
ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള സിന്ധു നദീജല കരാർ തർക്കത്തിൽ ആണവായുധ ഭീഷണി മുഴക്കി പാകിസ്താൻ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി. പാകിസ്ഥാന്റെ ജലാവകാശങ്ങൾക്ക് എതിരായ ഏത് ശ്രമവും രാജ്യത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്നതാണെന്നും ഇത് കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ബിലാവൽ ഭൂട്ടോ പറഞ്ഞു.ജലതർക്കം കേവലം ഒരു പരിസ്ഥിതി പ്രശ്നമല്ലെന്നും രാജ്യത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന വിഷയമാണെന്നും ഭൂട്ടോ പറഞ്ഞു. ജലകരാർ ലംഘിക്കപ്പെടുന്നത് രാജ്യത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമായി കാണേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്ഥാന്റെ ആണവ നയം മുൻനിർത്തിയായിരുന്നു ഭൂട്ടോയുടെ പ്രതികരണം. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കാനോ ജലപാതകൾ തടസപ്പെടുത്താനോ ഉള്ള ശ്രമങ്ങൾ ഉണ്ടായാൽ, ആണവായുധം ആദ്യം പ്രയോഗിക്കാൻ പോലും പാകിസ്ഥാന്റെ പ്രതിരോധ നയം അനുവാദം നൽകുന്നുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നിലനിൽപ്പിന് ഭീഷണിയുണ്ടായാൽ ഏത് തലത്തിലും തിരിച്ചടിക്കാൻ രാജ്യം സന്നദ്ധമാണെന്നും ബിലാവൽ ഭൂട്ടോ വ്യക്തമാക്കി. ആദ്യം ആണവായുധം പ്രയോഗിക്കില്ല എന്ന ഇന്ത്യയുടെ നയം പാകിസ്ഥാന് ഇല്ല.
വെള്ളത്തെ ഇന്ത്യ ഒരു സമ്മർദ്ദ തന്ത്രമായി ഉപയോഗിക്കുകയാണെന്ന് ബിലാവൽ ഭൂട്ടോ ആരോപിച്ചു. ജലാവകാശങ്ങളിൽ പാകിസ്ഥാൻ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. സിന്ധു നദി പാകിസ്ഥാന്‍റെ ജീവനാഡിയാണെന്നും അതിനെ ആരുടെയും കൈയിലെ ആയുധമാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സമാധാനമാണ് പാകിസ്ഥാൻ ആഗ്രഹിക്കുന്നത്, എന്നാൽ അത് ആത്മാഭിമാനത്തോടെയുള്ള സമാധാനമായിരിക്കുമെന്നും ഭൂട്ടോ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |