SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.29 AM IST

കഥയും കവിതയുമില്ല, കണക്കും പദ്ധതികളും പിന്നെ ചിരിയും

balagopal

തിരുവനന്തപുരം:രണ്ടു മണിക്കൂർ 17 മിനിട്ട് നീണ്ട ബഡ്ജറ്റ് പ്രസംഗത്തിനിടയിൽ മന്ത്രി കെ.എൻ.ബാലഗോപാൽ വെള്ളം കുടിച്ചത് ആറ് തവണ. കവിതയും കഥയുമില്ല, കണക്കുകളും പദ്ധതികളും മാത്രം. ഇടയ്ക്കിടെ സ്വയം ചിരിച്ചു. പ്രതിപക്ഷ പ്രതികരണം കണക്കിലെടുത്തുമില്ല.

ഒന്നാം പിണറായി സർക്കാരിലെ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ബഡ്‌ജറ്റിന് മേമ്പൊടിയായി കവിതയും സാഹിത്യ ഉദ്ധരണികളും വരുമായിരുന്നു. രണ്ടാം പിണറായി സർക്കാരിന്റെ പുതുക്കിയ ബഡ്‌ജറ്റിലും പിന്നീട് സമ്പൂർണ്ണ ബഡ്‌ജറ്റിലും ബാലഗോപാൽ അതെല്ലാം ഒഴിവാക്കിയിരുന്നു. ഇന്നലെ വളരെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന ബ‌ഡ്ജറ്റിനെ കവിതകളും ഉദ്ധരണികളും ചേർത്ത് ലളിതമാക്കാനും ശ്രമിച്ചില്ല.

എല്ലാ ധനമന്ത്രിമാരും ബജറ്റിൽ പ്രമുഖരുടെ ഉദ്ധരണികൾ ഉൾപ്പെടുത്താറുണ്ട്. ബാലഗോപാൽ അതിനും തയ്യാറായില്ല. നികുതിഭാരത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചപ്പോഴും കുലുങ്ങാതെ അദ്ദേഹം ബ‌ഡ്ജറ്റ് പൂർത്തിയാക്കി.

തലശ്ശേരിയിലെ വികസന പദ്ധതികൾ പറഞ്ഞപ്പോൾ സ്പീക്കർ മന്ത്രിയെ നോക്കി ചിരിച്ചു. ആ ചിരി സമാജികരിലും പടർന്നു. സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി പരാമർശിച്ചപ്പോൾ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയെ നോക്കി ചിരിച്ചു. ശിവൻകുട്ടി കൈ ഉയർത്തി നന്ദി പ്രകടപ്പിച്ചു. ക്ഷേമപെൻഷനുകളെ കുറിച്ച് പറഞ്ഞപ്പോൾ 'കൂട്ടുന്നില്ലേ?' എന്ന് പ്രതിപക്ഷ അംഗങ്ങൾ ചോദിച്ചു. വന്യജീവികൾ ജനവാസമേഖലയിലേക്ക് കടക്കുന്നത് ചെറുക്കുന്ന പദ്ധതിക്ക് രണ്ട് കോടി പ്രഖ്യാപിച്ചപ്പോൾ

'പോരാ, തീരെ കുറവാണ്' എന്ന് പ്രതിപക്ഷം ബഹളം വച്ചു. മറ്റൊരു പദ്ധതി വനംവകുപ്പിന് അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

നികുതി, സെസ് വർദ്ധനയിൽ പ്രതിപക്ഷ ബഹളം ഉണ്ടായപ്പോൾ ധനമന്ത്രി ബ്രിട്ടൻ, ശ്രീലങ്ക, പാകിസ്ഥാൻ രാജ്യങ്ങളുടെ സാമ്പത്തികസ്ഥിതി ഉദാഹരിച്ചു. ബ്രിട്ടനിലെ രാഷ്ട്രീയ അസ്ഥിരതയുടെ കാരണം സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയുമാണ്. വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ഡീസൽ വാങ്ങാൻ പോലും കഴിയാത്ത പ്രതിസന്ധിയാണ് പാകിസ്ഥാനിൽ... സംസ്ഥാനത്തിന്റെ റവന്യൂവരുമാനം കുറയുന്നതിന്റെ കാരണം കേന്ദ്ര സർക്കാരിന്റെ തീരുമാനങ്ങളാണെന്ന് ബാലഗോപാൽ കുറ്റപ്പെടുത്തി.

രാവിലെ 8.50ന് എത്തിയ ധനമന്ത്രി ആദ്യം മുഖ്യമന്ത്രിയുടെ സീറ്റിനടുത്താണ് എത്തിയത്. മറ്റ് മന്ത്രിമാരുടെ സമീപവും പിന്നീട് പ്രതിപക്ഷ നിരയുടെ മുന്നിലും അനുവാദം തേടിയാണ് ബഡ്ജറ്റ് അവതരണത്തിലേക്ക് കടന്നത്.

ഇന്നലെ സഭയിൽ ആദ്യം എത്തിയത് മുൻമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയായിരുന്നു. 8.35ന് അദ്ദേഹം എത്തുമ്പോൾ ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നുള്ളൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BALAGOPAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA