SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.07 AM IST

ഡൽഹിയിൽ ഓടുന്ന ബസിൽ 16കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

rape-case

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ഓടുന്ന ബസിൽ കൂട്ടമാനഭംഗം. 16കാരിയെ ആളൊഴിഞ്ഞ സ്ലീപ്പർ ബസിലെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് കൂട്ടമാനഭംഗത്തിനിരയാക്കി. സംഭവത്തിൽ കേസെടുത്ത പൊലീസ് ബസ് ഡ്രൈവർ കുൽദീപിനെയും കണ്ടക്ടർ സന്ദീപിനെയും അറസ്റ്റ് ചെയ്തു. ആഗസ്റ്റ് നാലിനായിരുന്നു സംഭവം. ഉത്തർപ്രദേശിലെ മെയിൻപുരി സ്വദേശിനിയായ പെൺകുട്ടി മാതാപിതാക്കളുമായി പിണങ്ങിയാണ് വീടുവിട്ടിറങ്ങിയത്. നോയിഡയിലുള്ള ബന്ധുവിന്റെ വീട്ടിലേക്കായിരുന്നു യാത്ര.

എന്നാൽ, മഴയും ഇരുട്ടും കാരണം പാരി ചൗക്കിൽ തെറ്റായിറങ്ങി. ഇതോടെ ഒറ്റപ്പെട്ടുപോയ പെൺകുട്ടി അതിലെ വന്ന സ്ലീപ്പർ ബസിന് കൈകാണിക്കുകയായിരുന്നു. ബസ് നിറുത്തിയ ഡ്രൈവറും കണ്ടക്ടറും പെൺകുട്ടിയെ നോയിഡയിൽ എത്തിക്കാമെന്ന് വിശ്വസിപ്പിച്ച് അകത്ത് കയറ്റി. ബസ് മുന്നോട്ടു എടുത്തതിന് പിന്നാലെ കണ്ടക്ടർ പെൺകുട്ടിയോട് മോശമായി പെരുമാറുകയും ഇരുവരും ചേർന്ന് കുട്ടിയെ ഉപദ്രവിക്കുകയുമായിരുന്നു. തുടർന്ന് കാശ്മീരി ഗേറ്റിലെ ആളൊഴിഞ്ഞ റിംഗ് റോഡിൽ പെൺകുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ ബസിൽ കടന്നു കളഞ്ഞു.

സംഭവ ദിവസം തന്നെ പെൺകുട്ടി കാശ്മീരി ഗേറ്റ് പൊലീസിൽ പരാതി നൽകി. കേസെടുത്ത പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചശേഷം പ്രതികളെ വടക്കൻ ഡൽഹിയിലെ തിമാർപൂരിലെ പാർക്കിംഗ് കേന്ദ്രത്തിൽ നിന്ന് പിടികൂടി. പിടിച്ചെടുത്ത ബസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. പ്രതികളെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ മുന്നിൽ ഹാജരാക്കിയ പെൺകുട്ടിയെ പിന്നീട് പിതാവിനൊപ്പം വിട്ടയച്ചെന്നും പൊലീസ് അറിയിച്ചു.

47 കിലോമീറ്റർ

പെൺകുട്ടിയുമായി ഏകദേശം 47 കിലോ മീറ്ററാണ് ബസ് സഞ്ചരിച്ചത്. ഈ സമയമത്രയും പെൺകുട്ടി ബസിനുള്ളിൽ ക്രൂരമാനഭംഗത്തിനിരയായി. പാരി ചൗക്കിൽ നിന്ന് പുറപ്പെട്ട ബസ് നോയിഡ,ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേ, ചില്ല അതിർത്തി, മയൂർ വിഹാർ,ഗീതാ കോളനി,റിംഗ് റോഡ് തുടങ്ങിയിടങ്ങൾ പിന്നിട്ടാണ് രാത്രി വൈകി കാശ്മീരി ഗേറ്റിലെത്തിയത്. അതേസമയം,എതിർത്തപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ തന്നെ ഉപദ്രവിച്ചതെന്ന് പതിനാറുകാരി വെളിപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAPE, DELHI, RAPE CASE ACCUSED, ARRESTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360