SignIn
Kerala Kaumudi Online
Saturday, 30 May 2026 11.47 PM IST

എന്തിനാണ് വിമാനത്തിൽ എയർപ്ലെയിൻ മോഡ് നിർബന്ധമാക്കുന്നത്? ഒളിഞ്ഞിരിക്കുന്ന അപക‌ടം ഇവയാണ്

arindia

ന്യൂഡൽഹി: വിമാനം പുറപ്പെടുന്നതിന് മുൻപ് എയർഹോസ്റ്റസുമാർ യാത്രക്കാർക്ക് നൽകുന്ന പ്രധാനപ്പെട്ട നിർദ്ദേശങ്ങളിലൊന്നാണ് മൊബൈൽ ഫോണുകൾ എയർപ്ലെയിൻ മോഡിലാക്കുക എന്നത്. ഫോൺ ഓഫാക്കിയില്ലെങ്കിൽ വിമാനത്തിന്റെ എൻജിൻ നിലയ്ക്കുമെന്നോ ചിറകുകൾ തകരുമെന്നോ പേടിയൊന്നും വേണ്ട. എന്നാൽ ഇതിന് പിന്നിൽ ഗൗരവകരമായ മറ്റ് ചില സങ്കേതിക കാരണങ്ങളുണ്ട്.


നമ്മുടെ സ്മാർട്ട്‌ഫോണുകൾ ഉയർന്ന ശേഷിയുള്ള റേഡിയോ ഉപകരണങ്ങളാണ്. വിമാനം ഉയരത്തിലേക്ക് പറക്കുംതോറും ഭൂമിയിലെ ടവറുകളിൽ നിന്ന് സിഗ്നൽ സ്വീകരിക്കാൻ ഫോൺ കഠിനമായി ശ്രമിച്ചുകൊണ്ടിരിക്കും. ഒരേസമയം നൂറിലധികം യാത്രക്കാർ ഫോൺ ഓൺ ചെയ്തിട്ടാൽ ഈ ഉപകരണങ്ങളിൽ നിന്നുള്ള തരംഗങ്ങൾ പൈലറ്റുമാരുടെ ഹെഡ്‌സെറ്റുകളിൽ അലോസരപ്പെടുത്തുന്ന ശബ്ദമുണ്ടാക്കാൻ കാരണമാകും. പഴയ സ്പീക്കറുകൾക്ക് അടുത്ത് ഫോൺ വയ്ക്കുമ്പോൾ കേൾക്കാറുള്ള 'ഡിറ്റ്-ഡിറ്റ്-ഡിറ്റ്' എന്ന വിചിത്ര ശബ്ദം ഇതിന് ഉദാഹരണമാണ്.

ഇത്തരം ശബ്ദങ്ങൾ എയർ ട്രാഫിക് കൺട്രോളിൽ നിന്നുള്ള നിർദ്ദേശങ്ങൾ കോക്‌പിറ്റിലിരിക്കുന്ന പൈലറ്റിന് കേൾക്കാൻ കഴിയാതെ വരികയും വിമാനം ലാൻഡ് ചെയ്യുന്നതോ ടേക്ക് ഓഫ് ചെയ്യുന്നതോ ആയ നിർണായക ഘട്ടങ്ങളിൽ പൈലറ്റിന്റെ ശ്രദ്ധ തിരിക്കാനും ഇത് കാരണമാകും. വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചു എന്ന തെറ്റായ തോന്നൽ പൈലറ്റിനുണ്ടാക്കുകയും ചെയ്യും.


വിമാനം 35,000 അടി ഉയരത്തിൽ 500 മൈൽ വേഗതയിൽ സഞ്ചരിക്കുമ്പോൾ, താഴെയുള്ള ഒന്നിലധികം ടവറുകളുമായി ഫോൺ ഒരേസമയം ബന്ധപ്പെടാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. മിനിട്ടുകൾക്കുള്ളിൽ തന്നെ ഫോൺ പല ഏരിയകളിലുമുള്ള ടവറുകളെ മാറിമാറി ബന്ധിപ്പിക്കും. ഒരു വിമാനത്തിലെ നൂറുകണക്കിന് യാത്രക്കാർ ഇത് ഒരുമിച്ച് തുടർന്നാൽ താഴെയുള്ള മൊബൈൽ നെറ്റ്‌വർക്ക് ശൃംഖല തന്നെ തകരാറിലാകാൻ സാദ്ധ്യതയുണ്ട്.

സമീപകാലത്ത് 5ജി നെറ്റ്‌വർക്കുകളുടെ വരവോടെ ഈ വിഷയം കൂടുതൽ ഗൗരവമായിട്ടുണ്ട്. വിമാനത്തിന്റെ ഉയരം കൃത്യമായി അളക്കുന്ന 'റഡാർ അൾട്ടിമീറ്റർ' എന്ന ഉപകരണം പ്രവർത്തിക്കുന്ന ഫ്രീക്വൻസിയും 5ജി സിഗ്നലുകളുടെ ഫ്രീക്വൻസിയും തമ്മിൽ വളരെ അടുത്താണ്. കനത്ത മഞ്ഞിലോ മൂടൽമഞ്ഞിലോ വിമാനത്തെ ഓട്ടോമാറ്റിക് ആയി ലാൻഡ് ചെയ്യാൻ സഹായിക്കുന്നത് ഈ അൾട്ടിമീറ്ററാണ്. ഫോണിലെ 5ജി സിഗ്നലുകൾ അൾട്ടിമീറ്ററിന്റെ പ്രവർത്തനത്തെ ബാധിച്ചാൽ ഉയരത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പൈലറ്റിന് ലഭിക്കാൻ സാദ്ധ്യതയുണ്ട്. റൺവേയിൽ നിന്ന് 100 അടി മാത്രം ഉയരത്തിൽ നിൽക്കുന്ന ഒരു പൈലറ്റിനെ സംബന്ധിച്ചിടത്തോളം ഇത്തരം തെറ്റായ റീഡിംഗുകൾ വലിയ ദുരന്തങ്ങൾക്ക് വഴിതെളിച്ചേക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AIRPLANE MODE, FLIGHT, LATSTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360