
ചെന്നൈ: തമിഴ്നാട്ടിൽ വിജയ് നയിക്കുന്ന ടി.വി.കെയും പ്രധാന സഖ്യകക്ഷിയായ കോൺഗ്രസും തമ്മിൽ ഭിന്നത നീക്കി പുറത്തുവരുന്നു. തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് അടുത്ത പ്രധാനമന്ത്രിയാകുമെന്ന ടി.വി.കെ മന്ത്രിമാരുടെ തുടർച്ചയായ പ്രസ്താവനകളാണ് കോൺഗ്രസിനെ അലോസരപ്പെടുത്തിയത്. 2029ലെ തിരഞ്ഞെടുപ്പോടെ രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്ന കോൺഗ്രസ് നേതാക്കൾ രാജ്യവ്യാപകമായി പ്രചാരണം നടത്തുമ്പോഴാണ് വിജയ് പ്രധാനമന്ത്രിയാകണമെന്ന ടി.വി.കെ നേതാക്കളുടെ 'തള്ളൽ'.
നിയമസഭയിൽ പൊതുമാരാമത്ത് വകുപ്പ് മന്ത്രി ആധവ് അർജ്ജുനയാണ് വിജയ് പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹം ആദ്യം പങ്കുവച്ചത്. തുടർന്ന് മറ്റ് നേതാക്കളും വിജയ്‌യെ പുകഴ്ത്താനായി ഇക്കാര്യം പറഞ്ഞു. ഇതിനു മറുപടിയെന്നോണം 2029 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ടി.വി.കെ പിന്തുണച്ചില്ലെങ്കിൽ സംസ്ഥാന മന്ത്രിസഭയിലെ കോൺഗ്രസ് മന്ത്രിമാർ രാജിവക്കുമെന്ന് തമിഴ്നാട് ടൂറിസം മന്ത്രി എസ്. രാജേഷ് കുമാർ പറഞ്ഞു. കന്യാകുമാരിയിലെ കോൺഗ്രസ് വേദിയിലായിരുന്നു രാജേഷ്‌കുമാർ ടി.വി.കെയ്ക്കെതിരെ തിരിഞ്ഞത്.
ഇന്നലെ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് പാർട്ടി നേതാവ് താരഹൈ കുത്ത്‌ബെർട്ടിനെ തമിഴ്നാട് നിയമസഭയിലെ പ്രതിപക്ഷ ബെഞ്ചിന്റെ മുൻനിരയിലേക്ക് മാറ്റിയത് ഈ അഭിപ്രായ വ്യത്യാസത്തിന്റെ തുടർച്ചയാണിത്.
വിജയ് മൂന്നാമത്
2029ലെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും അഭികാമ്യരായ സ്ഥാനാർത്ഥികളിൽ വിജയ്‌യും ഉൾപ്പെടുന്നുവെന്നഒരു സ്വകാര്യ മാദ്ധ്യമ സർവേ ഫലം വന്നതും ഇക്കാര്യത്തിൽ കൂടുൽ രാഷ്ട്രീയ ചർച്ചയ്ക്ക് കാരണമായി. പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് എം.പി രാഹുൽ ഗാന്ധിയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലും വിജയ് മൂന്നാമതുമാണ്.
കോൺഗ്രസ് ഡി.എം.കെ നയിക്കുന്ന മുന്നണിയുടെ ഭാഗമായിരുന്നപ്പോൾ ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ. സ്റ്റാലിൻ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽഗാന്ധിയുടെ പേരാണ് ഉയർത്തികാട്ടിയിരുന്നത്. ഇപ്പോഴത്തെ മന്ത്രിമാരുടെ അഭിപ്രായ പ്രകടനത്തിൽ വിജയ് അനുകൂലിച്ചോ പ്രതികൂലിച്ചോ സംസാരിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |