
ന്യൂഡൽഹി: ഹൽദ്വാനിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ റാലിക്കുശേഷം നടന്ന 'ശുദ്ധീകരണ ഹവൻ' സംഭവത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എഫ്.ഐ.ആർ ആവശ്യപ്പെട്ട രാഹുലിനെതിരെയാണ് കോട്വാലി പൊലീസ് ഞായറാഴ്ച എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. എസ്.സി വിഭാഗത്തിൽപ്പെട്ട അമിത് കുമാർ നൽകിയ പരാതിയിലാണിത്. അന്വേഷണം ആരംഭിച്ചു.
ശുദ്ധീകരണ ചടങ്ങിന്റെ വസ്തുത പരിശോധിക്കാതെ 'തൊട്ടുകൂടായ്മ'യായി ചിത്രീകരിച്ച് തന്റെ സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നാണ് പരാതിയിലെ ആരോപണം. രാഹുലിന്റെ പരാമർശങ്ങൾ വിവിധ വിഭാഗങ്ങൾക്കിടയിൽ വൈരാഗ്യം വളർത്താനും മതവികാരം വ്രണപ്പെടുത്താനും ഇടയാക്കിയെന്നും പരാതിയിൽ പറയുന്നു. എഫ്.ഐ.ആർ ആവശ്യപ്പെട്ട് 24 മണിക്കൂർ തികയും മുമ്പേ രാഹുലിനെതിരെ കേസെടുത്തതിൽ കോൺഗ്രസ് നേതൃത്വം ശക്തമായി അപലപിച്ചു. തനിക്കെതിരായ കേസുകൾ മെഡലുകളായി കാണുന്നുവെന്നാണ് രാഹുൽ നടപടിയോട് പ്രതികരിച്ചത്.
ആഗസ്റ്റ് എട്ടിന് ഹൽദ്വാനി രാമലീല മൈതാനത്ത് ഖാർഗെ പങ്കെടുത്ത കോൺഗ്രസ് റാലിക്ക് പിന്നാലെയാണ് വിവാദമായ 'ശുദ്ധീകരണ ഹവൻ' നടന്നത്. ശ്രീരാം സേന ധർമാർഥ സേവാ ന്യാസിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങെന്നാണ് റിപ്പോർട്ടുകൾ. ഖാർഗെ ദളിത് വിഭാഗത്തിൽപ്പെട്ടാളായതിനാലാണ് റാലി നടന്ന വേദി ശുദ്ധീകരിച്ചതെന്ന ആരോപണമാണ് കോൺഗ്രസ് ഉന്നയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |