SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.06 PM IST

സലാം, ഈജിപ്ത്

fifa-worldcup

ലോകകപ്പ് ചരിത്രത്തിലെ ആദ്യ വിജയവുമായി ഈജിപ്ത്

3-1ന് ന്യൂസിലാൻഡിനെ കീഴടക്കിയത് പിന്നിൽനിന്ന ശേഷം

ഈജിപ്തിനായി ഗോളടിച്ച് സൂപ്പർ താരം മുഹമ്മദ് സലാ

വാൻകൂവർ : ആദ്യ മത്സരത്തിൽ ബെൽജിയത്തെ സമനിലയിൽ പിടിച്ചുകെട്ടിയ ഈജിപ്തിന്റെ മജീഷ്യന്മാർ രണ്ടാം മത്സരത്തിൽ തങ്ങളുടെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ആദ്യ വിജയവുമായി മിന്നിത്തിളങ്ങി. ഇന്നലെ വാൻകൂവറിൽ നടന്ന ത്സരത്തിൽ ഒന്നിനെതിരെ മൂന്നുഗോളുകൾക്കാണ് ഫറോവയുടെ നാട്ടുകാർ വെന്നിക്കൊടി പാറിച്ചത്. 15-ാ മിനിട്ടിൽ വഴങ്ങിയ ഗോളിന് 58-ാം മിനിട്ടുവരെ പിന്നിലായിരുന്ന ഈജിപ്തുകാർ 24 മിനിട്ടിന്റെ ഇടവേളയിലാണ് മൂന്നുഗോളുകളും കിവീസിന്റെ വലയിലാക്കിയത്. സൂപ്പർ താരം മുഹമ്മദ് സലായും മുസ്തഫ സീക്കോയും ട്രെസിഗ്വേയുമാണ് ഈജിപ്തിന്റെ സ്കോറർമാരായത്.

മത്സരത്തിന്റെ 15-ാം മിനിട്ടിൽ ഈജിപ്തിന്റെ വലകുലുക്കി ന്യൂസിലാൻഡ് ഞെട്ടിച്ചിരുന്നു. ടിം പെയ്ൻ എടുത്ത ഒരു കോർണറിന് തലവച്ച് ഫിൻ സുർമാനാണ് കിവികളെ മുന്നിലെത്തിച്ചത്. ആദ്യപകുതിയിൽ തിരിച്ചടിക്കാൻ സലായിലൂടെ ഉഗ്രനൊരവസരം ഈജിപ്തിന് ലഭിച്ചതാണ്. ഒരു ഫ്രീകിക്കിൽ നിന്ന് ഒമർ മർമോഷ് ഒരുക്കിയ അവസരം ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തേക്കടിച്ചുകളയുകയായിരുന്നു സലാ.

എന്നാൽ രണ്ടാം പകുതിയിൽ പൂർവാധികം ശക്തിയോടെ ഇറങ്ങിയ ഈജിപ്ത് 58-ാം മിനിട്ടിൽ ലക്ഷ്യം കണ്ടു. പോസ്റ്റിന് നേരേമുന്നിൽ നിന്ന് ഗോളിയുടെ കയ്യി ൽ തട്ടി വലയിൽ കയറിയ തകർപ്പനൊരു ഹെഡറിൽ നിന്നായിരുന്നു മുസ്തഫ സീക്കോയുടെ ഗോൾ. 68-ാം മിനിട്ടിൽ സലായ്ക്ക് ഗോളടിക്കാൻ പന്തെത്തിച്ചതും സീക്കോയാണ്. സീക്കോയ്ക്ക് പന്തുനൽകി ബോക്സിലേക്ക് കയറിയ ശേഷം തിരിച്ചുവാങ്ങി വലകുലുക്കുകയായിരുന്നു സല. പകരക്കാരനായിറങ്ങിയ ട്രെസിഗ്വേ 82-ാം മിനിട്ടിൽ മറ്റൊരുഹെഡറിൽ നിന്ന് മൂന്നാം ഗോളും നേടിയതിന് പിന്നാലെയാണ് കോച്ച് സലായെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തത്.

നാലുഗോളുകൾ കണ്ട മത്സരത്തിൽ മൂന്നെണ്ണവും പിറന്നത് ഹെഡറിലൂടെ

68-ാം മിനിട്ടിൽ സലാ നേടിയത് തന്റെ 68-ാമത് അന്താരാഷ്ട്ര ഗോൾ

ജി ഗ്രൂപ്പിൽ ഇനിയെന്ത്

നാലുടീമുകളും രണ്ട് മത്സരം പൂർത്തിയാക്കിയപ്പോൾ ഓരോ ജയവും സമനിലയുമായി നാലുപോയിന്റുള്ള ഈജിപ്ത് ഒന്നാമത്. രണ്ട് സമനിലകളിൽ നിന്ന് രണ്ട് പോയിന്റുള്ള ഇറാനും ബെൽജിയവും രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഒരു പോയിന്റുള്ള ന്യൂസിലാൻഡ് നാലാമത്.

ഇതുവരെ ആർക്കും നോക്കൗട്ട് ഉറപ്പായിട്ടില്ല. അടുത്ത മത്സരത്തിൽ ഇറാനെ സമനിലയിൽ പിടിച്ചാൽ പോലും ഈജിപ്തിന് രണ്ടാം റൗണ്ടിലെത്താം. ബെൽജിയത്തിന് ന്യൂസിലാൻഡിനെ തോൽപ്പിക്കണം. ന്യൂസിലാൻഡിന് ജയിച്ചാലേ എന്തെങ്കിലും പ്രതീക്ഷയുള്ളൂ. സമനിലയായാൽപ്പോലും ഇറാന് മൂന്നാം സ്ഥാനക്കാരായി മുന്നേറാമെന്ന് പ്രതീക്ഷയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, FIFA WORLD CUP 2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360