SignIn
Kerala Kaumudi Online
Tuesday, 21 April 2026 5.17 PM IST

നാളെ ലോക ശബ്ദ ദിനം, ശബ്ദത്തിന്റെ അർത്ഥവും ആഴവും

Increase Font Size Decrease Font Size Print Page
s

വചനം, വസനം, വപുസ്സ് എന്നിവയാണ് ഒരു മനുഷ്യനെ ശ്രദ്ധേയനാക്കുന്നത് എന്നു പറയാറുണ്ട്. മുഴങ്ങുന്ന ശബ്‌ദത്തിൽ താളാത്മകമായി സംസാരിക്കുന്ന ഒരാൾ പെട്ടെന്ന് ശ്രദ്ധിക്കപ്പെടും. ശബ്‌ദത്തിന് പതർച്ചയുണ്ടെങ്കിലോ, ശബ്‌ദം തീരെ ദുർബലമാവുകയോ ആണെങ്കിൽ അങ്ങനെയൊരാൾ പറയുന്ന കാര്യങ്ങൾ എത്രയേറെ ഗൗരവമുള്ളതാണെങ്കിലും ശ്രദ്ധിക്കപ്പെട്ടെന്നു വരില്ല. ശബ്‌ദം ഒരാളുടെ സാമൂഹ്യജീവിത ഇടപെടലുകളെയും,​ ആത്യന്തികമായി അയാളുടെ വ്യക്തിത്വത്തെയും എത്രമേൽ സ്വാധീനിക്കുന്നു എന്ന് വെളിപ്പെടുത്തുന്നതാണ് ഇത്.

ശബ്‌ദസംരക്ഷണത്തിന്റെ ചിരന്തന യാഥാർത്ഥ്യം ഉൾക്കൊണ്ടാണ് ഏപ്രിൽ 16-ന് ആചരിക്കപ്പെടുന്ന ലോക ശബ്ദ ദിനത്തിന്റെ പ്രമേയമായി ഇത്തവണ 'അനിവാര്യം ശബ്ദപരിചരണം " എന്ന സന്ദേശം മുന്നോട്ടുവയ്ക്കുന്നത്.

ജീവന്റെ ആരംഭം തന്നെ ശബ്ദത്തിന്റെ മുഴക്കത്തോടെയാണെന്നണല്ലോ ശാസ്ത്രവും പുരാണവുമൊക്കെ പറയുന്നത്. 'ബിഗ് ബാംഗ് " തത്വവും ബൈബിളിലെ 'ആദിയിൽ വചനമുണ്ടായി " എന്ന സങ്കല്പവുമൊക്കെ ഇതിലേക്ക് വെളിച്ചം വീശുന്നുണ്ട്. വാക്കുകളിലൂടെയും വചനത്തിലൂടെയും കേൾവിയിലൂടെയുമൊക്കെയാണ് നാം ജീവിതത്തിന്റെ സകല സൗഭാഗ്യങ്ങളും അറിയുന്നതും അനുഭവിക്കുന്നതും.


'സൗമ്യന്റെ വാക്ക് ജീവന്റെ വൃക്ഷമാണ്; വികടമായ വാക്ക് മനസു പിളർക്കുന്നു" എന്ന്
ബൈബിളിലെ 'സുഭാഷിതങ്ങൾ" (15:4) പറയുന്നു. സൗമ്യമായ വാക്ക് പറയാനാണെങ്കിലും. അതിന്റെ സൗമ്യതയിൽ ആനന്ദാനുഭൂതി സാദ്ധ്യമാകണമെങ്കിലും ശബ്‌ദവും കേൾവിയും കുറ്റമറ്റതും മധുരതരവും ആയിരിക്കണം. ശബ്‌ദത്തിന്റെയും വാക്കിന്റെയും ഈ സാർവലൗകികതയും സാർവജനീനതയും ഉൾച്ചേർന്നു കിടക്കുന്നുണ്ട്,​ ഏപ്രിൽ 16-ന്റെ ശബ്‌ദ പരിചരണ സന്ദേശത്തിൽ.

ജീവിതത്തിന്റെ സാരസർവസ്വം അതിന്റെ സാകല്യാവസ്ഥയിൽ അനുഭവവേദ്യമാകണമെങ്കിൽ ശബ്ദത്തിന്റെയും കേൾവിയുടെയും നാനാജാതി സ്വരഭേദങ്ങളിലൂടെ കടന്നുപോകാൻ നമുക്കു കഴിയണം. പാടാൻ, താളമുതിർക്കാൻ, പറയാൻ, താരാട്ടുപാടാൻ, സാന്ത്വനം പകരാൻ,​ പ്രഭാഷണ കലയ്ക്ക് ഔന്നത്യങ്ങൾ നൽകാൻ, അഭിനയ കലാകാരന്മാരുടെ പ്രകടനത്തിന് ചാരുത പകരാൻ... അങ്ങനെ ജീവിതത്തിന്റെ ഏത് ചരിത്രമുഹൂർത്തങ്ങളെയും കൂടുതൽ മധുരോദാരമാക്കാൻ ശബ്ദത്തിന്റെ മാന്ത്രികത അനുപേക്ഷണീയമാണ്.

ഒറ്റ പ്രഭാഷണംകൊണ്ട് റോമൻ ജനതയുടെ ചിന്താഗതിയാകെ മാറ്റിമറിച്ച ജൂലിയസ് സീസറിനെപ്പറ്റി കേട്ടിട്ടില്ലേ? പ്രഭാഷണത്തിന്റെ ഗാംഭീര്യം പോലെതന്നെ ശബ്‌ദത്തിന്റെ മാന്ത്രികതയുമാണ് ജൂലിയസ് സീസറിന്റെ ആ ചരിത്ര നിർമ്മിതിക്ക് സഹായകമായത്. ജീവിതസാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളും, ജീവിതത്തിന്റെ തിരക്കുകളും, നമ്മുടെ തന്നെ അശ്രദ്ധയുമൊക്കെക്കൂടി ശബ്ദസംരക്ഷണത്തെപ്പറ്റി നാം ചിന്തിക്കാതെ പോകുന്നു. ശരീരത്തിലെ മറ്റേതെങ്കിലും അവയവങ്ങൾക്കുണ്ടാകുന്ന പ്രശ്‌നങ്ങളോ പ്രതിസന്ധികളോ പരിഹരിക്കാൻ കാട്ടുന്ന ശ്രദ്ധയും തിടുക്കവും ശബ്‌ദത്തിന്റെ കാര്യത്തിൽ നാം പുലർത്താറില്ല എന്നതാണ് സത്യം. ശബ്‌ദ സംരക്ഷണത്തിന്റെ പ്രാധാന്യം കൂടി കണക്കിലെടുത്തുള്ള ഒരു സമഗ്ര (holistic) സമീപനമാണ് ആരോഗ്യ പരിപാലനത്തിൽ സ്വീകരിക്കേണ്ടത്.

'വേൾഡ് വോയ്‌സ് ഡേ"യുടെ തുടക്കം 1999- ൽ ബ്രസീലിലായിരുന്നു. 'ബ്രസീലിയൻ നാഷണൽ വോയ്‌സ് ഡേ" എന്ന പേരിൽ ആരംഭിച്ച ഇത് പിന്നീട് മറ്റു രാജ്യങ്ങൾ കൂടി ഏറ്റെടുക്കുകയായിരുന്നു. 2002 മുതൽ ഇത് World Voice Day എന്ന പേരിൽ ലോകമെമ്പാടും ആചരിക്കപ്പെട്ടു വരുന്നു. ജീവിതായോധനത്തിനും, ജീവിതത്തെ കൂടുതൽ ഭാസുരമാക്കാനും ശ്രമിക്കുന്ന ഗായകർ, പ്രഭാഷകർ, അദ്ധ്യാപകർ, അഭിനേതാക്കൾ തുടങ്ങിയവരൊക്കെ ഈ ദിനാചരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ അർത്ഥവും ആഴവും നൽകാൻ ദിനാചരണത്തിന്റെ ഭാഗമാകാറുണ്ട്.

ചുരുക്കത്തിൽ ശബ്‌ദഗാംഭീര്യവും ശബ്‌ദസൗകുമാര്യവും ശബ്‌ദമാധുര്യവുമൊക്കെയാണ് നമ്മുടെ വ്യക്തിത്വത്തിന് അർത്ഥഭംഗി നൽകുന്നത്. അതുകൊണ്ടുതന്നെ, ശബ്ദസാന്നിദ്ധ്യം അങ്ങേയറ്റം കുറ്റമറ്റതാക്കാൻ നമുക്കു കഴിയണം. ഈ സന്ദേശത്തിന്റെ ആഴവും വ്യാപ്തിയും സ്വന്തമാക്കാൻ ആവുന്നതെല്ലാം ചെയ്യാനാകണം. അതാണ് ലോക ശബ്ദദിനത്തിൽ എടുക്കാനുള്ള പ്രതിജ്ഞ.

നല്ല ശബ്ദത്തിന്

കരുതലാകാം

അസാധാരണമായ ഉച്ചത്തിൽ സംസാരിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, പൊടിയും പുകയും മറ്റും ശ്വസിക്കുക, പുകവലിക്കുക തുടങ്ങിയവ മൂലം ശബ്‌ദത്തിന്റെ മിഴിവ് നഷ്ടപ്പെടാനിടയുണ്ട്. ഈ പശ്ചാതലത്തിൽ ശബ്ദത്തെ കരുതലോടെ ഉപയോഗിക്കണമെന്ന സന്ദേശം നൽകിയാണ്,​ ഈ വർഷം ശബ്ദ പരിപാലനത്തിന്റെ ആവശ്യകതയിൽ ഊന്നിയിട്ടുള്ളത്. ശബ്‌ദ പരിപാലനത്തിന് എല്ലാവർക്കും വളരെ ലളിതമായും ആയാസരഹിതമായും ഉപയോഗിക്കാൻ കഴിയുന്ന ചില മാർഗങ്ങളാണ് ഇനി പറയുന്നത്.

 അനാവശ്യമായി ഉറക്കെയോ ശബ്‌ദം നഷ്ടപ്പെടുന്ന വിധത്തിലോ സംസാരിക്കാതിരിക്കുക.

 മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക.

 ആവശ്യമായ തോതിൽ വെള്ളം കുടിക്കുക.

 തൊണ്ടയ്ക്ക് വേണ്ടത്ര വിശ്രമം നൽകുക.

 ഇരിക്കുമ്പോഴും നിൽക്കുമ്പോഴുമൊക്കെ കൃത്യമായ ദേഹഭാവം (posture) കാത്തുസൂക്ഷിക്കുക.

 ശബ്ദത്തിന് എന്തെങ്കിലും പ്രശ്‌നം നേരിട്ടാൽ ഉടൻ ഇ.എൻ.ടി വിദഗ്ദ്ധനെ സമീപിക്കുക. ഇ.എൻ.ടിയിൽ തന്നെ ശബ്‌ദത്തിന്റെ സൂക്ഷ്‌മതലങ്ങളിൽ സ്പെഷ്യലൈസ് ചെയ്തിട്ടുള്ള ലാരിംഗോളജിസ്റ്റിനെ (laringologist) കാണുന്നതാണ് നല്ലത്.

(തിരുവനന്തപുരത്ത് പട്ടം എസ്.യു.ടി ആശുപത്രിയിലെ ലാരിംഗോളജിസ്റ്റാണ് ലേഖിക )

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.