SignIn
Kerala Kaumudi Online
Friday, 19 June 2026 5.07 AM IST

ഉദ്ധവിന്  തിരിച്ചടി, ആറു വിമതർ യോഗത്തിന് വന്നില്ല, ഒപ്പം മൂന്ന് എം.പിമാർ

d

 വിപ്പ് ലംഘിച്ചവർക്കെതിരെ നടപടി

ന്യൂഡൽഹി: ആറ് എംപിമാർ ഏക്‌നാഥ് ഷിൻഡേ നയിക്കുന്ന ശിവസേനയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ സ്ഥിരീകരിച്ച് ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിന്റെ ഇന്നലെ ഡൽഹിയിൽ നടന്ന നിർണായക പാർലമെന്ററി യോഗത്തിൽ പങ്കെടുത്തത് മൂന്ന് എംപിമാർ മാത്രം. ആറ് വിമതർ മുംബയിൽ നടക്കുന്ന ചടങ്ങിൽ ഷിൻഡേ ശിവസേനയിൽ ലയിക്കുമെന്നാണ് വിവരം.

ഒമ്പത് എം.പിമാരും പങ്കെടുക്കണമെന്ന് വിപ്പ് നൽകിയിരുന്നെങ്കിലും വന്നത് അരവിന്ദ് സാവന്ത്, അനിൽ ദേശായ്, രാജുഭാവ് വാജെ എന്നിവർ മാത്രം. പാർട്ടിയുടെ ഏക രാജ്യസഭാ എം.പിയായ സഞ്ജയ് റാവത്തും പങ്കെടുത്തു. ആറ് വിമത എംപിമാരും ബുധനാഴ്‌ച ഡൽഹിയിലുണ്ടായിരുന്നു. ഇവർക്ക് പത്തു കോടി രൂപ നൽകി രാജസ്ഥാനിലെ ഒരു റിസോർട്ടിലേക്ക് മാറ്റിയതായി സഞ്ജയ് റാവത്ത് ആരോപിച്ചു. പാർട്ടി വിപ്പ് ലംഘിച്ച ഇവർക്ക് കാരണം കാണിക്കൽ നോട്ടീസയച്ച് അംഗത്വം റദ്ദാക്കാൻ നടപടിയെടുത്തേക്കും.

അതിനിടെ ആറ് വിമത എം.പിമാർ ബുധനാഴ്‌ച ലോക്സഭാ സ്പീക്കർ ഓം ബിർളയുമായി കൂടിക്കാഴ്ച നടത്തി. ഏക്‌നാഥ് ഷിൻഡെ നേതൃത്വം നൽകുന്ന ശിവസേന പക്ഷത്തിരുത്തണമെന്ന് ഇവർ അറിയിച്ചു. ഭാവിയിൽ കോൺഗ്രസിൽ പാർട്ടിയെ ലയിപ്പിക്കാനുള്ള നീക്കം മുന്നിൽ കണ്ടാണ് തങ്ങൾ വിട്ടു നിൽക്കുന്നതെന്ന് അവർ വിശദീകരിച്ചു. വിമത എംപിമാർക്ക് 'വൈ' കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.


പശ്ചിമ ബംഗാളിൽ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിലുണ്ടായതിന് സമാനമായ അവസ്ഥയാണ് മഹാരാഷ്ട്രയിൽ ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തും നിലനിൽക്കുന്നത്. ഇത് പ്രതിപക്ഷത്തെ ശരത് പവാറിന്റെ എൻ.സി.പിയിലും ആശങ്ക പടർത്തി. പാർട്ടിയുടെ എട്ട് എം.പിമാരുമായും ശരത് പവാർ ബന്ധപ്പെടുന്നുണ്ട്.

എസ്.പിയിലും പിളർപ്പ്?

സമാജ്‌വാദി പാർട്ടി പിളർപ്പിലേക്ക് നീങ്ങുകയാണെന്ന തന്റെ വാദം ഉത്തർപ്രദേശ് കാബിനറ്റ് മന്ത്രിയും സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്‌.ബി‌.എസ്‌.പി) അദ്ധ്യക്ഷനുമായ ഓം പ്രകാശ് രാജ്ഭർ ഇന്നലെയും ആവർത്തിച്ചു. വാദം തള്ളിയ എസ്.പി നേതാവ് അഖിലേഷ് യാദവ് ബി.ജെ.പിയുടെ വെല്ലുവിളി നേരിടുമെന്ന് തിരിച്ചടിച്ചു. എസ്.പിക്ക് 37 ലോക്സഭാ എം.പിമാരാണുള്ളത്. 

രാജ്ഭറിന്റെ വാദത്തെ പിന്തുണച്ചുകൊണ്ട്, സംസ്ഥാനത്തെ നിരവധി എസ്‌.പി, കോൺഗ്രസ് എം.പിമാർ ബി.ജെ.പിയുമായി ചർച്ചയിലാണെന്ന് മറ്റൊരു ഉത്തർപ്രദേശ് മന്ത്രി സഞ്ജയ് കുമാർ നിഷാദും അവകാശപ്പെട്ടു.

എം.പിമാർ പാർട്ടി വിപ്പ് ലംഘിക്കുകയാണ് ചെയ്തത്. കാരണം കാണിക്കൽ നോട്ടീസ് അയച്ച് വിശദീകരണം തേടും. ബി.ജെ.പി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ്. ഇത് തന്ത്രമല്ല, ചതിയാണ്

- സഞ്ജയ് റാവത്ത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360