നെയ്‌റോബി: അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപം കണ്ടെന്ന വീട്ടമ്മയുടെ അവകാശവാദത്തിന് പിന്നാലെ ആ ഭാഗം പൊളിച്ചുമാറ്റി ഗൃഹനാഥൻ. കന്യാമറിയത്തിന്റെ രൂപം കാണാനായി ജനക്കൂട്ടം വീട്ടിലേക്ക് ഇരച്ചെത്തിയതോടെ ദേഷ്യം സഹിക്കവയ്യാതെയാണ് ഗൃഹനാഥൻ ചുവര് പൊളിച്ചുമാറ്റിയത്. കെനിയയിലെ കിസി കൗണ്ടിയിലുള്ള ഗെതാര ഗ്രാമത്തിലാണ് സംഭവം.
അടുക്കളച്ചുവരിലെ കരിപുരണ്ട ഭാഗത്ത് നീളമുള്ള മൂടുപടമിട്ട സ്‌ത്രീയുടെ രൂപം പ്രത്യക്ഷപ്പെട്ടെന്നും ഇത് കന്യാമറിയത്തിന്റേതാണെന്നുമാണ് വീട്ടമ്മ അവകാശപ്പെട്ടത്. തന്റെ മുന്നിൽ ദൈവം പ്രത്യക്ഷപ്പെട്ടെന്നുപറഞ്ഞ് വീട്ടമ്മ നാട്ടുകാരെ വിവരമറിയിച്ചു. സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കെനിയയുടെ വിവിധ ഭാഗങ്ങളിൽനിന്നും താൻസാനിയ അതിർത്തി ഗ്രാമങ്ങളിൽനിന്നുവരെ ആയിരക്കണക്കിന് ആളുകളാണ് ഇവിടേക്കെത്തിയത്.
ഈ സമയം ജോലിയുടെ ആവശ്യത്തിനായി പുറത്തുപോയിരിക്കുകയായിരുന്നു ഗൃഹനാഥനായ ചാൾസ് ഒൻസോംബി. തിരികെയെത്തിയപ്പോഴാകട്ടെ ഒരു വലിയ ജനക്കൂട്ടം വീട് കൈയേറിയിരിക്കുന്നതാണ് ഗൃഹനാഥൻ കാണുന്നത്. പാസ്റ്റർമാരും അനുയായികളുമെത്തി പ്രാർത്ഥന ആരംഭിക്കാനും തുടങ്ങിയിരുന്നു. ആളുകളുടെ എണ്ണം നിയന്ത്രണാധീതമായതോടെ പൊലീസിന്റെ സഹായം തേടേണ്ട അവസ്ഥയുമുണ്ടായി.
ഇതെല്ലാം കണ്ട് തന്റെ വീട് സന്തോഷത്തോടെ ജീവിക്കാനുള്ള സ്ഥലമാണെന്നും ചന്തയല്ലെന്നും പറഞ്ഞ ഗൃഹനാഥൻ കൈയിലുണ്ടായിരുന്ന മൺവെട്ടിയെടുത്ത് കന്യാമറിയത്തിന്റെ രൂപം കണ്ടെന്നുപറഞ്ഞ കളിമൺ ചുമര് അടിച്ചുതകർക്കുകയായിരുന്നു. ഇനി ആരും തന്റെ പുരയിടത്തിലേക്ക് കയറാൻ പാടില്ലെന്ന് ഇയാൾ മുന്നറിയിപ്പും നൽകി.
തന്റെ വീട്ടിലെ ചുവരിൽ പ്രത്യക്ഷപ്പെട്ടതെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങൾ എഐ ഉപയോഗിച്ച് നിർമ്മിച്ചവയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ചുവരിൽ കന്യാമറിയത്തെക്കണ്ടെന്നത് ഭാര്യയുടെ തോന്നലാണെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രത്തിന് യഥാർത്ഥ ചിത്രവുമായി ബന്ധമില്ലെന്നും ഇയാൾ വ്യക്തമാക്കി. ചുവര് തകർത്തതിന് ശേഷവും ഇവിടേക്കെത്തിയവരെ ഗൃഹനാഥൻ വാളെടുത്തി വീശിയാണ് ഓടിച്ചെന്നാണ് വിവരം.
A Kenyan woman claimed to see the Virgin Mary on her kitchen wall, drawing thousands of visitors. Her husband destroyed the wall, saying the viral images were AI-generated and the “apparition” was only a mistaken perception.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |