SignIn
Kerala Kaumudi Online
Sunday, 07 June 2026 6.01 AM IST

ജീവനെടുത്ത് ദേശീയപാത നിർമ്മാണം

കൊല്ലം: ഇന്നലെ ദാരുണമായി മരിച്ച സൽമാനുൽ ഫാരിസ് അടക്കം നിരവധി ജീവനുകളാണ് ദേശീയപാത നിർമ്മാണത്തിലെ അനാസ്ഥ കാരണം നഷ്ടമായത്. അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കണമെന്ന് ജില്ലാ ഭരണകൂടം അടക്കം പലതവണ കർശനമായി നിർദേശിച്ചിട്ടും കരാർ കമ്പനിയും എൻ.എച്ച്.എ.ഐയും യാതൊരു വിലയും കൽപ്പിച്ചിട്ടില്ല.

കല്ലുംതാഴം മുറിച്ചുകടക്കാനുള്ള ഇടറോഡുകളുടെ വീതിക്കുറവ് കാരണം ഗതാഗത പ്രതിസന്ധി രൂക്ഷമായിട്ടും കരാർ കമ്പനി അലസമായാണ് മുന്നോട്ടു നീങ്ങിയത്. ഇടറോഡുകളിലെ ഗതാഗത പ്രതിസന്ധി നിരവധി തവണ ജനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും കല്ലുംതാഴത്തെ പഴയ ആർ.ഒ.ബിയുടെ നവീകരണം പോലും വേഗത്തിലാക്കിയില്ല. കരാർ കമ്പനിയും എൻ.എച്ച്.എ.ഐയും ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിലും സൽമാനുലിന്റെ ജീവൻ നഷ്ടമാകുമായിരുന്നില്ല.

അപകടങ്ങൾ തുടർക്കഥ

ദേശീയപാത നിർമ്മാണത്തിലെ അനാസ്ഥ കാരണമുള്ള മരണങ്ങൾ തുടർക്കഥയാവുകയാണ്. കഴിഞ്ഞ നവംബറിൽ നിർമ്മാണ കമ്പനിയുടെ തൊഴിലാളി മണ്ണുറപ്പിക്കുന്നതിനിടയിൽ ഗ്രേഡർ കയറിയിറങ്ങി മരിച്ചിരുന്നു. നേരത്തെ ചാത്തന്നൂരിലും കൊട്ടിയത്തും കാവനാടും ബീമുകൾ തകർന്ന് വീണ് തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. കാവനാടിന് സമീപത്ത് വച്ച് ജെ.സി.ബിയുടെ ബക്കറ്റ് തട്ടി ഇതര സംസ്ഥാന തൊഴിലാളി മരിച്ചിരുന്നു.

യാത്രക്കാരുടെ ജീവന് പുല്ലുവില

നിർമ്മാണ കമ്പനി യാത്രക്കാരുടെ ജീവന് പുല്ലുവില പോലും കൽപ്പിക്കാതെയാണ് നിർമ്മാണം മുന്നോട്ടുകൊണ്ടുപോകുന്നത്. നിർമ്മാണത്തിന്റെ ഭാഗമായി റോഡ് വെട്ടിപ്പൊളിച്ച് ഇട്ടിരിക്കുന്ന ഭാഗത്ത് പോലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാറില്ല. സർവീസ് റോഡിലെ കുഴികൾ അടയ്ക്കാറില്ല. വെള്ളക്കെട്ട് ഒഴിവാക്കാനും നടപടിയില്ല. വാഹനങ്ങൾ കടന്നുപോകുമ്പോൾ തന്നെ അപകടരമായ നിലയിലാണ് പലയിടങ്ങളിലും ആർ.ഇ വാളുകളുടെയും ഉയരപ്പാതയുടെയും അവസാനഘട്ട പണികൾ നടത്തുന്നത്.

എൻ.എച്ച്.എ.ഐ സുരക്ഷാ നി‌ർദേശങ്ങൾ
 മണ്ണിടിച്ചിൽ ഒഴിവാക്കാനുള്ള പ്രവൃത്തികൾ പൂർത്തിയാക്കണം
 നിർമ്മാണ മേഖലയിൽ പട്രോളിംഗ് നടത്തണം
 സംഘത്തിൽ പ്രത്യേക പരിശീലനം ലഭിച്ചവരുണ്ടാകണം
 റോഡിന്റെ ഉപരിതലം സുരക്ഷിതമായിരിക്കണം
 നിർമ്മാണ സാമഗ്രികളും അവശിഷ്ടങ്ങളും റോഡിൽ ഇടരുത്
 വാഹനങ്ങൾ തെന്നുന്ന തരത്തിൽ ചെളിയുണ്ടാകരുത്
 അപകടങ്ങളിൽ അടിയന്തര ഇടപെടൽ നടത്തണം
 ആംബുലൻസ്, ട്രോമകെയർ സേവനങ്ങൾ ഉറപ്പാക്കണം
 അപകട സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ മുൻകരുതൽ
 സുരക്ഷാ ക്രമീകരണങ്ങളും മുന്നറിയിപ്പുകളും സ്ഥാപിക്കണം
 വെള്ളക്കെട്ട് നിരീക്ഷിക്കണം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY