
പശ്ചിമേഷ്യയിലെ സംഘർഷം ലോകത്തെ മുഴുവൻ ഉൗർജ്ജ പ്രതിസന്ധിയുടെ മുനമ്പിലാണ് എത്തിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയെ ഇത് രൂക്ഷമായി ബാധിക്കുമെന്ന് യുദ്ധത്തിന്റെ തുടക്കത്തിൽതന്നെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം എന്ന നിലയിലാണ് അത് ആദ്യം സാധാരണ ജനങ്ങളെ ബാധിച്ചത്. പണം നൽകിയാലും സിലിണ്ടർ കിട്ടാനില്ലാത്ത സ്ഥിതി പൂർണമായും ഇപ്പോഴും മാറിയിട്ടില്ല. ഇതിനിടെ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില ഒറ്റയടിക്ക് ആയിരം രൂപ വർദ്ധിപ്പിക്കുകയും ചെയ്തു. സിലിണ്ടർ ക്ഷാമവും വിലവർദ്ധനവും പല ചെറുകിട ഹോട്ടലുകളും ടീ സ്റ്റാളുകളും മറ്റും അടച്ചുപൂട്ടാനും ഇടയാക്കി. അവശ്യസാധനങ്ങളുടെയും ഹോട്ടൽ ഭക്ഷണത്തിന്റെയുമൊക്കെ വിലവർദ്ധന സാധാരണക്കാരന്റെ ജനജീവിതത്തെ ദുസഹമാക്കുന്ന അവസ്ഥയിലാണ്. ഇനി പെട്രോളിനും ഡീസലിനും കൂടി വില ഉയർന്നാൽ കുറഞ്ഞ വരുമാനക്കാർക്ക് പിടിച്ചുനിൽക്കാൻ പറ്റാതാവും.
ഈ പശ്ചാത്തലത്തിൽ ചെലവ് ചുരുക്കണമെന്ന പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് സാംഗത്യം ഏറെയാണ്.
പെട്രോൾ, ഡീസൽ, പാചകഎണ്ണ എന്നിവയുടെ ഉപയോഗം കുറയ്ക്കുക, അനിവാര്യമല്ലാത്ത വിദേശ യാത്രകളും സ്വർണം വാങ്ങലും ഒഴിവാക്കുക, കർഷകർ രാസവള ഉപയോഗം പരമാവധി കുറയ്ക്കുക, കൃഷിയിൽ ഡീസൽ ജനറേറ്ററുകൾക്ക് പകരം സോളാർ പമ്പുകൾ ഉപയോഗിക്കുക, പൊതുഗതാഗത സൗകര്യം പരമാവധി ഉപയോഗപ്പെടുത്തുക, കൊവിഡ് കാലത്തെ വർക്ക് ഫ്രം ഹോം വീണ്ടും സ്വീകരിക്കുക തുടങ്ങിയ ആഹ്വാനങ്ങളാണ് പ്രധാനമന്ത്രി ഹൈദരാബാദിലെ ഒരു യോഗത്തിൽ പങ്കെടുക്കവേ മുന്നോട്ടുവച്ചത്. ഇത് രാജ്യത്തൊട്ടാകെ വലിയ ആശങ്കയ്ക്കും ചർച്ചകൾക്കും വഴിയൊരുക്കിയിരിക്കുകയാണ്. ഇന്ത്യ വലിയ ഉൗർജ്ജ പ്രതിസന്ധിയിലായതിനാലാണ് പ്രധാനമന്ത്രി ഈ നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചതെന്ന വിമർശനം പ്രതിപക്ഷ കക്ഷികൾ ഉയർത്തിയതിനെത്തുടർന്ന് നിലവിൽ എണ്ണ, എൽ.പി.ജി ക്ഷാമമില്ലെന്ന് കേന്ദ്രം വ്യക്തമാക്കുകയും ചെയ്തു.
ഇത് പക്ഷേ, ജനങ്ങളുടെ ആശങ്ക പൂർണമായും മാറ്റാൻ പര്യാപ്തമായിട്ടില്ല. പെട്രോൾ, ഡീസൽ വിലയിൽ കുറഞ്ഞത് അഞ്ചു രൂപയുടെയെങ്കിലും വില ഉയർന്നേക്കുമെന്ന അഭ്യൂഹം പടരുന്നത് ജനങ്ങളെ കൂടുതൽ ഉത്കണ്ഠാകുലരാക്കിയിരിക്കുന്നു. കുടുംബ വാർഷിക വരുമാനം പത്തുലക്ഷത്തിന് മുകളിലെങ്കിൽ എൽ.പി.ജി സബ്സിഡി റദ്ദാക്കിയേക്കുമെന്നും വാർത്തയുണ്ട്. ഒരു സർക്കാർ ഗസറ്റഡ് ഓഫീസറുടെ വാർഷിക വരുമാനം ഇന്ന് പത്തുലക്ഷത്തിന് മുകളിലാണ്. അങ്ങനെയുള്ളവർക്ക് ഇനിമുതൽ സബ്സിഡി ലഭിക്കാതിരുന്നാൽ ഒരു സിലിണ്ടറിന്റെ പുറത്ത് 500 മുതൽ 700 രൂപവരെ വില ഉയരാം. ഇന്ധന വില കൂടിയാൽ ബസ്, ട്രെയിൻ, വിമാനം, മെട്രോ, ഓട്ടോ തുടങ്ങിയവയുടെ നിരക്കുകളും വർദ്ധിക്കാം. അതേസമയം, അനാവശ്യ ചെലവുകൾ പരമാവധി വെട്ടിക്കുറയ്ക്കാൻ ജനങ്ങളുടെ ഭാഗത്തുനിന്നും ഒരു ശ്രമം ഉണ്ടാകേണ്ട സന്ദർഭത്തിലൂടെ തന്നെയാണ് രാജ്യം കടന്നുപോകുന്നത്.
അതിനാൽ പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾ പോസിറ്റീവായി വേണം വിലയിരുത്തപ്പെടേണ്ടത്. വർക്ക് ഫ്രം ഹോമും ഓൺലൈൻ യോഗങ്ങളും ഇന്ധന ഉപഭോഗം കുറയ്ക്കുമെന്ന് മാത്രമല്ല ട്രാഫിക് തടസങ്ങൾ ഒഴിവാക്കാനും ഉപകരിക്കുന്നതാണ്. കുടുംബ ചെലവുകൾ ഒരു പരിധി കഴിഞ്ഞ് ആർക്കും കുറയ്ക്കാൻ കഴിയില്ല. ചെലവുകൾ കൂടുകയും വരുമാനം അതനുസരിച്ച് ഉയരാതിരിക്കുകയും ചെയ്യുമ്പോഴാണ് ജീവിതം ദുസഹമായി മാറുന്നത്. അതിനാൽ ചെലവുകൾ ചുരുക്കാൻ നിർദ്ദേശിക്കുന്നതിനൊപ്പം ജനങ്ങളുടെ വരുമാനം ഉയർത്തുന്നതിനുതകുന്ന നവീനമായ നയപരിപാടികളും കേന്ദ്ര സർക്കാർ പ്രഖ്യാപിക്കേണ്ടതാണ്. സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരെ സഹായിക്കാൻ തൊഴിലുറപ്പ് പോലുള്ള പദ്ധതികളുടെ പ്രതിഫലം ഉയർത്തുന്നതും പരിഗണിക്കേണ്ടതാണ്. പ്രതിസന്ധികളിൽ നിന്ന് കൂടുതൽ സുഗമവും അനായാസവുമായ പരിഹാരങ്ങളിലേക്കാണ് രാജ്യം നീങ്ങേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |