SignIn
Kerala Kaumudi Online
Monday, 18 May 2026 2.02 AM IST

'അവിടെ എപ്പോഴും ഭയം മാത്രം, ഇവിടെ സമാധാനമുണ്ട്'; ദക്ഷിണേന്ത്യയിലെ വൻ നഗരത്തെ പ്രശംസിച്ച് യുവാവ്

hyderabad-street-

ഹൈദരാബാദ്: ഭാഗ്യ നഗരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയിലെ വൻനഗരമാണ് ഹൈദരാബാദ്. സുരക്ഷിതമായ അന്തരീക്ഷവും മികച്ച തൊഴിലവസരങ്ങളും കുറഞ്ഞ ജീവിതച്ചെലവും ഹൈദരാബാദിനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് പ്രിയപ്പെട്ട വാസസ്ഥലമാക്കി മാറ്റുന്നു. വികസനക്കുതിപ്പിലും തനിമ കൈവിടാത്ത ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക സാംസ്‌കാരിക കേന്ദ്രങ്ങളിലൊന്നാണിത്.

ഇപ്പോഴിതാ ഹൈദരാബാദ് നഗരം നൽകിയ സുരക്ഷിതത്വത്തെയും സമാധാനത്തെയും കുറിച്ച് ഡൽഹി സ്വദേശിയായ യുവാവ് പങ്കുവച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.ഡൽഹിയിൽ ജനിച്ചുവളർന്ന പർവ് ശർമ്മ യോധ എന്നയാളാണ് 30 വർഷത്തെ തന്റെ ഡൽഹി ജീവിതത്തിന് ശേഷം ഹൈദരാബാദിലേക്ക് മാറിയപ്പോൾ ഉണ്ടായ അനുഭവങ്ങൾ വിവരിക്കുന്നത്.

parv-sharma-yodha

'30 വർഷത്തോളം ഡൽഹിയിലായിരുന്നു എന്റെ ജീവിതം. പക്ഷേ ജോലിയുടെ ഭാഗമായി ഭാര്യയുമൊത്ത് ഹൈദരാബാദിലേക്ക് മാറിയതോടെ എന്റെ മാനസികനില തന്നെ മാറിപ്പോയി. സത്യം പറഞ്ഞാൽ ഈ നഗരം എനിക്ക് തന്ന സമാധാനം അത്ര വലുതാണ്. രണ്ട് നഗരങ്ങളിലെയും ഭക്ഷണത്തെക്കുറിച്ചോ ലൈഫ് സ്റ്റൈലിനെക്കുറിച്ചോ ഒന്നുമല്ല ഞാൻ പറയുന്നത്. നമ്മൾ ഏത് നഗരത്തിൽ ജീവിച്ചാലും ആഗ്രഹിക്കുന്ന രണ്ട് കാര്യങ്ങളുണ്ട്—ഒന്ന് സുരക്ഷിതത്വവും രണ്ട് സമാധാനവും. അത് എനിക്കിവിടെ കിട്ടുന്നുണ്ട്.

ഡൽഹിയിൽ ആയിരുന്നപ്പോൾ എപ്പോഴും ഒരു പേടിയായിരുന്നു. റോഡിലൂടെ ഫോൺ വിളിച്ച് നടക്കുമ്പോഴോ ആഭരണങ്ങൾ ഇടുമ്പോഴോ ഒക്കെ വല്ലാത്തൊരു ടെൻഷനാണ്. ആരെങ്കിലും വന്ന് തട്ടിപ്പറിക്കുമോ എന്ന് പേടിച്ച് ഇടയ്ക്കിടെ തിരിഞ്ഞു നോക്കി നടക്കേണ്ട അവസ്ഥയാണ്. ഇനി സ്ത്രീകളുടെ കാര്യം എടുത്താലോ? രാത്രി അവർ പുറത്തിറങ്ങിയാൽ വീട്ടിലിരിക്കുന്നവർക്ക് സമാധാനമുണ്ടാകില്ല. എവിടെയെത്തിയെന്ന് നോക്കാനും ഫോണിലൂടെ സംസാരിച്ചുകൊണ്ടിരിക്കാനുമൊക്കെ വല്ലാത്തൊരു സമ്മർദ്ദമാണ് അവിടെ.

പക്ഷേ ഹൈദരാബാദിൽ വന്നതോടെ ആ ടെൻഷനൊക്കെ മാറി. ഇപ്പോൾ രാത്രി വൈകി പുറത്തിറങ്ങി നടക്കുമ്പോഴും ഞങ്ങൾക്ക് നല്ല ധൈര്യമാണ്. ഭാര്യ ഒറ്റയ്ക്ക് പുറത്തുപോകുമ്പോൾ പഴയതുപോലെ പേടി തോന്നാറേയില്ല. ഇവിടെ അത്രയും സേഫ് ആണെന്ന് എനിക്ക് ഉറപ്പാണ്.

മാത്രമല്ല ഇവിടുത്തെ പൊലീസുകാരെയും എടുത്തു പറയണം. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ആകെ ഒറ്റ തവണയേ പൊലീസ് എന്നെ റോഡിൽ തടഞ്ഞിട്ടുള്ളൂ. അന്ന് അവർ പെരുമാറിയ രീതി കണ്ടപ്പോൾ വല്ലാത്തൊരു ബഹുമാനം തോന്നി—വളരെ മാന്യമായിട്ടായിരുന്നു ഇടപെടൽ. സുരക്ഷയ്ക്ക് പുറമെ എനിക്ക് നല്ല സുഹൃത്തുക്കളെ സമ്മാനിച്ചതും എന്റെ കരിയർ മെച്ചപ്പെട്ടതുമെല്ലാം ഇവിടെ നിന്നാണ്. ഹൈദരാബാദിൽ വന്നതിന് ശേഷം വല്ലാത്തൊരു സമാധാനം തോന്നുന്നുണ്ട്.'— പർവ് ശ‌ർമ കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HYDRABAD, LATESTNEWS, OFFBEAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360