SignIn
Kerala Kaumudi Online
Wednesday, 17 June 2026 6.52 AM IST

പുതിയ ഇന്ധന യുഗം പിറക്കുന്നു

READ ENGLISH VERSION
d

മോട്ടോർ വാഹനങ്ങളിൽ നൂറ് ശതമാനം എഥനോൾ (ഇ- 100) നേരിട്ട് ഇന്ധനമായി ഉപയോഗിക്കുന്നതിന് കേന്ദ്ര സർക്കാർ ഔദ്യോഗികമായി അനുമതി നൽകിയത് ഇന്ധന മേഖലയിൽ വിപ്ളവകരമായ മാറ്റങ്ങൾക്കാവും തുടക്കമിടുക. എഥനോൾ ഉപയോഗിക്കുന്ന വാഹനങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള വില്പനയ്ക്ക് വാഹന നിർമ്മാതാക്കൾക്ക് തയ്യാറെടുപ്പുകൾ തുടങ്ങാമെന്ന് ഇതുസംബന്ധിച്ച ചട്ടങ്ങളിൽ ഒപ്പുവച്ചതിനുശേഷം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌‌കരി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു വർഷം ഏതാണ്ട് 22 ലക്ഷം കോടി രൂപയാണ് കേന്ദ്രം പെട്രോൾ, ഡീസൽ മുതലായ ഇന്ധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ചെലവാക്കുന്നത്. പൂർണമായും എഥനോൾ ഉപയോഗിക്കുന്ന വാഹനങ്ങൾ ഉള്ള അവസ്ഥയിലേക്ക് രാജ്യം മാറുമ്പോൾ ഇത്രയും വിദേശ നാണ്യം ലാഭിക്കുന്നതിന് പുറമേ ഇന്ധന മേഖലയിൽ രാജ്യം സ്വയംപര്യാപ്തത നേടുകയും ചെയ്യും.

എഥനോൾ ഇന്ധനത്തിന്റെ ഉയർന്ന നികുതിയും കേന്ദ്രം ഒഴിവാക്കിയതിനാൽ പമ്പുകളിൽ സാധാരണ പെട്രോളിനേക്കാൾ കുറഞ്ഞ നിരക്കിൽ ഇത് ലഭ്യമാകുമെന്നും പ്രതീക്ഷിക്കാം. സാധാരണ ശരാശരി വരുമാനക്കാർപോലും കാറിലും ബൈക്കിലും മറ്റും പെട്രോൾ അടിക്കുന്നതിനായി ഏറ്റവും കുറഞ്ഞത് ഇപ്പോൾ പ്രതിമാസം അയ്യായിരം രൂപയോളം ചെലവഴിക്കേണ്ടിവരുന്നു. രണ്ട് കാറുകൾ ഉള്ള വീടുകളിൽ ഈ തുക പതിനായിരത്തിൽ കവിയാം. എഥനോളിലേക്ക് മാറുന്നതോടെ ഈ ഇന്ധനച്ചെലവിൽ ഏതാണ്ട് പകുതിയോളം ലാഭിക്കാൻ കഴിയുന്നതായിരിക്കും. ശമ്പളം വർദ്ധിക്കാതെതന്നെ ജീവിത നിലവാരത്തിൽ മാറ്റം വരുത്താൻ ഇതിടയാക്കും. അടുത്തിടെ കേന്ദ്രം 85 ശതമാനം എഥനോൾ ചേർത്ത പെട്രോൾ അവതരിപ്പിച്ചിരുന്നു. അതിന്റെ ഭാഗമായി നിലവിൽ ഒരുലക്ഷം കോടിയിലധികം ലാഭം നേടാൻ കഴിഞ്ഞിട്ടുണ്ട്. കരിമ്പ് കർഷകർക്കും മറ്റും ഏകദേശം 80,000 കോടിയുടെ അധിക വരുമാനമുണ്ടാക്കാനും കഴിഞ്ഞതായി കേന്ദ്ര ഗതാഗതമന്ത്രി വ്യക്തമാക്കുകയുണ്ടായി.

ഇ- 85 ഉപയോഗിക്കാൻ കഴിയുന്ന ആദ്യ വാഹനം മാരുതി സുസുക്കി കമ്പനി പുറത്തിറക്കുകയും ചെയ്തു. വാഗൺ ആറിന്റെ പരിഷ്‌കരിച്ച ഈ മോഡലിൽ ഒരേപോലെ പെട്രോളും ഇ- 85ഉം ഉപയോഗിക്കാൻ കഴിയും. ഹീറോയുടെ രണ്ട് ബൈക്കുകളും 85 ശതമാനം എഥനോളിൽ ഓടിക്കാനാവുന്നവ വിപണിയിലേക്ക് വരുന്നു. ഈ രണ്ട് ബൈക്കുകളും ഇ- 100ലും ഓടുന്നവയാണ്. അടുത്ത രണ്ട് മാസത്തിനുള്ളിൽ ടൊയോട്ട, സുസുക്കി, ഹ്യുണ്ടായ്, എം.ജി കമ്പനികൾ ഇ- 100 വാഹനങ്ങൾ പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നിലവിലെ സാധാരണ പെട്രോൾ കാറുകളിൽ 100 ശതമാനം എഥനോൾ ഉപയോഗിക്കാൻ കഴിയില്ല. ഇതിനായി പ്രത്യേക ഫ്ളെക്‌സ്- ഫ്യൂവൽ എൻജിനുകൾ വാഹനങ്ങളിൽ സജ്ജമാക്കേണ്ടതുണ്ട്.

രാജ്യത്തെ പ്രധാന നഗരങ്ങളിലും കാർഷിക കേന്ദ്രങ്ങളിലും ഘട്ടംഘട്ടമായി ഇ- 100 വിതരണ കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് തീരുമാനം. 2027ഓടെ 5000 പുതിയ പമ്പുകളും ലക്ഷ്യം വയ്ക്കുന്നു. ഇ- 85 ഇന്ധനത്തിന് സാധാരണ പെട്രോളിനേക്കാൾ ലിറ്ററിന് 20 രൂപയ്ക്ക് മേൽ ഇളവുണ്ട്. ഇത് ഇ-100 ആകുമ്പോൾ വില 50 ശതമാനം കുറഞ്ഞേക്കുമെന്നാണ് പറയപ്പെടുന്നത്. എഥനോളിന്റെ അളവ് കൂടുന്നത് പരിസ്ഥിതി മലിനീകരണം വലിയൊരളവുവരെ കുറയ്ക്കാനിടയാക്കും. കേരളം പോലെ ജനസാന്ദ്രതയുള്ള സംസ്ഥാനത്ത് വാഹനങ്ങളുടെ ഉപയോഗം വളരെ കൂടുതലാണ്. എഥനോൾ ഉപയോഗം ഇവിടെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ വളരെ സഹായകരമാകും. ഇലക്ട്രിക്, എഥനോൾ വാഹനങ്ങളുടെ എണ്ണം കൂടുന്നതോടെ ഒരു പുതിയ ഇന്ധന യുഗത്തിലേക്കാവും ഇന്ത്യ പ്രവേശിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEW, OIL, E100
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY