SignIn
Kerala Kaumudi Online
Monday, 01 June 2026 9.56 AM IST

'കളിക്കല്ലേ കേട്ടോ... അക്കളി നല്ലതിനല്ല... അങ്ങ് പൊരേൽ ഏത്തൂല ഇമ്മാതിരി കളി കളിച്ചാല്'; പാർട്ടി പ്രവർത്തകനെ തൊട്ടാൽ പൊലീസിനെ കൈകാര്യം ചെയ്യുമെന്ന് പരസ്യമായി പറഞ്ഞ് സിപിഎം നേതാവ്

cpm-leader

കോഴിക്കോട്: പൊലീസിനെതിരെ പരസ്യമായി ഭീഷണി മുഴക്കി സിപിഎം നേതാവ്. പുതുവത്സര പരിപാടിയുമായി ബന്ധപ്പെട്ട് രണ്ട് പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെയാണ് വടകര അഴിയൂരിൽ പൊലീസിനെതിരെ സി.പി.എം നേതാവ് പരസ്യമായി ഭീഷണി മുഴക്കിയത്.

പുതുവത്സര പരിപാടിയുമായി ബന്ധപ്പെട്ട് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത വിഷയത്തിൽ ചോമ്പാല പൊലീസ് സ്റ്റേഷനിലെ സിപിഒ വിശ്വനാഥനെതിരെ സിപിഎം ഏരിയ കമ്മിറ്റി അംഗം ഇ.എം ദയാനന്ദനാണ് ഭീഷണി മുഴക്കിയത്.

പാർട്ടി പ്രവർത്തകരെ കസ്റ്ററിയിൽ എടുത്തതുമായി ബന്ധപ്പെട്ട് ദയാനന്ദൻ പൊലീസ് സ്റ്റേഷനിൽ എത്തുകയും പൊലീസുകാരുമായി തർക്കത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിനിടെയാണ് ദയാനന്ദന്റെ ഭീഷണി ഉണ്ടായത്. പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

'ഒറ്റയ്ക്ക് പ്രവർത്തകർക്ക് നേരെ കൈ ചൂണ്ടിയാൽ ആ കൈ ചുരുട്ടി കൂട്ടും. വെറുതെയല്ല, മെയ്യഭ്യാസം പഠിച്ച ആളാണ്...കളിക്കല്ലേ കേട്ടോ... അക്കളി നല്ലതിനല്ല... അങ്ങ് പൊരേൽ ഏത്തൂല ഇമ്മാതിരി കളി കളിച്ചാല്'- ഇത്തരത്തിലായിരുന്നു പാർട്ടി നേതാവിന്റെ ഭീഷണി.

പാർട്ടിയുടെ നേത്യത്വത്തിൽ നടന്ന പുതുവത്സരാഘോഷത്തിൽ നിരവധി പേർ പങ്കെടുത്തിരുന്നു. എന്നാൽ സംഘം ചേർന്ന് പരിപാടി സംഘടിപ്പിക്കുവാൻ പാടില്ലെന്നായിരുന്നു പൊലീസ് നിർദേശിച്ചു. ഇത് ചോദ്യം ചെയ്തത്തിന്റെ പേരിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പക്ഷെ, കസ്റ്റഡിയിലെടുത്തവരെ പാർട്ടി പ്രവർത്തകർ ബലപ്രയോഗിച്ച് മോചിപ്പിച്ചതായി പൊലീസ് ആരോപിക്കുന്നു. ഇതേതുടർന്ന് തൊട്ടടുത്ത ദിവസം ഹേമന്ത് എന്ന പാർട്ടി പ്രവർത്തകൻറെ വീട്ടിലെത്തി ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് ദയാനന്ദൻ പറയുന്നത്. പുതുവത്സരവുമായി ബന്ധപ്പെട്ട് പൊലീസുകാർ മാന്യമായിട്ടാണ് പെരുമാറിയതെങ്കിലും സിപിഒ വിശ്വനാഥൻ മോശമായിട്ടാണ് പെരുമാറിയതെന്ന് സിപിഎം ആരോപിക്കുന്നു. വിഷയം ചൂണ്ടിക്കാണിച്ച് പാർട്ടി വടകര റൂറൽ എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CPM LEADER, THREAT, KERALA, VADAKARA, KOZHIKODE, INDIA, VIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA