SignIn
Kerala Kaumudi Online
Friday, 11 September 2026 2.53 AM IST

ഉപഗ്രഹ വിക്ഷേപണത്തിന് വഴികാട്ടിയ ഗീത വി.എസ്.എസ്.സിയിൽ നിന്നും നാളെ പടിയിറങ്ങും

getha

തിരുവനന്തപുരം: ഉപഗ്രഹങ്ങളുടെ വിക്ഷേപണപാത നിർണ്ണയിക്കുന്ന സ്‌പെയ്സ് ട്രാൻസ്‌പോർട്ടേഷൻ വിദഗ്ദ്ധയും ഇൗ രംഗത്ത് ഡയറക്ടർ പദവിയിലെത്തുന്ന ആദ്യമലയാളി വനിതയുമായ തിരുവനന്തപുരം സ്വദേശി ഡോ. എസ്. ഗീത നാളെ വിരമിക്കും. റോക്കറ്റ് വിക്ഷേപണ പദ്ധതിയിലെ ആദ്യ അസോസിയേറ്റ് ഡയറക്ടർ, വി.എസ്.എസ്.സി.യിലെ ചരിത്രത്തിലെ ആദ്യ വനിതാ സ്‌പെയ്സ് ട്രാൻസ്‌പോർട്ടേഷൻ സിസ്റ്റം ഡയറക്ടർ തുടങ്ങിയ പദവികൾ വഹിച്ച ഗീത 45 വിക്ഷേപണങ്ങളിൽ നേരിട്ട് പങ്കാളിത്തം വഹിച്ചാണ് പടിയിറങ്ങുന്നത്.പി.എസ്.എൽ.വി.യുടെ 31 വിക്ഷേപണത്തിലും ജി.എസ്.എൽ.വിയുടെ ഒമ്പത് വിക്ഷേപണദൗത്യങ്ങളിലും ഇവർ പങ്കാളിയായി.

ഇന്ത്യയുടെ അഭിമാനമായ പി.എസ്.എൽ.വി, ജി.എസ്.എൽ.വി റോക്കറ്റുകൾ ഉപഗ്രഹങ്ങളുമായി ലോഞ്ച് പാഡിൽ നിന്ന് കുതിച്ചുയരുന്നത് മുതൽ അവ ബഹിരാകാശത്തെ നിശ്ചിത ഭ്രമണപഥത്തിൽ വിക്ഷേപിക്കുന്നത് വരെയുള്ള റൂട്ട്മാപ്പ് തയ്യാറാക്കുന്ന വളരെ സങ്കീർണ്ണമായ ദൗത്യമാണ് സ്‌പെയ്സ് ട്രാൻസ്‌പോർട്ടേഷൻ സിസ്റ്റം.

തിരുവനന്തപുരം കൈതമുക്ക് സ്വദേശിയായ ഗീത തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽനിന്ന് കൺട്രോൾ സിസ്റ്റം എൻജിനിയറിംഗിൽ ഒന്നാം റാങ്കോടെ എം.ടെക് നേടിയശേഷമാണ് എൻജിനിയറായി വി.എസ്.എസ്.സിയിൽ ചേർന്നത്. പിന്നീട് കൺട്രോൾ ഗൈഡൻസ് ആൻഡ് സിമുലേഷൻ സംഘത്തിന്റെ അസോസിയേറ്റ് പ്രോഗ്രാം ഡയറക്ടർ, സപേസ് ട്രാൻസ്‌പോർട്ടേഷൻ സിസ്റ്റത്തിന്റെ പ്രോഗ്രാം ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ജി.എസ്.എൽ.വി മാർക്ക് ത്രീ, ആർ.എൽ.വി.ടി.ഡി, പി.എസ്.എൽ.വി എന്നിവയുടെ ഡിജിറ്റൽ ഓട്ടോപൈലറ്റ് സംവിധാനത്തിന്റെ രൂപകല്പനയിലും വികസനത്തിലും ഡോ. ഗീത പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

2018ൽ മികച്ച വനിതാ ശാസ്ത്രജ്ഞയ്‌ക്കുള്ള പുരസ്‌കാരം, 2018ൽ ഐ.എസ്.ആർ.ഒ മെരിറ്റ് അവാർഡ് എന്നിവ നേടിയിട്ടുണ്ട്.വി.എസ്.എസ്.സിയിലെ മുൻ ഗ്രൂപ്പ് ഡയറക്ടർ വിജയമോഹനകുമാറാണ് ഭർത്താവ്. ന്യൂയോർക്ക് ഫിലിം അക്കാഡമിയിൽ മാസ്റ്റർ ഒഫ് ഫൈൻ ആർട്സ് വിദ്യാർഥി വിനീത മകളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GEETHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA