SignIn
Kerala Kaumudi Online
Thursday, 21 May 2026 4.33 PM IST

ആനകൾക്ക് പ്രവേശനമില്ല,​ നിർമ്മാല്യ ദർശനം ശുഭകരമല്ലാത്ത ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകൾ ഇവയാണ്

trichambram-

കേരളത്തിലെ ഏറ്റവും പ്രധാന ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഒന്നാണ് കണ്ണൂർ തളിപ്പറമ്പിലെ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം. വടക്കിന്റെ ഗുരുവായൂർ എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പൂജകളിലും ആചാരരീതികളിലും വ്യത്യസ്തതയുണ്ട്. ഉത്സവത്തിന് ആനകൾക്ക് പ്രവേശനമില്ലാത്ത ക്ഷേത്രം എന്ന പ്രത്യേകതയും ഉണ്ട്.

കംസ വധത്തിന് ശേഷം രൗദ്ര ഭാവത്തിലുള്ള ശ്രീകൃഷ്ണ പ്രതിഷ്ഠയാണ് ഇവിടുള്ളത് . കംസവധം കഴിഞ്ഞതിന് ശേഷം വിശന്നു വലഞ്ഞെത്തിയ കൃഷ്ണന് അമ്മ പഴഞ്ചോറ് നൽകിയതിന്റെ സങ്കൽപ്പത്തിൽ ക്ഷേത്രത്തിൽ നട തുറന്ന ഉടനെ വെള്ള നിവേദിക്കും. നൈവേദ്യത്തിന് ശേഷമാണ് അഭിഷേകം. കംസൻ കൃഷ്ണനെ വധിക്കാൻ അയച്ച കുവലയപീഠം എന്ന ആനയെ നിഗ്രഹിച്ചതിന് ശേഷമുള്ള രൗദ്രഭാവമാകയാലാണ് ഇവിടെ ആന നിഷിദ്ധമായത്. രൗദ്രഭാവത്തിലുള്ള കൃഷ്ണനാണ് പ്രതിഷ്ഠയെങ്കിലും , ക്ഷേത്രത്തിലെ ബലിബിംബം ഉണ്ണിക്കണ്ണന്റെതാണ്. വില്വമംഗലം സ്വാമിമാർ പൂജിച്ചിരുന്നതാണിതെന്നാണ് ഐതിഹ്യം ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയതും ഉത്സവവും പൂജാദി കർമവും നിശ്ചയിച്ചതും പരശുരാമനാണെന്നും വിശ്വസിക്കുന്നു.

രൗദ്രഭാവത്തിലുള്ള കൃഷ്ണനാകയാൽ പുലർച്ചെ അഭിഷേകം കഴിഞ്ഞ് ശാന്തമായി നിൽക്കുന്ന സമയത്ത് തൊഴുന്നതാണ് അഭികാമ്യം എന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ പുലർച്ചെയാണ് കൂടുതലും വിശ്വാസികൾ ഇവിടെ എത്തിച്ചേരുന്നത്. നട തുറക്കും മുമ്പേ തിടപ്പള്ളി തുറന്ന് നിവേദ്യം തയ്യാറാക്കുന്നു ശേഷം കയ്യിൽ നിവേദ്യവും പിടിച്ചാണ് മേൽശാന്തി നട തുറക്കുന്നത്. നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രമാണ് തൃച്ചംബരം.

remple-

കുംഭം 22 മുതൽ മീനം 6 വരെ ക്ഷേത്രത്തിലും സമീപത്തുള്ള ദേശീയപാതയിലെ പൂക്കോത്ത് നടയിലും നടക്കുന്ന തൃച്ചംബരം ഉത്സവം പ്രസിദ്ധമാണ്.കൊടിയേറ്റത്തിന് ശേഷം തൃച്ചംബരത്ത് നിന്ന് 8 കിലോമീറ്റർ അകലെയുള്ള മഴൂർ ബലഭദ്രസ്വാമി ക്ഷേത്രത്തിൽ നിന്ന് ബലഭദ്രന്റെ തിടമ്പ് കുംഭം 22 ന് രാത്രി 1 മണിയോടെ തൃച്ചബരത്ത് എഴുന്നള്ളിച്ച് എത്തും. തുടർന്ന് മീനം 2 വരെ പൂക്കോത്ത് നടയിൽ തിരുനൃത്തം നടക്കും.ജ്യേഷ്ഠാനുജൻമാരായ ബലഭദ്രനും ശ്രീകൃഷ്ണനും പുലർച്ചെ പൂക്കോത്ത് നടയിൽ ആനന്ദനൃത്തമാടുന്നത് ദർശിക്കുവാനും കൂടെ ഓടാനും ആയിരങ്ങളാണ് എത്തിച്ചേരുന്നത്.മീനം 6 ന് കൂടിപ്പിരിയൽ ചടങ്ങോടെ ഉത്സവം അവസാനിക്കും. പരശുരാമൻ പ്രതിഷ്ഠിച്ച 108 ജലദുർഗ ക്ഷേത്രങ്ങളിൽ ഒന്നും ഇവിടെ തന്നെയാണ്. നവരാത്രി ആഘോഷങ്ങളും വിദ്യാരംഭവും ക്ഷേത്രത്തിൽ പ്രധാനമാണ്. ക്ഷേത്രത്തിന്റെ പിറകിലായി അയ്യപ്പക്ഷേത്രവും വടക്ക് പടിഞ്ഞാറായി മുളങ്ങേശ്വരം എന്ന ശിവക്ഷേത്രവും ഉണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: TEMPLE, THRICHAMBRAM TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL