SignIn
Kerala Kaumudi Online
Tuesday, 16 June 2026 9.31 PM IST

ഓണസദ്യ മാലിന്യത്തിൽ വലിച്ചെറിഞ്ഞവരെ തിരിച്ചെടുത്തു

 ധാരണയായത് സി.പി.എം - മേയർ ചർച്ചയിൽ

തിരുവനന്തപുരം: പ്രതിഷേധത്തിന്റെ ഭാഗമായി ഓണസദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ ശുചീകരണ തൊഴിലാളികൾക്കെതിരെയുള്ള നടപടി പിൻവലിച്ചു. അച്ചടക്ക നടപടിയിൽ വ്യാപക പ്രതിഷേധമുയർന്നതിന് പിന്നാലെ സി.പി.എം, സി.ഐ.ടി.യു നേതൃത്വവുമായി മേയർ നടത്തിയ ചർച്ചയെ തുടർന്നാണ് ഏഴ് സ്ഥിരജീവനക്കാരുടെ സസ്‌പെൻഷനും നാല് താത്കാലിക ജീവനക്കാരുടെ പിരിച്ചുവിടലും റദ്ദാക്കിയത്. പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുന്നതല്ല പാർട്ടി നിലപാടെന്ന് സംസ്ഥാന സെക്രട്ടറിയും വ്യക്തമാക്കിയിരുന്നു.

' സസ്‌പെൻഷൻ അന്വേഷണത്തിന്റെ ഭാഗമാണെന്നും നടപടിയല്ലെന്നും മാദ്ധ്യമങ്ങളോട് മേയർ പ്രതികരിച്ചതിന് പിന്നാലെയാണ് ഉത്തരവിറങ്ങിയത്. 'നടപടിയെടുക്കേണ്ടവരാണ് തൊഴിലാളികളെന്ന് കരുതുന്നില്ല. തുടർനടപടികൾ ഭരണസമിതി ആലോചിച്ച് തീരുമാനിക്കും. പാർട്ടിയെ അറിയിക്കേണ്ട കാര്യങ്ങൾ അറിയിക്കും. ജീവനക്കാരോട് വിശദീകരണം ചോദിച്ചിരുന്നു. അവ്യക്തതയുള്ളതുകൊണ്ടാണ് സസ്‌പെൻഷനും പിരിച്ചുവിടലുമുണ്ടായത്. ജീവനക്കാർ തെറ്റുചെയ്‌താൽ ജാതിയോ മതമോ നോക്കിയല്ല നടപടിയെടുക്കുന്നത്. പാർട്ടി നയം എന്താണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി സൂചിപ്പിച്ചിട്ടുണ്ട്. അത് പറയേണ്ടയാൾ താനല്ല. ഇടതുമുന്നണി ഉയർത്തിപ്പിടിക്കുന്ന നയം തന്നെയാണ് കോർപ്പറേഷനിലും നടപ്പാക്കുക. തങ്ങളൊക്കെ ആ ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചുവന്നവരാണ്. മറ്റുള്ള കാര്യങ്ങൾ ഭരണസമിതി ആലോചിച്ച് തീരുമാനിക്കുമെന്നും' മേയർ പറഞ്ഞു.

ശുചീകരണ തൊഴിലാളികൾക്കെതിരെയുള്ള നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് കത്ത് നൽകിയിരുന്നു. സെപ്‌തംബർ രണ്ടിന് ചാല സർക്കിളിലാണ് തൊഴിലാളികളുടെ പ്രതിഷേധത്തിനും പിന്നാലെ നടപടിക്കും ഇടയാക്കിയ സംഭവമുണ്ടായത്. തൊഴിലാളികൾ ജോലിയെല്ലാം തീർത്ത് ഓണമാഘോഷിക്കാനെത്തിയപ്പോൾ അനുവദിക്കാതെ ഓട കോരാൻ നിയോഗിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. ഭക്ഷണം വലിച്ചെറിഞ്ഞവർക്കെതിരെ നടപടിയെടുത്ത മേയറുടെ ഇടപെടൽ ആദ്യഘട്ടത്തിൽ കൈയടി നേടിയെങ്കിലും കൂടുതൽ വസ്‌തുതകൾ പുറത്തുവന്നതോടെ കടുത്ത വിമർശനം നേരിട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL