പാരീസ് : ചുവപ്പിൽ മുങ്ങി നിൽക്കുന്ന ഈ സെലിബ്രിറ്റി ആരാണെന്ന് മനസിലായോ ? അമേരിക്കൻ റാപ്പറും ഗായികയുമായ ഡോജാ ക്യാറ്റാണിത്. വ്യത്യസ്ത സ്റ്റൈലുകൾ പരീക്ഷിക്കാൻ ഒട്ടും മടിയില്ലാത്ത ഡോജയുടെ പുത്തൻ ലുക്ക് വൈറലായിരിക്കുകയാണ്. മാണിക്യക്കല്ലുകളാൽ തീർത്ത ശില്പത്തെ പോലെ തോന്നിക്കുന്ന ഈ ലുക്ക് കഴിഞ്ഞ ദിവസം പാരീസിലെ പെറ്റിറ്റ് പ്ലെയിസിൽ നടന്ന സ്കാപ്പറെല്ലി ഫാഷൻ ഷോയിലാണ് ഡോജ അവതരിപ്പിച്ചത്.
ഡോജ ധരിച്ചിരിക്കുന്ന ചുവപ്പു നിറത്തിലെ സിൽക്ക് ഫെയ്ൽ ബസ്റ്റിയർ ടോപ്പും ലാക്വർഡ് വുഡൻ ബീഡ്സ് പതിപ്പിച്ച സ്കർട്ടും ചുവന്ന ബൂട്ട്സും സിമ്പിൾ ലുക്കാണെങ്കിലും ശരീരത്തിലെ ചുവപ്പുനിറം അത്ര സിമ്പിളല്ല. തലയിലേതടക്കം ആകെ 30,000 റെഡ് സ്വരോവ്സ്കി ക്രിസ്റ്റലുകളാണ് ഡോജ അണിഞ്ഞിരിക്കുന്നത്.
പാറ്റ് മക്ഗ്രാത്ത് എന്ന മേക്കപ്പ് ആർട്ടിസ്റ്റിന്റെ നേതൃത്വത്തിൽ 5 മണിക്കൂർ കൊണ്ടാണ് ഡോജയെ ഈ രൂപത്തിലെത്തിച്ചത്. ശരീരത്തിൽ ചുവന്ന ബോഡി പെയിന്റ് അടിച്ചതിനു ശേഷം സ്വരോവ്സ്കി ക്രിസ്റ്റലുകൾ ഓരോന്ന് വീതം കൈകൊണ്ട് അതീവ ശ്രദ്ധയോടെയാണ് പതിച്ചത്.
ഫാഷൻ റാംപിനെ ഞെട്ടിച്ച ഡോജയുടെ ലുക്കിന് പിന്നിലെ പാറ്റ് മക്ഗ്രാത്തിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സ്കാപ്പറെല്ലിയിലെ ക്രിയേറ്റീവ് ഡയറക്ടറായ ഡാനിയൽ റോസ്ബെറിയാണ് ഡോജയുടെ വസ്ത്രം ഡിസൈൻ ചെയ്തത്. ബ്രെറ്റ് അലൻ നെൽസണാണ് ഡോജയുടെ ലുക്കിന് പിന്നിലെ സ്റ്റൈലിസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |