SignIn
Kerala Kaumudi Online
Sunday, 19 July 2026 9.16 PM IST

വീര്യമേതിന്; വേരുകൾക്കോ, ശിഖരങ്ങൾക്കോ ?

1

​കനത്ത ചൂടിലും ആവേശം തണുക്കാത്ത ഗാലറികൾ. ലക്ഷക്കണക്കിന് മനുഷ്യരുടെ ശ്വാസമടക്കിയുള്ള കാത്തിരിപ്പ്. ഫുട്ബാൾ ലോകത്തെ വലിയ കിരീടത്തിലേക്ക് ഇനി ഒരൊറ്റ മത്സരത്തിന്റെ ദൂരം. ഒരു വശത്ത് നീലയും വെള്ളയും വരകളുള്ള ജഴ്സി ധരിച്ച്, കളിമൺ കോർട്ടുകളിൽ ചോരയും വിയർപ്പും ചീന്തി വളർന്ന അർജന്റീനിയൻ സിംഹങ്ങൾ. മറു വശത്ത് ചോരച്ചുവപ്പണിഞ്ഞ്, പന്തുകൊണ്ട് കവിതയെഴുതുന്ന സ്പാനിഷ് പടയാളികൾ. മൈതാനത്ത് വിയർപ്പൊഴുക്കുന്നത് ഇരുപത്തിരണ്ട് കളിക്കാരാണെങ്കിലും, അദൃശ്യമായി അവിടെ രണ്ട് സംസ്കാരങ്ങളും രണ്ട് ചരിത്രവും ഏറ്റുമുട്ടും. ​ഇതൊരു മത്സരം മാത്രമല്ല, ചരിത്രം അതിന്റെ വൃത്തം പൂർത്തിയാക്കുന്ന നിമിഷവുമാണ്.

​ വെള്ളിയിൽ തുടങ്ങിയ സ്പാനിഷ് വേര്


പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് സ്പാനിഷ് നാവികർ ലാറ്റിനമേരിക്കൻ മണ്ണിൽ കപ്പലിറങ്ങുന്നത്. ​ വെള്ളി ശേഖരം ലക്ഷ്യമിട്ട് ആ മണ്ണിൽ സ്പെയിൻ തങ്ങളുടെ സാമ്രാജ്യം സ്ഥാപിച്ചു. ( 'അർജന്റം' എന്ന ലാറ്റിൻ വാക്കിന് വെള്ളി എന്നാണ് അർത്ഥം). 19-20 നൂറ്റാണ്ടിൽ യൂറോപ്പിൽ നിന്ന്, പ്രത്യേകിച്ച് സ്പെയിനിൽ നിന്നും ഇറ്റലിയിൽ നിന്നും ലക്ഷക്കണക്കിന് മനുഷ്യർ അർജന്റീനയിലേക്ക് കുടിയേറി. ​ഇന്നത്തെ അർജന്റീന ടീമിന്റെ പൾസ് എടുത്തുനോക്കൂ. അവരുടെ ജീവശ്വാസമായ ലയണൽ മെസിയുടെ കുടുംബ ചരിത്രം പരിശോധിച്ചാൽ അത് ചെന്നെത്തുന്നത് ഇറ്റലിയിലും സ്പെയിനിലുമാണ്. ആ ടീമിലെ ഭൂരിഭാഗം പേരും അങ്ങനെത്തന്നെ. അർജന്റീനിയൻ ടീമിൽ കറുത്തവംശജരില്ലാത്തത്, 1800-കളിൽ അർജന്റീന ഭരിച്ചിരുന്ന ഭരണാധികാരികളുടെ കടുത്ത വംശീയ നയങ്ങളുടെ ഫലമാണ്. കറുത്തവർഗക്കാരായ പുരുഷന്മാരെ അവർ, കൂട്ടത്തോടെ മുൻനിര യുദ്ധങ്ങളിലേക്ക് അയച്ചു. മാരകമായ മഞ്ഞപ്പനി പടർന്നുപിടിച്ചപ്പോൾ കറുത്തവർഗക്കാർ താമസിച്ചിരുന്ന ചേരികളെ ഒറ്റപ്പെടുത്തി, മരിക്കാൻ വിട്ടു. യൂറോപ്യൻ കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചു. 1900-കളുടെ തുടക്കമായപ്പോഴേക്കും അർജന്റീനയിലെ ആഫ്രിക്കൻ ജനസംഖ്യ നാമമാത്രമായി.

 ടിക്കി-ടാക്കയും സങ്കര ശൈലിയും

സ്പാനിഷ് ഫുട്ബാളിന് പന്തടക്കമാണ് വലിയ ആയുധം. പന്ത് തങ്ങളുടെ കാൽക്കൽ തന്നെ വെച്ചുകൊണ്ട്, മൈതാനത്ത് ത്രികോണങ്ങൾ തീർത്ത്, കൃത്യമായ പാസുകളിലൂടെ പ്രതിരോധ കോട്ട തകർക്കുന്ന ശൈലി. ഇതിനെയാണ് 'ടിക്കി-ടാക്ക' എന്ന് വിളിക്കുന്നത്. അവിടെ കളി നിയന്ത്രിക്കുന്നത് തലച്ചോറുകൊണ്ടാണ്. അവരുടെ മദ്ധ്യനിരയിലെ മന്ത്രവാദികൾ പന്ത് കാലിൽ വെച്ച് എതിരാളികളെ ഓടിച്ചു തളർത്തും. അർജന്റീനയ്ക്ക് സ്പാനിഷ് വംശത്തിന്റെ സാങ്കേതിക തികവുണ്ട്, എന്നാൽ ലാറ്റിനമേരിക്കൻ ചോരത്തിളപ്പും. ബ്രസീലിനെപ്പോലുള്ള അയൽരാജ്യങ്ങളിൽ നിന്ന് കടമെടുത്ത നിയമങ്ങൾക്കതീതമായ തെരുവുകാൽപ്പന്തിന്റെ വശ്യത. ഡ്രിബ്ലിംഗ് പ്ളസ് പരുക്കൻ അടവുകൾ. ​മിന്നൽ വേഗത്തിലെ കൗണ്ടർ അറ്റാക്കാണതിന്റെ സവിശേഷത. വികാരങ്ങൾക്കാണവിടെ മുൻതൂക്കം.

 സ്വർണ്ണത്തിന് പോരാടും

ഇംഗ്ലണ്ടോ മറ്റ് ചില യൂറോപ്യൻ ടീമുകളോ ഫൈനലിൽ വരുമ്പോൾ കാണിക്കുന്ന ഒരു തന്ത്രമുണ്ട്- 'ബസ് പാർക്കിംഗ്' അല്ലെങ്കിൽ കടുത്ത പ്രതിരോധം. ഗോൾ വഴങ്ങാതിരിക്കുക, എങ്ങനെയെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് തട്ടിമുട്ടി എത്തിക്കുക. ​ഈ ടീമുകളുടെ ഡി.എൻ.എയിൽ പ്രതിരോധമെന്ന വാക്കില്ല. സ്പെയിനിന് ഇഷ്ടം പന്തുമായി മുന്നേറാനാണ്. അർജന്റീനയ്ക്ക് എതിരാളിയുടെ ബോക്സിലേക്ക് ഇരച്ചുകയറാനും. ഒരേയൊരു തത്വമാണ് ഇരുവർക്കും. "ഏറ്റവും മികച്ച പ്രതിരോധം എന്നത് ആക്രമണമാണ്." സ്പെയിനിന്റെ മദ്ധ്യനിര കളി മെനയുമ്പോൾ, അർജന്റീനയുടെ വിംഗർമാർ വേഗം കൊണ്ട് പ്രതിരോധത്തെ കീറിമുറിക്കാൻ ശ്രമിക്കും. യൂറോപ്യൻ അച്ചടക്കവും ലാറ്റിനമേരിക്കൻ പാഷനും തമ്മിൽ നേർക്കുനേർ വരുമ്പോൾ, ആരായിരിക്കും ആ സ്വർണ്ണക്കിരീടത്തിൽ ചുംബിക്കുക?.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION