SignIn
Kerala Kaumudi Online
Sunday, 13 September 2026 9.40 PM IST

മാരക മയക്കുമരുന്നുമായി കൊച്ചിയിൽ രണ്ട് യുവാക്കൾ പിടിയിൽ

crime

കൊച്ചി: വില്പനക്കായി കൊണ്ടുവന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പിടിയിലായി. മലപ്പുറം പൊന്നാനി വെളിയങ്കോട് പുതുവളപ്പിൽ വീട്ടിൽ അജ്മൽ.പി.കെ (21), മലപ്പുറം പൊന്നാനി കറുത്ത കുഞ്ഞാലിന്റെ വീട്ടിൽ അനസ് (25) എന്നിവരാണ് ഇടപ്പള്ളി ഭാഗത്ത് നിന്ന് പിടിയിലായത്. ഇവരിൽ നിന്ന് സിന്തറ്റിക് ഡ്രഗ്‌സായ10 ഗ്രാം മെത്തലിൻ ഡയോക്‌സി മെത്താ ഫിറ്റമിൻ (എം.ഡി.എം.എ.)കണ്ടെടുത്തു. കൈവശം വയ്ക്കുന്നവർക്ക് 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
ഇരുവരും മാസങ്ങളായി ലോഡ്ജുകളിൽ താമസിച്ച് വില്പന നടത്തുന്നതായി കമ്മിഷണർക്ക് വിവരം ലഭിച്ച് ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു.


കൊച്ചി നഗരത്തിൽ ഏറ്റവും കൂടുതൽ ലഹരിമരുന്നുകൾ എത്തുന്നത് മലബാർ ഭാഗത്തുനിന്നാണ്. ബാംഗ്ലൂർ,ഗോവ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്ന് എം.ഡി.എം.എ, കഞ്ചാവ്, ഹാഷിഷ് ഓയിൽ മുതലായവ ഇടനിലക്കാർ വഴി വടക്കൻ ജില്ലകളിൽ എത്തിച്ചതിന് ശേഷമാണ് ഇവിടെയുള്ള യുവാക്കൾ കൊച്ചിയിൽ കൊണ്ടുവന്ന് ചില്ലറ വില്പന നടത്തുന്നത്.

'വല്ല്യോൻ" ഒളിവിൽ

'വല്ല്യോൻ"എന്ന പേരിലറിയപ്പെടുന്ന ചാവക്കാടുള്ള മയക്കുമരുന്ന് മാഫിയ സംഘത്തിന്റെ തലവനെ പൊന്നാനിയിൽ വച്ച് രണ്ടര ലിറ്റർ ഹാഷിഷ് ഓയിലുമായി പിടികൂടുന്നതിനിടയിൽ രക്ഷപെട്ട് ഒളിവിലാണ്. ഇയാളാണ് ഇവർക്ക് ലഹരി മരുന്നുകൾ വില്പനക്കായി കൊടുക്കുന്നത്.കൊച്ചിയിലെ ഷോപ്പുകളിലും മറ്റും ജോലിക്കാരായി നിന്നാണ് കൂടുതൽ പേരും കച്ചവടം ചെയ്യുന്നത്. ഈ അടുത്ത കാലത്ത് അറസ്റ്റു ചെയ്യപ്പെട്ടവരിൽ ഭൂരിഭാഗവും വടക്കൻ കേരളത്തിൽ നിന്നുള്ളവരാണെന്ന് പൊലീസ് പറയുന്നു.
കൊച്ചി സിറ്റി കമ്മിഷണർ, നാഗരാജുവിന്റെ നിർദ്ദേശപ്രകാരം വൈറ്റില ഹബ്ബ്, കെ.എസ്.ആർ. ടി. സി., നോർത്ത്, സൗത്ത് റയിൽവേ സ്റ്റേഷനുകൾ, ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി ,പള്ളുരുത്തി,​ കാക്കനാട് തുടങ്ങിയ പ്രദേശങ്ങളിൽ കൊച്ചി സിറ്റി ഡാൻസാഫും അതാത് പ്രദേശത്തെ പോലീസും ചേർന്ന് കർശനമായ രഹസ്യ പരിശോധനകൾ നടത്തിവരികയാണ്.
കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മിഷണർ ഐശ്വര്യ ഡോംഗ്രേയുടെ നിർദ്ദേശപ്രകാരം അസി. കമ്മിഷൺ കെ.എ.അബ്ദുൾ സലാം, പാലാരിവട്ടം ഇൻസ്പെക്ടർ ഇൻ ചാർജ് അനീഷ്, ഡാൻസാഫ് എസ്.ഐ ജോസഫ് സാജൻ, എളമക്കര എസ്.ഐ സി.കെ.രാജു, എ.എസ്.ഐ ഫൈസൽ,ഡാൻസാഫിലെ പൊലീസുകാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്. എളമക്കര പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

'യോദ്ധ"യെ അറിയിക്കാം


കൊച്ചി സിറ്റിയിൽ മയക്കുമരുന്ന്, കഞ്ചാവ് മുതലായ മാരക ലഹരി വസ്തുക്കൾ വില്പന നടത്തുന്നതായി വിവരം ലഭിച്ചാൽ കമ്മിഷണറെ നേരിട്ട് വീഡിയോ, ഓഡിയോ, ചിത്രങ്ങളായോ, അറിയിക്കുന്നതിന് യോദ്ധാ എന്ന രഹസ്യ വാട്ട്‌സ് ആപ്പിലേക്ക് 9995966666 എന്ന നമ്പറിൽ അയക്കുകയോ, ഡാൻസാഫിന്റെ 9497980430 എന്ന നമ്പറിൽ അയക്കുകയോ ചെയ്യുക. അറിയിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണെന്ന് കമ്മിഷണർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY