SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.20 PM IST

രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയെന്ന് തോന്നിയാൽ ആരെയും അറസ്‌റ്റ് ചെയ്യാം; ഡൽഹി പൊലീസ് കമ്മീഷണർക്ക് പ്രത്യേക അധികാരം നൽകി ലഫ്‌റ്റനന്റ് ഗവർണർ

Increase Font Size Decrease Font Size Print Page
delhi-police

ന്യൂഡൽഹി: രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് തോന്നിയാൽ ആരെയും അറസ്‌റ്റ് ചെയ്യാൻ ഡൽഹി പൊലീസ് കമ്മീഷണർക്ക് അധികാരം നൽകി. ലഫ്‌റ്റനന്റ് ഗവർണർ അനിൽ ബയ്‌ജാനാണ് ഒക്‌ടോബ‌ർ 18 വരെ പൊലീസ് കമ്മീഷണർ ബാലാജി ശ്രീവാസ്‌തവയ്‌ക്ക് അധികാരം നൽകിയത്. ഉത്തരവ് പ്രകാരം ജൂലായ് 19 മുതൽ ഒക്‌ടോബർ 18 വരെ കമ്മീഷണർക്ക് ഇതിന് അധികാരമുണ്ട്.

ദേശീയ സുരക്ഷാ നിയമപ്രകാരമുള‌ള അധികാരങ്ങളാണ് കമ്മീഷണർക്ക് നൽകിയിരിക്കുന്നത്. ദേശീയ സുരക്ഷാ കമ്മീഷന് കീഴിലെ കസ്‌റ്റ‌ഡി അതോറിറ്റിയായാണ് നിയമനം. സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് തലസ്ഥാനത്തെ സുരക്ഷ വർദ്ധിപ്പിക്കുന്നതും ജന്ത‌ർ മന്ദിറിലെ ക‌ർഷക പ്രക്ഷോഭം ആരംഭിച്ചതുമുൾപ്പടെ അസാധാരണ സാഹചര്യമാണ് രാജ്യതലസ്ഥാനത്ത് നിലനിൽക്കുന്നത്. എന്നാൽ ലഫ്‌റ്റനന്റ് ഗവർണറുടെ ഉത്തരവ് സാധാരണ നടപടി മാത്രമാണെന്നാണ് പൊലീസ് അറിയിച്ചത്.

ഓഗസ്‌റ്റ് 13ന് പാർലമെന്റിന്റെ മൺസൂൺ സെഷൻ അവസാനിക്കുന്നത് വരെ മൂന്ന് കാർഷിക ബില്ലിനെതിരെ സമരം ചെയ്യുന്ന കർഷകരുടെ 'കിസാൻ സൻസദ്' ജന്തർ മന്ദിറിൽ നടക്കും. ഈ സാഹചര്യത്തിൽ മുൻപ് റിപബ്ളിക് ദിനത്തിലുണ്ടായതുപോലെ അനിഷ്‌ട സംഭവങ്ങൾ അരങ്ങേറാതിരിക്കാനും അതിർത്തി കടന്നെത്തി പാക് ഭീകരർ ഓഗസ്‌റ്റ് അഞ്ചിന് ആക്രമണം അഴിച്ചുവിടാനിടയുണ്ട് എന്ന ഇന്റലിജൻസ് അറിയിപ്പിനെയും തുടർന്ന് കൂടിയാണ് നടപടി.

TAGS: NEWS 360, NATIONAL, NATIONAL NEWS, LT GOVERNOR, DELHI, SPECIAL, POLICE COMMISSIONER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY