SignIn
Kerala Kaumudi Online
Monday, 05 October 2026 1.49 PM IST

ജോസഫിൽ നമ്മൾ കണ്ട ആ സീൻ യഥാർത്ഥ സംഭവമാണ്, പഴയിടം കൊലപാതകത്തെ കുറിച്ച് അറിയാം

joseph-pazhayidam-murder

കോട്ടയം: പഴയിടത്ത് വൃദ്ധ ദമ്പതികളായ റിട്ടയർ പൊതുമരാമത്ത് സൂപ്രണ്ട് തീമ്പനാൽ (ചൂരപ്പാടിയിൽ) എൻ ഭാസ്‌കരൻ നായർ (75), ഭാര്യ റിട്ടയർ കെ എസ് ഇ ബി ഉദ്യോഗസ്ഥ തങ്കമ്മ (69) എന്നിവരെ ചുറ്റികയ്ക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ബന്ധു ചൂരപ്പാടിയിൽ അരുൺ ശശി (31) കുറ്റക്കാരനെന്ന് കോട്ടയം അഡീഷണൽ സെഷൻസ് ജഡ്ജി ജെ നാസർ കണ്ടെത്തി. ശിക്ഷ നാളെ വിധിക്കും. അരുണിനെതിരെ ചുമത്തിയിരുന്ന കൊലപാതകം (302), ഭവന ഭേദനം (449), കവർച്ച (397) എന്നീ കുറ്റങ്ങൾ പ്രോസിക്യൂഷന് തെളിയിക്കാനായി.

2013 ആഗസ്റ്റ് 28 നായിരുന്നു ഇരുവരേയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തങ്കമ്മയുടെ സഹോദര പുത്രനായ അരുൺ സംഭവ ദിവസം രാത്രി വീട്ടിലെത്തുകയും വസ്ത്രം എടുക്കാൻ തങ്കമ്മ മുകൾ നിലയിലേയ്ക്ക് പോയപ്പോൾ ടി.വി കാണുകയായിരുന്ന ഭാസ്‌കരൻ നായരെ ചുറ്റിയ്ക്കടിച്ചു വീഴ്ത്തി. ശബ്ദം കേട്ട് ഇറങ്ങി വന്ന തങ്കമ്മയെയും കൊലപ്പെടുത്തി. സംഭവത്തിനു പിന്നിൽ ഒന്നിലേറെ പേരുണ്ടെന്ന് തെറ്റിദ്ധിരിപ്പിക്കാൻ വാക്കത്തിയും കോടാലിയും സംഭവ സ്ഥലത്ത് ഉപേക്ഷിച്ച പ്രതി, കൊലയ്ക്ക് ഉപയോഗിച്ച ചുറ്റികയും ഒളിപ്പിച്ചു. അന്വേഷണം നടക്കുന്നതിനിടെ കഞ്ഞിക്കുഴിയിൽ പട്ടാപ്പകൽ നടന്ന് പോകുകയായിരുന്ന വീട്ടമ്മയുടെ മാല മോഷ്ടിക്കുന്നതിനിടെ അരുൺ കോട്ടയം ഈസ്റ്റ് പൊലീസിന്റെ പിടിയിലായപ്പോഴാണ് ക്രൂരതയുടെ ചുരുൾ അഴിഞ്ഞത്. മാതാപിതാക്കൾ മരിച്ച അരുണിന് തങ്കമ്മയുടെ വീടുമായി ഏറെ അടുപ്പമുണ്ടായിരുന്നു. പുതിയ കാർ വാങ്ങാൻ പണം ചോദിച്ചിരുന്നെങ്കിലും കിട്ടാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. 38 സാക്ഷികളെ വിസ്തരിച്ചു. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസിൽ 52 പ്രമാണങ്ങളും 30 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. വിധി കേൾക്കാനായി മക്കളായ ബിനുവും ബിന്ദുവും മരുമകൻ രാജുവും മറ്റു ബന്ധുക്കളും കോടതിയിൽ എത്തിയിരുന്നു.

പാലൂട്ടി വളർത്തിയ കൈയ്ക്ക് കൊത്തി

രണ്ട് പെൺമക്കളേയും വിവാഹം കഴിച്ച് അയച്ചിരുന്നതിനാൽ ഭാസ്കരൻ നായർക്കും തങ്കമ്മയ്ക്കും അരുൺ മകനെപ്പോലെയായിരുന്നു. അനാഥനായ അരുണിനെ സാമ്പത്തികമായി സഹായിച്ചിരുന്ന ഇരുവരേയും കൊലപ്പെടുത്താൻ തീരുമാനിച്ചത് ആഡംബരത്തിനുള്ള പണം കണ്ടെത്താനായിരുന്നു. അരുണാണ് കൃത്യത്തിന് പിന്നിലെന്ന് ആദ്യം ആരും വിശ്വസിച്ചില്ല. പക്ഷെ പാലുകൊടുത്ത കൈയ്ക്ക് തന്നെ കൊത്തുന്ന വിഷപ്പാമ്പായിരുന്നു അരുണെന്ന് പിന്നീട് വ്യക്തമായി. ആഡംബര ജീവിതം നയിച്ചിരുന്ന അരുൺ ഉപയോഗിച്ചിരുന്ന പഴയ കാർ അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് പുതിയത് വാങ്ങാൻ തീരുമാനിച്ചു. ഭാസ്‌കരൻ നായരോട് പണം ചോദിച്ചെങ്കിലും നൽകിയില്ല. ഇരുവരേയും കൊന്ന് സ്വർണവും പണവുമെടുക്കാമെന്ന ചിന്തയിലായിരുന്നു ക്രൂരത. വീട്ടിലേയ്ക്കുള്ള ടെലിഫോൺ ബന്ധം വിച്ഛേദിച്ചു. മുളകുപൊടി വിതറി, വസ്ത്രങ്ങൾ ആറ്റിലൊഴുക്കി തെളിവും നശിപ്പിച്ചു. കൊലപാതകത്തിന് ശേഷം സ്വർണം വിറ്റ് രണ്ടുലക്ഷം രൂപ കൈക്കലാക്കി.

ജാമ്യത്തിലിറങ്ങി, മോഷണം പതിവാക്കി
കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കാൻ പൊലീസിന് കഴിയാതെ വന്നതോടെ ആനുകൂല്യം മുതലെടുത്ത് അരുൺ ജാമ്യത്തിലിറങ്ങി. തൃശൂർ, ചെന്നൈ, ഹൈദരാബാദ്, ഭുവനേശ്വർ, കൊൽക്കത്ത എന്നിവിടങ്ങളിലായിരുന്നു താമസം. 2014 ൽ മുങ്ങിയ അരുണിനെ മൂന്ന് വർഷത്തോളമെടുത്തു വീണ്ടും അറസ്റ്റ് ചെയ്യാൻ. ഋഷിവാലി എന്ന പേരിൽ ചെന്നൈയിലെ ലോഡ്ജിലായിരുന്നു താമസം. വ്യാജ തിരിച്ചറിയൽ കാർഡുമുണ്ടാക്കി. ഭുവനേശ്വറിൽ ജോലി ചെയ്ത ഷോപ്പിംഗ് മാളിൽ മോഷണം നടത്തിയ ശേഷമാണ് ഇയാൾ ചെന്നൈയിലേയ്ക്ക് മുങ്ങിയത്. അവിടെയും മോഷണം തുടർക്കഥയാക്കി.

അരുണിന്റെ മോഷണങ്ങൾ.

 കഞ്ഞിക്കുഴിയിൽ വഴിയാത്രക്കാരിയുടെ മാല പിടിച്ചുപറിച്ചു

 അയൽവാസിയായ ശശിയുടെ വീട്ടിൽ നിന്ന് 20000 രൂപ അപഹരിച്ചു

 ചെറുവള്ളിയിൽ പ്രായമായ സ്ത്രീയുടെ മാല പൊട്ടിച്ചെടുത്തു

 കാഞ്ഞിരപ്പള്ളിയിൽ സിറ്റൗട്ടിലിരുന്ന സ്ത്രീയുടെ മാല പറിച്ചെടുത്തു

ചെറുവള്ളി പള്ളിക്ക് സമീപം വീടിന്റെ ഭിത്തി തുരന്ന് നാല് ജോഡി കമ്മൽ മോഷ്ടിച്ചു

 അയൽവാസിയായ ബന്ധുവിന്റെ വീട്ടിൽ നിന്ന് 69000 രൂപ തട്ടിയെടുത്തു

സിനിമയിലും പഴയിടം കൊലപാതകം.
പഴയിടം കൊലപാതകം ജോജു ജോർജ് നായകനായ ജോസഫിലും പ്രമേയമായി. പൊലീസ് സേനയിൽ അംഗമായിരുന്ന ഷാഹി കബീർ തിരക്കഥാകൃത്തായ ജോസഫ് സിനിമയുടെ തുടക്കം പഴയിടം കൊലപാതകത്തിൽ നിന്ന് പ്രേരണ ഉൾക്കൊണ്ട് രൂപപ്പെടുത്തിയതാണ്. നായകൻ ജോജു ജോർജിന്റെ ബ്രില്യൻസ് വെളിപ്പെടുത്തുന്നത് ഇതിന് സാമ്യമായ കൊലപാതകം തെളിയിച്ചുകൊണ്ടാണ്.

തീമ്പനാൽ വീട് ഇന്ന് ഭാർഗവീ നിലയം

2013 ആഗസ്റ്റ് 29 ന് പഴയിടംഗ്രാമം ഉണരുന്നത് ഗ്രാമത്തെയാകെ ഞെട്ടിച്ച ഇരട്ട കൊലപാതക വാർത്ത കേട്ടാണ്. തീമ്പനാൽ വീട്ടിൽ ഭാസ്‌കരൻ നായർ (71), ഭാര്യ തങ്കമ്മ (68) എന്നിവരുടെ ജീവനറ്റ ശരീരങ്ങൾ വീടിനുള്ളിൽ. പൊലീസെത്തി അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന് സഹായിയായി നിന്നത് പിന്നീട് പ്രതിയെന്ന് കണ്ടെത്തിയ ബന്ധു അരുൺ ശശി. ആദ്യമൊക്കെ അന്വേഷണത്തിൽ ഒരു പുരോഗതിയും കാണാതെ പൊലീസ് ഇരുട്ടിൽ തപ്പുമ്പോൾ ആക്ഷൻകൗൺസിൽ രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കണമെന്ന ആവശ്യവുമായി മുന്നിൽ നിന്നതും അരുൺ ശശി.

പിന്നീട് ഒരുമാസത്തിന് ശേഷം കോട്ടയത്ത് വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ച കേസിൽ പിടിയിലാകുന്നതുവരെ ഇയാളിലേക്ക് പൊലീസിന്റെയോ നാട്ടുകാരുടെയോ സംശയമുന നീണ്ടില്ല. അതുവരെ നാടിനൊപ്പം നിന്ന അരുൺ ശശിയുടെ ക്രിമിനൽ പശ്ചാത്തലം അതോടെയാണ് വെളിവാകുന്നത്.തങ്കമ്മയുടെ സഹോദരപുത്രനാണ് അരുൺ ശശി. ആക്ഷൻ കൗൺസിലൂടെയും മറ്റ് വഴികളിലും ഇയാൾ സംശയങ്ങളെല്ലാം ദമ്പതികളുടെ പെൺമക്കളുടെ ഭർത്താക്കന്മാരിലേക്ക് തിരിച്ചുവിട്ടു.

പൊലീസ് അന്വേഷണവും നടന്നത് ആ വഴിയ്ക്കാണ്. അവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചൊക്കെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതിലും അരുൺ ശശി വിജയിച്ചു. കൊലപാതകത്തിന് ശേഷം മുറികളിലാകെ മുളകുപൊടിയും മഞ്ഞൾപ്പൊടിയും വിതറി തെളിവുകൾ നശിപ്പിക്കുന്നതിലും ഇയാൾ വിജയിച്ചു. പൊലീസ് നായ വീടിനുള്ളിൽ നിന്ന് മണം പിടിച്ച് പരിസരത്തൊക്കെ കറങ്ങിയെങ്കിലും പ്രതിയെ പിടികൂടാനുള്ള സൂചനകളൊന്നും ലഭിച്ചിരുന്നില്ല. മരണാനന്തരച്ചടങ്ങുകൾക്കുശേഷം പെൺമക്കൾ അവരുടെ നാടുകളിലേക്ക് മടങ്ങിയതോടെ തീമ്പനാൽ വീട്ടിൽ താമസക്കാരില്ലാതായി. 2013 മുതൽ പരിചരണമില്ലാതെ കിടക്കുന്ന ഈ വീട് ഇന്ന് പ്രദേശവാസികൾക്കെല്ലാം വേദനയും ഭീതിയും നൽകുന്ന കാഴ്ചയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, PAZHAYIDAM MURDER, JOSEPH MOVIE, ARUN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY