SignIn
Kerala Kaumudi Online
Tuesday, 29 September 2026 3.23 AM IST

ബിർളയുടെ സ്ഥാനത്യാഗം: വീ ഓഹരിക്ക് വൻ വീഴ്‌ച

birla

 വൊഡാഫോൺ ഐഡിയ ഓഹരി വില ₹5.95ലേക്ക് കൂപ്പുകുത്തി

ന്യൂഡൽഹി: നോൺ - എക്‌സിക്യൂട്ടീവ് ഡയറക്‌ടർ, ചെയർമാൻ സ്ഥാനങ്ങളിൽ നിന്ന് കുമാർ മംഗളം ബിർള പടിയിറങ്ങിയ പശ്ചാത്തലത്തിൽ വൊഡാഫോൺ ഐഡിയ (വീ) ഓഹരികൾ നേരിടുന്ന വിലത്തകർച്ച തുടരുന്നു. കഴിഞ്ഞ ജനുവരിയിൽ ഓഹരിയൊന്നിന് 13.80 രൂപയുണ്ടായിരുന്ന വില ഇന്നലെയുള്ളത് 5.95 രൂപയിൽ. ഈമാസം ആദ്യം ഒമ്പത് രൂപയ്ക്കടുത്തായിരുന്ന വില ഇന്നലെ ഒരുവേള 4.55 രൂപവരെ ഇടിഞ്ഞിരുന്നു. രണ്ടുദിവസത്തിനിടെ മാത്രം ഓഹരികൾ നേരിട്ട ഇടിവ് 30 ശതമാനത്തോളം; നാല് ദിവസത്തിനിടെ 43 ശതമാനം.

വീയുടെ 35.5 കോടിയോളം ഓഹരികളാണ് ഇന്നലെ ഏറ്റെടുക്കാൻ ആരും വരാതെ 'പെൻഡിംഗിൽ" ആയിപ്പോയത്. കനത്ത സാമ്പത്തിക പ്രതിസന്ധിയിലായതാണ് വീയുടെ തകർച്ചയ്ക്ക് പ്രധാന കാരണം. 1.8 ലക്ഷം കോടിയോളം രൂപയുടെ കടബാദ്ധ്യത കമ്പനിക്കുണ്ട്. അഡ്ജസ്‌റ്റഡ് ഗ്രോസ് റെവന്യൂ (എ.ജി.ആർ) ഇനത്തിൽ സർക്കാരിന് 58,254 കോടി രൂപ വീട്ടാനുണ്ടായിരുന്ന വീ, ആകെ അടച്ചത് 7,854.37 കോടി രൂപയാണ്. 50,399.63 കോടി രൂപ ഈയിനത്തിൽ കുടിശികയാണ്.

ഇക്കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തിൽ 6,985.1 കോടി രൂപയുടെ നഷ്‌ടവും വീ രേഖപ്പെടുത്തിയിരുന്നു. വൊഡാഫോൺ ഐഡിയയിൽ ഇനി ചില്ലിക്കാശ് നിക്ഷേപിക്കില്ലെന്ന് വൊഡാഫോണിന്റെ മാതൃകമ്പനിയായ വൊഡാഫോൺ പി.എൽ.സി വ്യക്തമാക്കുകയും കൂടി ചെയ്‌ത പശ്ചാത്തലത്തിലാണ് കുമാർ ബിർള പടിയിറങ്ങിയത്. ഇതോടെയാണ്, വീ ഓഹരികളുടെ ശനിദശയും തുടങ്ങുകയായിരുന്നു. 17,093 കോടി രൂപയാണ് കമ്പനിയുടെ മൊത്തം ഓഹരി മൂല്യം. തന്റെ കൈവശമുള്ള ഓഹരികൾ സർക്കാരിനോ സ്വകാര്യ കമ്പനികൾക്കോ വിൽക്കാൻ തയ്യാണെന്ന് കുമാർ ബിർള വ്യക്തമാക്കിയിട്ടുണ്ട്.

സർക്കാർ കനിയണമെന്ന്

ഭാരതി എയർടെൽ

രാജ്യത്തെ ടെലികോം കമ്പനികൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ഇടപെടണമെന്ന് ഭാരതി എയർടെൽ സി.ഇ.ഒ ഗോപാൽ വിട്ടൾ ആവശ്യപ്പെട്ടു. ഇന്ത്യ പോലൊരു വലിയ രാജ്യത്ത് മൂന്ന് സ്വകാര്യ ടെലികോം കമ്പനികളെങ്കിലും അനിവാര്യമാണ്. 2022നകം എ.ജി.ആർ കുടിശിക വീട്ടാൻ കഴിയില്ലെന്ന് വീ വ്യക്തമാക്കിയിട്ടുണ്ട്. സമാന തിരിച്ചടിയാണ് എ.ജി.ആർ മറ്റ് കമ്പനികളിലും സൃഷ്‌ടിച്ചത്. ഇക്കാര്യത്തിൽ കമ്പനികൾക്ക് ആശ്വാസമേകാൻ സർക്കാരിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

നഷ്ടം കുറച്ച് ബി.എസ്.എൻ.എല്ലും

എം.ടി.എൻ.എല്ലും

പൊതുമേഖലാ ടെലികോം സ്ഥാപനങ്ങളായ ബി.എസ്.എൻ.എല്ലിന്റെ നഷ്‌ടം 2019-20ലെ 15,500 കോടി രൂപയിൽ നിന്ന് 2020-21ൽ 7,441 കോടി രൂപയിലേക്കും എം.ടി.എൻ.എല്ലിന്റേത് 3,811 കോടി രൂപയിൽ നിന്ന് 2,554 കോടി രൂപയിലേക്കും കുറഞ്ഞുവെന്ന് കേന്ദ്ര ടെലികോം സഹമന്ത്രി ദേവുസിംഗ് ചൗഹാൻ പാർലമെന്റിൽ പറഞ്ഞു.

ബി.എസ്.എൻ.എല്ലിന്റെ മൊത്തം ബാദ്ധ്യത 87,618 കോടി രൂപയിൽ നിന്ന് 81,156 കോടി രൂപയിലേക്കും എം.ടി.എൻ.എല്ലിന്റേത് 30,242 കോടി രൂപയിൽ നിന്ന് 29,391 രൂപയിലേക്കും കുറഞ്ഞു. ജീവനക്കാർക്ക് വി.ആർ.എസ് നൽകുന്നത് ഉൾപ്പെടെ ഇരു കമ്പനികൾക്കുമായി 69,000 കോടി രൂപയുടെ രക്ഷാപ്പാക്കേജ് 2019 ഒക്‌ടോബർ 23ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.

'വീ"യുടെ വീഴ്‌ചയിൽ

ബാങ്കുകൾക്ക് ആശങ്ക

വൊഡാഫോൺ ഐഡിയ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഒട്ടേറെ ബാങ്കുകൾക്ക് വൻ തിരിച്ചടിയാകും. 28,700 കോടിയോളം രൂപയുടെ വായ്‌പാ ബാദ്ധ്യതയാണ് വിവിധ ബാങ്കുകളിലായി കമ്പനിക്കുള്ളത്. ഐ.ഡി.എഫ്.സി ഫസ്‌റ്റ് ബാങ്കിന്റെ മൊത്തം വായ്‌പയിൽ 2.9 ശതമാനം വീയ്ക്കാണ് നൽകിയിട്ടുള്ളത്. യെസ് ബാങ്കിന് ഇത് 2.4 ശതമാനവും ഇൻഡസ് ഇൻഡ് ബാങ്കിന് 1.65 ശതമാനവുമാണ്. എസ്.ബി.ഐയ്ക്ക് 11,000 കോടി രൂപയും യെസ് ബാങ്കിന് 4,000 കോടി രൂപയും ഇൻഡസ് ഇൻഡ് ബാങ്കിന് 3,500 കോടി രൂപയുമാണ് വീ വീട്ടാനുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, VODAFONE IDEA, VI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360