
ഒരു സമൂഹത്തിന്റെ പുരോഗതി അളക്കേണ്ടത് അവിടത്തെ സ്ത്രീകൾക്ക് ലഭിക്കുന്ന വിദ്യാഭ്യാസത്തിലൂടെയോ തൊഴിൽനേട്ടങ്ങളിലൂടെയോ മാത്രമല്ല. സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കാനും ഭയരഹിതമായി സഞ്ചരിക്കാനും മാന്യമായി തൊഴിലെടുക്കാനും പൊതുജീവിതത്തിൽ സ്വതന്ത്രമായി ഇടപെടാനും അവർക്കുള്ള അവസരങ്ങൾകൂടി പരിഗണിക്കണം. സ്ത്രീകളുടെ അറിവും അദ്ധ്വാനവും നേതൃത്വശേഷിയും സമൂഹനിർമ്മാണത്തിൽ പൂർണമായി പ്രയോജനപ്പെടുമ്പോഴാണ് വികസനം അർത്ഥവത്താകുന്നത്. ഈ വിശാലമായ കാഴ്ചപ്പാടാണ് പുതുയുഗ വനിതാനയ ആശയരേഖ മുന്നോട്ടുവയ്ക്കുന്നത്. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ സ്ത്രീശാക്തീകരണത്തിലൂടെ സമത്വാധിഷ്ഠിതവും സുരക്ഷിതവും പുരോഗമനപരവുമായ കേരളം സൃഷ്ടിക്കുകയാണ് അതിന്റെ ലക്ഷ്യം.
സ്ത്രീകളുടെ ജീവിതപ്രശ്നങ്ങളെ പരസ്പരം ബന്ധമില്ലാത്ത വിഷയങ്ങളായി സമീപിക്കാൻ കഴിയില്ല. തൊഴിൽ ലഭിക്കാത്തത് സാമ്പത്തിക ആശ്രിതത്വത്തിലേക്കും സാമ്പത്തിക ആശ്രിതത്വം സ്വന്തം അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളാനുള്ള പരിമിതികളിലേക്കും നയിക്കാം. സുരക്ഷിതമായ യാത്രാസൗകര്യങ്ങളുടെ അഭാവം വിദ്യാഭ്യാസത്തെയും തൊഴിലിനെയും ബാധിക്കാം. കുടുംബത്തിലെ പരിചരണച്ചുമതലകളുടെ അസമമായ വിഭജനം പൊതുപ്രവർത്തനത്തിനുള്ള അവസരങ്ങൾ കുറയ്ക്കാം. അതിനാൽ തൊഴിൽ, സാമ്പത്തിക ശാക്തീകരണം, രാഷ്ട്രീയ നേതൃത്വം, വിദ്യാഭ്യാസം, ആരോഗ്യം, നീതിന്യായം, സൈബർ സുരക്ഷ എന്നിവയെ ഏകോപിപ്പിക്കുന്ന സമഗ്രസമീപനമാണ് ആവശ്യമായത്.
ആശയരേഖയിലെ അഞ്ച് പ്രധാന വിഷയമേഖലകൾ ഈ ആവശ്യത്തെയാണ് അഭിസംബോധന ചെയ്യുന്നത്. സാമ്പത്തിക സ്വാതന്ത്ര്യമാണ് സ്ത്രീശാക്തീകരണത്തിന്റെ പ്രധാന അടിത്തറകളിലൊന്ന്. വിദ്യാഭ്യാസയോഗ്യതയും കഴിവുമുള്ള സ്ത്രീകൾക്ക് അനുയോജ്യമായ തൊഴിലും ന്യായമായ വരുമാനവും ലഭിക്കണം. തുല്യജോലിക്ക് തുല്യവേതനം, വിവേചനരഹിതമായ തൊഴിൽസാഹചര്യങ്ങൾ, സുരക്ഷിതമായ തൊഴിലിടങ്ങൾ എന്നിവ നയചർച്ചയുടെ കേന്ദ്രത്തിലുണ്ടാകണം. അസംഘടിത മേഖലയിലെ തൊഴിലാളികൾ, ഗാർഹിക തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, സ്വയംതൊഴിൽ ചെയ്യുന്നവർ തുടങ്ങിയവരുടെ സാമൂഹികസുരക്ഷയ്ക്കും പ്രത്യേക പരിഗണന ആവശ്യമാണ്. പെൻഷൻ, ഇൻഷ്വറൻസ്, വരുമാനസ്ഥിരത എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ അവരുടെ ജീവിതാനുഭവങ്ങളുമായി ബന്ധപ്പെടുത്തി രൂപപ്പെടുത്തണം.
വനിതാ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ വായ്പ ലഭ്യമാക്കുന്നതിനൊപ്പം പരിശീലനം, സാങ്കേതികസഹായം, വിപണിബന്ധം, ഉത്പന്നങ്ങളുടെ ഗുണനിലവാരം എന്നിവയും ഉറപ്പാക്കണം. കുടുംബത്തിന്റെ പരിചരണച്ചുമതല സ്ത്രീകളിൽ മാത്രം കേന്ദ്രീകരിക്കുന്ന അവസ്ഥ മാറാതെ തൊഴിൽപങ്കാളിത്തം പൂർണമായി വികസിക്കുകയില്ല. രാഷ്ട്രീയപ്രാതിനിദ്ധ്യം അർത്ഥവത്തായ അധികാരപങ്കാളിത്തമായി മാറണമെന്നതാണ് മറ്റൊരു പ്രധാന ആശയം. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിലെ സാന്നിദ്ധ്യത്തിനൊപ്പം ഭരണതീരുമാനങ്ങളിലും പദ്ധതിയാസൂത്രണത്തിലും ബഡ്ജറ്റ് വിനിയോഗത്തിലും സ്ത്രീകൾക്ക് സ്വാധീനമുണ്ടാകണം. പൊതുരംഗത്തേക്ക് കടന്നുവരുന്ന സ്ത്രീകളെ പിന്തിരിപ്പിക്കുന്ന അധിക്ഷേപങ്ങൾക്കും ഭീഷണികൾക്കുമെതിരെ ഫലപ്രദമായ പ്രതികരണസംവിധാനങ്ങളും വളർത്തിയെടുക്കണം.
എല്ലാ സ്ത്രീകളുടെയും ജീവിതാനുഭവങ്ങൾ ഒരുപോലെയല്ലെന്ന തിരിച്ചറിവ് നയത്തിന്റെ അടിസ്ഥാനമാകണം. ആദിവാസി, ദളിത്, തീരദേശ മേഖലകളിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. പൊതുവായ പദ്ധതികൾ പ്രഖ്യാപിക്കുന്നതോടൊപ്പം അവ ഏറ്റവും ആവശ്യമായവരിലേക്ക് എത്തുന്നുണ്ടോ എന്നും പരിശോധിക്കണം. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും സ്ത്രീകളുടെ ആവശ്യങ്ങളെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളുമായി ബന്ധപ്പെടുത്തി സമീപിക്കണം. മാനസികസമ്മർദം, ഏകാന്തത, വിഷാദം, അതിക്രമങ്ങളുടെ മാനസികാഘാതം എന്നിവ നേരിടുന്നവർക്ക് ലഭ്യവും മാന്യവുമായ കൗൺസലിംഗ് സംവിധാനങ്ങളും ഉറപ്പാക്കണം.
അതിക്രമം നേരിട്ട സ്ത്രീക്ക് ആത്മവിശ്വാസത്തോടെ സഹായം തേടാൻ കഴിയണം. പരാതി നൽകിയവരുടെ സ്വകാര്യതയും അന്തസ്സും സംരക്ഷിക്കണം. അന്വേഷണത്തിലും സേവനലഭ്യതയിലുമുള്ള കാലതാമസം കുറയ്ക്കുകയും താൽക്കാലിക അഭയം, കൗൺസലിംഗ്, പുനരധിവാസം തുടങ്ങിയ പിന്തുണകൾ ലഭ്യമാക്കുകയും വേണം. ഡിജിറ്റൽ ലോകത്തും ഇതേ സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കണം. സൈബർ അതിക്രമം നേരിടുന്നവരെ കുറ്റപ്പെടുത്താതെ പിന്തുണയ്ക്കുന്ന സാമൂഹികാന്തരീക്ഷം വളർത്തണം.
നയരൂപീകരണ സമീപനം
സമൂഹത്തിൽ ഇതുവരെ പാർശ്വവൽക്കരിക്കപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ നേരിട്ട് കേൾക്കുന്ന പ്രക്രിയ പൂർത്തിയാകുന്നതിനു മുമ്പാണ് ആദ്യഘട്ട ചർച്ചകൾക്കായുള്ള ആശയരേഖ തയ്യാറാക്കിയിരിക്കുന്നത്. അതിനാൽ ഇതിനെ അന്തിമനയമായി കാണാനാവില്ല. ഇതുവരെ കേൾക്കപ്പെടാത്ത അനുഭവങ്ങളും നിർദ്ദേശങ്ങളും ഉൾപ്പെടുത്താനുള്ള തുടർപ്രക്രിയയാണ് രേഖയെ കൂടുതൽ സമഗ്രമാക്കുക.
രണ്ടാംഘട്ടത്തിൽ ഭിന്നശേഷിക്കാരായ സ്ത്രീകൾ, ജെൻസി വിഭാഗം, അങ്കണവാടി പ്രവർത്തകർ, ആശാപ്രവർത്തകർ, ഹരിതകർമ്മസേനാംഗങ്ങൾ എന്നിവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേൾക്കും. തദ്ദേശസ്ഥാപനങ്ങളിലെ വനിതാ ജനപ്രതിനിധികൾ, കോളേജുകളിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾ, തിരഞ്ഞെടുക്കപ്പെട്ട വനിതാ നേതാക്കൾ എന്നിവരും ഈ കൂടിയാലോചനയിൽ പങ്കാളികളാകും.
ഇങ്ങനെ വിവിധ വിഭാഗങ്ങളുടെ അഭിപ്രായങ്ങൾ കേട്ട്, അവ പരിഗണിച്ച്, ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തിയ ശേഷമേ വനിതാനയം അന്തിമരൂപം പ്രാപിക്കുകയുള്ളൂ. സ്ത്രീകൾക്കുവേണ്ടിയുള്ള തീരുമാനങ്ങളിൽ സ്ത്രീകളുടെ അനുഭവവും അറിവും നിർണായകമാകുന്ന പ്രക്രിയയാണിത്. അതിനുള്ള ജനാധിപത്യപരമായ അടിത്തറയാണ് എല്ലാവരെയും കേൾക്കുന്ന ഈ നയരൂപീകരണ സമീപനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |