
ന്യൂ യോര്‍ക്ക് ന്യൂ ജേഴ്‌സി: കരിയറിലെ മൂന്നാം ലോകകപ്പ് ഫൈനലിന് ഇറങ്ങുമ്പോഴും 39കാരന്‍ ലയണല്‍ മെസ്സിയാണ് സംസാര വിഷയം. കലാശപ്പോരില്‍ അര്‍ജന്റീനയും സ്‌പെയിനും നേര്‍ക്കുനേര്‍ പോരടിക്കുമ്പോള്‍ ഫേവറിറ്റുകളെങ്കിലും സ്‌പെയിനിനും ലോകകപ്പിനും മുന്നില്‍ പ്രതിബന്ധമായി നില്‍ക്കുന്നത് അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിയാണ്. ഓരോ മത്സരത്തിന് മുമ്പും മെസിയെ പൂട്ടുമെന്ന് വെല്ലുവിളിച്ചവരെല്ലാം നാട്ടിലെത്തിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ മെസ്സിയെ പൂട്ടും എന്ന വെല്ലുവിളി സ്‌പെയിന്‍ ഉയര്‍ത്തുന്നില്ല.
മെസ്സിക്കായി പ്രത്യേക തന്ത്രമില്ലെന്ന് സ്പാനിഷ് പരിശീലകന്‍ ലൂയിസ് ഡി ലാ ഫ്യുവന്തെ പറയുന്നുണ്ടെങ്കിലും അങ്ങനെയൊരു മണ്ടത്തരം അദ്ദേഹമോ ടീം മാനേജ്‌മെന്റോ കാണിക്കില്ലെന്ന് ഉറപ്പാണ്. അണിയറയില്‍ മെസ്സിക്കുള്ള വാരിക്കുഴി തയ്യാറാണെന്ന് കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം. മെസ്സിയെ സ്വതന്ത്രനായി വിട്ടാല്‍ അത് ലോകകപ്പ് അര്‍ജന്റീനയുടെ കയ്യിലേക്ക് നല്‍കുന്നതിന് സമമാണ്, അതുപോലെ തന്നെ പ്രകോപിപ്പിച്ചാലും ഫലം ദോഷമായിരിക്കും.
കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീന ഫ്രാന്‍സിനെ പരാജയപ്പെടുത്തി കപ്പുയര്‍ത്തിയപ്പോള്‍ രണ്ട് ഗോളുകളായിരുന്നു മെസ്സിയുടെ സംഭാവന. എന്നാല്‍ 2014ലെ ഫൈനലില്‍ മെസ്സിയെ ഇടം വലം തിരിയാന്‍ അനുവദിക്കാതെയാണ് അന്ന് യോക്കിം ലോയുടെ ജര്‍മ്മനി നിലയ്ക്ക് നിര്‍ത്തിയത്. 1-0ന് അര്‍ജന്റീന പരാജയപ്പെട്ട ഫൈനലില്‍ മെസ്സി നിറംമങ്ങിയ പ്രകടനമായിരുന്നു പുറത്തെടുത്തത്. മെസ്സിയെ പൂട്ടാന്‍ ഏതെങ്കിലും ഒരു താരത്തെ മാത്രം നിയോഗിച്ചാല്‍ മെസ്സിക്ക് മറുതന്ത്രമുണ്ട്.
തന്നെ പൂട്ടാന്‍ എത്തുന്ന താരത്തെ കൃത്യമായി മാര്‍ക്ക് ചെയ്ത് പന്ത് സഹതാരങ്ങള്‍ക്ക് മറിച്ച് നല്‍കുന്നതാണ് മെസ്സി പ്രയോഗിക്കുന്ന തന്ത്രം. ബോക്‌സിന് പുറത്തും അകത്തും അളന്ന് കുറിച്ച ക്രോസുകളും സെറ്റ് പീസുകളും നിരവധിയാണ് അര്‍ജന്റീനയെ ഈ ലോകകപ്പില്‍ മാത്രം അപകടത്തില്‍ നിന്ന് രക്ഷിച്ചത്. അവിടെയാണ് 2014ല്‍ ജര്‍മ്മനി പ്രയോഗിച്ച സോണല്‍ കേജ് എന്ന പ്രതിരോധ രീതി മെസ്സിയെ നിരായുധനാക്കിയത്.
മെസ്സി മൈതാനത്ത് ഏത് ഭാഗത്താണോ നില്‍ക്കുന്നത്, അതിനടുത്തുള്ള ജര്‍മന്‍ താരം പെട്ടെന്ന് മെസ്സിയെ പ്രതിരോധിക്കാന്‍ എത്തും. അതേസമയം മറ്റ് രണ്ട് മൂന്ന് കളിക്കാര്‍ മെസിയിലേക്ക് പന്തെത്തുന്ന വഴികള്‍ പൂര്‍ണമായി അടയ്ക്കും. ഒരു റിലേ ഓട്ട മത്സരത്തില്‍ ബാറ്റണ്‍ കൈമാറുന്നത് പോലെയാണ് ജര്‍മന്‍ പ്രതിരോധ നിര മെസിയെ പരസ്പരം കൈമാറി പൂട്ടിയത്. ഇത് മെസിക്ക് തിരിയാന്‍ പോലും ഇടം നല്‍കാതെ ശ്വാസം മുട്ടിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |