SignIn
Kerala Kaumudi Online
Friday, 11 September 2026 11.05 PM IST

സ്കൂൾ തുറക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകി വിദ്യാർത്ഥി, പഠനത്തിൽ ശ്രദ്ധിക്കൂ കുട്ടി: സുപ്രീംകോടതി

school-boy

ന്യൂഡൽഹി: സ്‌കൂളുകൾ തുറക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് വിദ്യാ‌ർത്ഥി നൽകിയ ഹർജി തള്ളിയ സുപ്രീംകോടതി, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കോടതി വ്യവഹാരങ്ങൾ പോലുള്ള കാര്യങ്ങളിൽ നിന്ന് കുട്ടികൾ വിട്ടു നിൽക്കാനും ഉപദേശിച്ചു.

ഡൽഹി സ്വദേശിയും പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയുമായ അമർ പ്രേം പ്രകാശാണ് ഹർജിക്കാരൻ.

'ഹർജി പബ്ലിസിറ്റിക്ക് വേണ്ടി നൽകിയതാണെന്ന് വിലയിരുത്തുന്നില്ല. എന്നാൽ, ആവശ്യപ്പെട്ടിരിക്കുന്ന കാര്യം ശരിയല്ലെന്നും" ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ബി.വി. നാഗരത്ന എന്നിവർ ഉൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.

'ഡൽഹിയിൽ നിലവിലെ സാഹചര്യം എന്തു തന്നെയായാലും കേരളത്തിലെയും മഹാരാഷ്ട്രയിലും സ്ഥിതി നോക്കൂ. പശ്ചിമബംഗാളിലും പഞ്ചാബിലും അതേ അവസ്ഥയാണോ ഉള്ളത്. വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. പല സംസ്ഥാനങ്ങളിലും വ്യത്യസ്ത നിയമങ്ങളാണ് നിലനിൽക്കുന്നത്. അതെല്ലാം ഏകീകൃത രീതിയിൽ കാണാനാവില്ല. എല്ലാ കുട്ടികളെയും സ്‌കൂളിലേക്ക് അയയ്ക്കണം എന്നാവശ്യപ്പെട്ട് ജുഡിഷ്യൽ ഉത്തരവ് നൽകാനൊന്നും സാധിക്കില്ല. അക്കാര്യം തീരുമാനിക്കാനുള്ള അധികാരം ജനാധിപത്യ രീതിയിൽ സംസ്ഥാന സർക്കാരുകൾക്ക് വിട്ടു കൊടുക്കുന്നു. ജനസാന്ദ്രതയുടെ കാര്യത്തിൽ ഒാരോ സംസ്ഥാനങ്ങളിലും വലിയ അന്തരങ്ങളുണ്ട്. സംസ്ഥാനങ്ങളുടെ ഭരണച്ചുമതല ഏറ്റെടുക്കാൻ കഴിയില്ല. ഉയർന്ന ക്ലാസുകളിൽ പഠനം തുടങ്ങിക്കഴിഞ്ഞു. എന്നാൽ, ചെറിയ കുട്ടികളെ സ്‌കൂളിലേക്ക് അയയ്ക്കുന്നത് കൂടുതൽ കുഴപ്പങ്ങളുണ്ടാക്കും. സ്‌കൂളിൽ പോകാൻ ആഗ്രഹിക്കുവെന്ന് ചൂണ്ടിക്കാട്ടി ഒരു കുട്ടി നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ കോടതിക്ക് സ്‌കൂളുകൾ തുറക്കണം എന്ന് നിർദ്ദേശിക്കാനാവില്ല. ഹർജി ഒരു തരത്തിലുള്ള ശാസ്ത്രീയ അടിസ്ഥാനവും ഉള്ളതല്ല.

പലരാജ്യങ്ങളിലും സമ്മർദ്ദങ്ങളെ തുടർന്ന് സ്‌കൂളുകൾ തുറന്നത് കണ്ടതാണ്. എന്നാൽ സ്ഥിതി വഷളായതോടെ അവിടെയെല്ലാം സ്‌കൂളുകൾ വീണ്ടും അടയ്ക്കേണ്ടി വന്നു. രണ്ടാം തരംഗത്തിന്റെ തീവ്രത രാജ്യം അനുഭവിച്ചതാണ്. അത്രയേറെ വരില്ലെങ്കിലും മൂന്നാം തരംഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളും നിലനിൽക്കുകയാണെന്നും 'കോടതി ചൂണ്ടിക്കാട്ടി.

കുട്ടികൾ ഇത്തരം ഹർജികൾ നൽകുന്നതിൽ നിന്നു വിട്ടു നിൽക്കണമെന്നും നിർദ്ദേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, BOY SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360