
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന് വ്യക്തമാക്കി തമിഴ്നാട്ടിൽ ടി.വി.കെ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. കേരളത്തിന്റെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറാണ് താത്കാലിക ചുമതലയുള്ളതിനാൽ നയപ്രഖ്യാപനം നിയമസഭയിൽ നടത്തിയത്.
2014ൽ സുപ്രീംകോടതി അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താമെന്ന് ഉത്തരവിട്ടു.അണക്കെട്ട് ബലപ്പെടുത്തിയ ശേഷം ജലനിരപ്പ് 152 അടിയായി ഉയർത്താമെന്നും നിർദ്ദേശിച്ചിരുന്നു. അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള നടപടികൾക്ക് കേരളം അനുമതി നിഷേധിക്കുകയും പുതിയ അണക്കെട്ട് വേണമെന്നതിൽ ഉറച്ചുനിൽക്കുകയും ചെയ്തു.കേരള സർക്കാരിന്റെ ഈ ശ്രമം തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കും.അണക്കെട്ട് പ്രദേശത്ത് അറ്റകുറ്റപ്പണികൾ നടത്തുന്നതിനും ജലനിരപ്പ് ഉയർത്തുന്നതിനുമായി നടപടികളെടുക്കുമെന്നും ഗവർണർ വ്യക്തമാക്കി. മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞതിനുപിന്നാലെയാണ് നയപ്രഖ്യാപനത്തിൽ നിലപാട് വ്യക്തമാക്കിയത്.സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ സഭാകവാടത്തിൽ പ്രതിഷേധിച്ചു.
കേന്ദ്രത്തിന് വിമർശനം
തമിഴ് തായ്‌വാഴ്‌ത്ത് ആലപിച്ചാണ് നടപടികൾ ആരംഭിച്ചത്. പിന്നാലെ ദേശീയഗാനം. വന്ദേമാതരം ആലപിച്ചില്ല. പുതിയ അംഗങ്ങളെ അഭിനന്ദിച്ചാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്. ജാതിക്കും മതത്തിനും പണത്തിനും അതീതമായ പാർട്ടിയാണ് ടി.വി.കെ. പെരിയാർ, അണ്ണാദുരൈ, അംബേദ്കർ എന്നിവരുടെ പേരുകൾ പരാമർശിച്ചു.മുൻ സർക്കാരിന് ലഹരി ഒഴുക്ക് നിയന്ത്രിക്കാനായില്ലെന്ന് കുറ്റപ്പെടുത്തി. ദ്വിഭാഷാ നയം തുടരും. ദേശീയ വിദ്യാഭ്യാസ നയത്തെ ശക്തമായി എതിർക്കുമെന്ന് പറഞ്ഞ ഗവർണർ, പദ്ധതിയുമായി കേന്ദ്രവിഹിതത്തെ ബന്ധിപ്പിക്കുന്നത് അംഗീകരിക്കില്ലെന്നും വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |