
എന്തുകൊണ്ട് നിപ രോഗബാധ കോഴിക്കോട് ജില്ലയിൽ മാത്രം കൂടുതൽ വട്ടം കറങ്ങുന്നു? എട്ടുവർഷം കഴിഞ്ഞിട്ടും ഇതിന് ഉത്തരമില്ല. പരിശോധനകളും ശാസ്ത്രീയ നിഗമനങ്ങളുമെല്ലാം വവ്വാലുകൾക്കുമേൽ പറക്കുമ്പോഴും എന്തുകൊണ്ട് കോഴിക്കോട് എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയില്ലാത്തത് ജനത്തിന്റെ ആശങ്കയേറ്റുന്നു.
എട്ടുവർഷം മുമ്പാണ് നിപയിൽ കോഴിക്കോട്ട് ആദ്യമരണം. ഏറ്റവുമൊടുവിൽ
2025 ജൂലായ് ഒന്നിന് മലപ്പുറം മങ്കട സ്വദേശിയായ 18 കാരിയുടേതും. ഇതുവരെ മരണം 22. അതിൽ 21ഉം കോഴിക്കോട് ജില്ലയിൽ. ഇപ്പോൾ കോഴിക്കോട് ഫറോക്ക് സ്വദേശിയായ യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിപ ബാധിതനായി വെന്റിലേറ്ററിൽ തുടരുന്നു.
സമ്പർക്കപ്പട്ടികയിലുള്ളവരുടെ എല്ലാം പരിശോധനാ ഫലം നെഗറ്റീവായി. എല്ലാവരും ആശുപത്രി വിട്ടു. എന്നിട്ടും കോഴിക്കോട്ട് നിപ്പ ആശങ്ക ഒഴിയുന്നില്ല.
പഴം പച്ചക്കറി മേഖലയെവരെ നിപ പ്രതികൂലമായി ബാധിക്കുന്നതായാണ് റിപ്പോർട്ട്. വവ്വാലുകളാണ് രോഗം പരത്തുന്നതെങ്കിൽ അത് കേരളത്തിൽ കോഴിക്കോട്ടു മാത്രമുള്ള പ്രതിഭാസമാണോ എന്നാണ് ജനത്തിന്റെ ചോദ്യം. എല്ലായിടത്തും വവ്വാലുകളുണ്ട്. അധികൃതരിൽ നിന്നും വ്യക്തമായ വിശദീകരണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റമ്പൂട്ടാൻ പോലുള്ള പഴങ്ങളുടെ സീസണിൽ പതിവായി നിപ വരുന്നതിനു പിന്നിൽ ആസൂത്രിത ഗൂഢാലോചന പോലും സംശയിക്കുന്നവരുണ്ട്. പക്ഷേ, ഇതിനൊന്നും അടിസ്ഥാനമില്ല.
നിപ ബാധിച്ച് 2018ൽ 17പേർ കോഴിക്കോട്ട് മരിച്ചു. 2021ൽ രണ്ടുപേർ. 2023ൽ രണ്ടുപേർ. പിന്നീട് മലപ്പുറത്ത് ഒരാൾകൂടി മരിച്ചു. അതിനിടെ എറണാകുളത്ത് ഒരാളിൽ നിപ സംശയിച്ചെങ്കിലും അയാൾ ഒന്നരമാസം നീണ്ട ചികിത്സയിൽ സുഖം പ്രാപിച്ചു. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയിൽ വളച്ചുകെട്ടി വീട്ടിൽ മുഹമ്മദ് സാബിത്താണ് ആദ്യ നിപ ഇര.
സാബിത്തിനെ ചികിത്സിച്ചിരുന്ന നഴ്‌സ് ലിനിയുടെ മരണം നാടിനെ സങ്കടക്കടലിലാഴ്ത്തി. നിപയുടെ വഴികളടച്ച് കർശന സുരക്ഷയുമായി സർക്കാരും ഡോക്ടർമാരും അതീവ ജാഗ്രത കാട്ടുമ്പോഴാണ് കോഴിക്കോട്ടേക്ക് ഒട്ടും നിനയ്ക്കാതെയുള്ള നിപയുടെ പുതിയ വരവ്. ഇതോടെ എന്തുകൊണ്ട് നിപ ഇവിടെ മാത്രം വട്ടംകറങ്ങുന്നെന്ന ചോദ്യം ആശങ്കയുണ്ടാക്കുന്നതാണ്.
ഒരുപക്ഷേ, രാജ്യത്തെ നിപ ബാധയിലും ഏറ്റവുംകൂടുതൽ കോഴിക്കോട്ടാണ്. ആൾക്കാരുടെ
ചെറിയ പനിപോലും ഇവിടെ പരിശോധിക്കുന്നുണ്ടെങ്കിലും സീസൺ തെറ്റാതെ നിപ വരുന്നുണ്ട്. കൊൽക്കത്തയിലാണ് കോഴിക്കോടിന് മുമ്പ് നിപ റിപ്പോർട്ട് ചെയ്തത്. പക്ഷേ, അത് തിരിച്ചറിഞ്ഞത് അഞ്ചു വർഷത്തിനു ശേഷമായിരുന്നു.
കണ്ടെത്തണം ഉറവിടം
രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധനകൾ കൃത്യമായി നടക്കുന്നു. കൃത്യമായ ചികിത്സയിലൂടെ മരണക്കിടക്കയിൽ നിന്ന് പലരേയും ജീവിതത്തിലേക്ക് തിരികെയെത്തിക്കുന്നു. പക്ഷേ, അതിമാരകമായ നിപയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. അതിന് വിപുലമായ ശാസ്ത്രീയ പഠനങ്ങൾ ആവശ്യമാണ്. വവ്വാലുകളിൽ നിപ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, വവ്വാലിൽ നിന്ന് നിപയെങ്ങനെ മനുഷ്യരിലേക്ക് പടരുന്നതെന്നത് ഇപ്പോഴും അജ്ഞാതം. ഇതിനും വേണം ശാസ്ത്രീയ പഠനം. ആനിമൽ ഹെൽത്ത്, ആന്ത്രപോളജി, വൈൽഡ് ലൈഫ്, പരിസ്ഥിതി തുടങ്ങി വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ച് സംസ്ഥാന സർക്കാർ ഇത്തരമൊരു പഠനത്തിന് മുൻകൈ എടുക്കണം. അല്ലാതെ കേവലം സർവേ കൊണ്ടൊന്നും കാര്യമില്ലെന്ന് ഈ മേഖലയിലെ ഡോക്ടർമാർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |