SignIn
Kerala Kaumudi Online
Friday, 19 June 2026 5.06 AM IST

കോട്ട തുറന്നു, പരീക്ഷാകൊള്ള പുറത്തെത്തിച്ച് രാഹുൽ

d

ന്യൂഡൽഹി: നീറ്റ് ചോദ്യപേർ ചോർച്ച അടക്കം പ്രവേശന പരീക്ഷകളിലെ ക്രമക്കേടുകൾ ഉയർത്തി കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള പ്രചാരണത്തിനാണ് കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടക്കമിട്ടത്. കോച്ചിംഗ് ഹബ് എന്നറിയപ്പെടുന്ന രാജസ്ഥാനിലെ കോട്ടയിൽ നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികളുമായി സംവദിച്ച് വിദ്യാഭ്യാസ മേഖലയിലെ പോരായ്മകൾ തുറന്നുകാട്ടാനാണ് രാഹുൽ ശ്രമിച്ചത്.

രാജസ്ഥാൻ ഭരിക്കുന്ന ബി.ജെ.പിയുടെ സമ്മർദ്ദം അതിജീവിച്ച് കോട്ട ദസറ മൈതാനിയിലെ ശ്രീറാം രംഗ്‌മഞ്ചിൽ 'ഛാത്രോം കീ ഗൂംഞ്ച്'(വിദ്യാർത്ഥികളുടെ പ്രതിദ്ധ്വനി) എന്ന പേരിൽ സംഘടിപ്പിച്ച കൺവെൻഷനിൽ 3000ത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. വേദിയിലെ ക്യൂർ ആർ കോഡിലൂടെ തൽസമയം വിദ്യാർത്ഥികളുടെ അഭിപ്രായങ്ങൾ ശേഖരിക്കുകയും ചെയ്‌തു.

കർണാടകയിലെ വോട്ട് കൊള്ള വെളിപ്പെടുത്തിയ പ്രസന്റേഷൻ മാതൃകയിൽ വിവിധ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾ, അവർക്ക് ചെലവാകുന്ന തുക, പാസാകുന്നവരുടെ എണ്ണം തുടങ്ങിയ കണക്കുകൾ രാഹുൽ അവതരിപ്പിച്ചു. പരിപാടിയുടെ തുടർച്ച ജൂലായിൽ അലഹബാദ്, പാട്ന, ഡൽഹി എന്നിവിടങ്ങളിലുണ്ടാകും.

നീറ്റിന് 1.32 ലക്ഷം കോടി

(രാഹുൽ പുറത്തുവിട്ട കണക്ക്)

 നീറ്റിന് തയ്യാറെടുക്കാൻ 22 ലക്ഷം വിദ്യാർത്ഥികൾക്ക് ചെലവായത് 1.32 ലക്ഷം കോടി രൂപ

കേന്ദ്ര സർക്കാർ ബഡ്‌ജറ്റിൽ വിദ്യാഭ്യാസത്തിനായി നീക്കി വച്ചത് 1.4 ലക്ഷം കോടി

സ്‌കൂൾ വിദ്യാഭ്യാസം ലഭിക്കുന്ന ആയിരത്തിൽ 12 കുട്ടികൾക്ക് മാത്രം മാസ ശമ്പളത്തോടെ ജോലി. ബാക്കിയുള്ളവർ മറ്റ് തൊഴിലെടുക്കുന്നു.

 100 എൻജിനീയറിംഗ് വിദ്യാർത്ഥികളിൽ 80 പേർക്കും തൊഴിലില്ല.

വിമർശനവുമായി ബി.ജെ.പി

21ന് നടക്കേണ്ട നീറ്റ് പുനഃപരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളെ പരിപാടിക്കായി കോൺഗ്രസ് ബുദ്ധിമുട്ടിച്ചെന്ന് ബി.ജെ.പി ആരോപിച്ചു. പരിപാടിക്കായി കോൺഗ്രസ് കണ്ടുവച്ചിരുന്ന വിദ്യാർത്ഥികളെ ബി.ജെ.പി സമ്മർദ്ദത്തെ തുടർന്ന് കോച്ചിംഗ് കേന്ദ്രങ്ങളിൽ നിന്ന് വിട്ടില്ലെന്ന ആക്ഷേപവുമുണ്ട്. പകൽ നടത്താൻ തീരുമാനിച്ച പരിപാടി വിദ്യാർത്ഥികളെത്തില്ലെന്ന സൂചനയെ തുടർന്നാണ് രാത്രി എട്ടുമണിയിലേക്ക് മാറ്റിയത്. പോസ്റ്ററുകളും മറ്റും ബി.ജെ.പി പ്രവർത്തകർ നശിപ്പിച്ചെന്ന പരാതിയുമുയർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360