SignIn
Kerala Kaumudi Online
Saturday, 19 September 2026 6.44 PM IST

എതിർപ്പുമായി പ്രതിപക്ഷം: ഇന്ധന നികുതി കുറയ്ക്കില്ലെന്ന് സർക്കാരും സി.പി.എമ്മും

oil-and-ldf

തിരുവനന്തപുരം :പെട്രോളിന്റെയും, ഡീസലിന്റെയും അധിക നികുതിയിൽ കേന്ദ്ര സർക്കാർ നേരിയ കുറവ് വരുത്തിയതിന് പിന്നാലെ, കേരള സർക്കാരും മൂല്യവർദ്ധിത നികുതിയിൽ കുറവ് വരുത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫും, കോൺഗ്രസും, നിലപാട് കടുപ്പിച്ചു. സംസ്ഥാനവും നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയും രംഗത്തു വന്നു. അതേ സമയം, നികുതി കുറയ്ക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് സർക്കാരും,സി.പി.എമ്മും.

ഇതിന്റെ പേരിൽ, സംസ്ഥാന സർക്കാരിനെതിരെ പൊതുവികാരം കനപ്പിക്കാനുള്ള സമരപരിപാടികൾ കോൺഗ്രസ് ആസൂത്രണം ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി

മറികടന്ന് ജനങ്ങളിലേക്കിറങ്ങിച്ചെല്ലാൻ പറ്റിയ അവസരമായാണ് പാർട്ടി നേതൃത്വം ഇതിനെ കാണുന്നത്. എന്നാൽ, കേന്ദ്രത്തിന്റേത് ജനങ്ങളുടെ കണ്ണിൽ പൊടിയിടൽ മാത്രമാണെന്ന നിലപാടിലാണ് സി.പി.എമ്മും ഇടതുസർക്കാരും. മോദി സർക്കാർ 30 രൂപയോളം നികുതി കൂട്ടിയപ്പോൾ, സംസ്ഥാനത്ത് കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ഒരു തവണ പോലും നികുതി കൂട്ടിയിട്ടില്ല. ഒരു തവണ കുറയ്ക്കുകയും ചെയ്തു. ഇതിലെ നിജസ്ഥിതി ജനങ്ങളിലേക്കെത്തിക്കാനും, കേന്ദ്രത്തിന്റെ കള്ളക്കളി തുറന്നുകാട്ടാനും വിപുലമായ പ്രചരണ-പ്രക്ഷോഭ പരിപാടിയിലേക്ക് നീങ്ങാനാണ് കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചത്. പാചക വാതക, മണ്ണെണ്ണ വില വർദ്ധനയും എടുത്തുകാട്ടും. ഈ മാസം 9ന് ചേരുന്ന ഇടതുമുന്നണി യോഗം ഇക്കാര്യം ചർച്ച ചെയ്യും. ജോസ് കെ.മാണിയുടെ ഒഴിവിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് വിഷയം ചർച്ച ചെയ്യുകയാണ് അജൻഡയെങ്കിലും ഇന്ധന വിലക്കയറ്റ വിഷയവും ചർച്ച ചെയ്യും.

കേരളത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങുന്ന കോൺഗ്രസ് നേതൃത്വം, അവർ ഭരിക്കുന്ന രാജസ്ഥാനിലെ സർക്കാരിന്റെ നിലപാട് മറച്ചുവയ്ക്കുകയാണെന്ന് സി.പി.എം പറയുന്നു. നികുതി കുറയ്ക്കാനാവില്ലെന്നാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. കേന്ദ്രം അധിക നികുതിയിൽ വരുത്തിയ കുറവിലൂടെ ,സംസ്ഥാനത്തിന് ലഭിച്ചുകൊണ്ടിരുന്ന നികുതി വരുമാനത്തിൽ 509 കോടിയോളം കുറയുമെന്നാണ് ധനവകുപ്പിന്റെ കണക്ക്.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് മൂന്ന് തവണ അധിക നികുതി വേണ്ടെന്നു വച്ചതാണ് കോൺഗ്രസും യു.ഡി.എഫും ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ഉമ്മൻ ചാണ്ടി സർക്കാർ അഞ്ച് വർഷത്തിനിടയിൽ 13 തവണ നികുതി വർദ്ധിപ്പിച്ച ശേഷമാണ് മൂന്ന് തവണ കുറച്ചതെന്ന് സി.പി.എം ചൂണ്ടിക്കാട്ടുന്നു. പിണറായിസർക്കാർ കഴിഞ്ഞ ആറ് വർഷത്തിനിടെ , ഒരു തവണ പോലും നികുതി കൂട്ടിയിട്ടുമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OIL AND LDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA