവരെ അറസ്റ്റുചെയ്തിട്ടുണ്ട്. മറ്റ് അഞ്ചുപേർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
ഭരത് സിംഗും സംഘവും സഞ്ചരിച്ചിരുന്ന ടൊയൊട്ട ഫോർച്യൂണർ കാറിനെ രണ്ട് ട്രക്കുകൾ വളയുകയും പെട്രോൾ ഒഴിച്ച് തീയിടുകയുമായിരുന്നു. ഭരത് സിംഗ് സംഭവസ്ഥലത്തുതന്നെ മരിച്ചു. നാഗേന്ദ്ര സിംഗും വീരേന്ദ്ര സിംഗും ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. മായങ്ക് സിംഗ് എന്നയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
മണൽ ഖനന കരാറുമായി ബന്ധപ്പെട്ട തർക്കത്തിൽ ഒത്തുതീർപ്പ് ചർച്ചയ്ക്ക് പോയതാണ് ഭരത് സിംഗെന്നും അദ്ദേഹത്തെ കെണിയിൽ കുടുക്കിയതാണെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തെത്തുടർന്ന് പ്രദേശത്ത് ഏറെ നേരം സംഘർഷാവസ്ഥയുണ്ടായി. വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
ഏറെ നാളായി തർക്കം
പ്രദേശത്തെ മണൽ ഖനന കരാർ ഭരത് സിംഗിന്റെ കുടുംബത്തിനാണുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ കുടുംബവും ബി.ജെ.പി നേതാവായ മനോജ് ത്രിപാഠിയുടെ കുടുംബവും തമ്മിൽ ഏറെ നാളായി തർക്കത്തിലാണ്. ഖനനമേഖലയിലേക്ക് കൊണ്ടുപോകുന്ന ട്രക്കുകൾ ത്രിപാഠി കുടുംബത്തിന്റേതാണ്. പണമടയ്ക്കലുൾപ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ പതിവായിരുന്നു. ഇടയ്ക്ക് കൈയാങ്കളി വരെയെത്തിയിരുന്നു. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് വ്യക്തമാക്കി. കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |