SignIn
Kerala Kaumudi Online
Friday, 23 October 2026 12.49 AM IST

സി.പി.എമ്മിന് തലവേദനയായി വിമതർ

cpm

സി.പി.എം ഏറ്റവും പ്രധാനവും നിർണായകവുമായ ഒരു ഘട്ടത്തിലേക്ക് കടക്കുകയാണ്. സംഘടനാപരമായ സമ്മേളനങ്ങളുടെ ഘട്ടം. പാർട്ടി കോൺഗ്രസിലേക്കും സംസ്ഥാന സമ്മേളനത്തിലേക്കും എത്തുന്നതിന് മുമ്പുള്ള താഴെത്തട്ടിലുള്ള സമ്മേളനങ്ങൾ.

പാലക്കാട്ടെ സി.പി.എം ജില്ലാ സമ്മേളനം ഈ മാസം 21, 22, 23 തീയതികളിലായി ചിറ്റൂരിൽ നടക്കാനിരിക്കെ സി.പി.എമ്മിന് വിമതർ തലവേദനയാകുകയാണ്. താഴേത്തട്ടിലുള്ള പാർട്ടി സമ്മേളനങ്ങളിലെ തുടർച്ചയായ പൊട്ടിത്തെറികളും സി.പി.എമ്മിൽ വിഭാഗീയത രൂക്ഷമാക്കുകയാണ്. ജില്ലാ നേതൃത്വത്തിനെതിരെ ഉയരുന്ന കലാപക്കൊടിയാണ് പ്രധാനം. കൊഴിഞ്ഞാമ്പാറയിൽ തുടങ്ങി ഷൊർണൂരിലെ ചെർപ്പുളശ്ശേരി പാർട്ടി കൺവെൻഷനിലേക്ക് പടർന്നു. പിന്നീട് അത് മണ്ണാർക്കാടും ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിലെ ശ്രീകൃഷ്ണപുരത്തും നടന്ന സംഘടനാ കൺവെൻഷനുകളിലും ജില്ലാ നേതൃത്വത്തോടുള്ള അതൃപ്തി പ്രകടമായിരുന്നു. നിരവധി പ്രവർത്തകരാണ് കൺവെൻഷനിൽ നിന്ന് മാറിനിന്നത്.

തുടക്കം

കൊഴിഞ്ഞാമ്പാറയിൽ

കടുത്ത വിഭാഗീയതയെത്തുടർന്ന് മൂന്നുതവണയാണ് കൊഴിഞ്ഞാമ്പാറ ലോക്കൽ സമ്മേളനം മാറ്റിവച്ചത്. പിന്നീട് സമ്മേളനം നടത്തിയെങ്കിലും സ്ഥിതിഗതികൾ രൂക്ഷമായി. പാർട്ടി ജില്ലാ - ഏരിയ നേതൃത്വങ്ങളെ കടന്നാക്രമിച്ച് കൊഴിഞ്ഞാമ്പാറയിൽ വിമതർ ആദ്യ കൺവെൻഷൻ നടത്തി. കൊഴിഞ്ഞാമ്പാറ ലോക്കൽ കമ്മിറ്റി 2 സമ്മേളനം നടന്നുകൊണ്ടിരിക്കേ രണ്ടാമത്തെ കൺവെൻഷനും വിമത വിഭാഗം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റും സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായ എം.സതീഷ്, ഏരിയ കമ്മിറ്റി അംഗവും മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ വി.ശാന്തകുമാർ, പഞ്ചായത്തംഗം എസ്.മുഹമ്മദ് ഫാറൂഖ്, എൻ.വിജയാനന്ദ് എന്നിവർ നേതൃത്വം നൽകിയ കൺവെൻഷനിൽ 500 ഓളം ആളുകൾ പങ്കെടുത്തിരുന്നു. അഞ്ഞൂറിലധികം പാർട്ടി അംഗങ്ങളും അനുഭാവികളും പങ്കെടുത്ത കൺവെൻഷൻ പാർട്ടിക്കുള്ളിൽ വർദ്ധിച്ചുവരുന്ന അതൃപ്തിയെ അടിവരയിടുന്നുണ്ട്.

ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിന്റേത് ധിക്കാരപരമായ സമീപനമാണെന്നും, പല കാര്യങ്ങളും അടിച്ചേൽപ്പിച്ച് പ്രവർത്തകരെ അടിമകളെപ്പോലെയാണു കാണുന്നതെന്നും വിമതവിഭാഗം പരസ്യമായി ആഞ്ഞടിച്ചു. മുൻ കോൺഗ്രസ് നേതാവായിരുന്ന എൻ.എം. അരുൺ പ്രസാദിനെ കൊഴിഞ്ഞാമ്പാറ ലോക്കൽ കമ്മിറ്റി രണ്ടിന്റെ സെക്രട്ടറിയാക്കാനുള്ള ജില്ലാസെക്രട്ടറി ഇ.എൻ. സുരേഷ്ബാബുവിന്റെ തീരുമാനമാണ് കലാപത്തിന് കാരണമായത്. നാലരവർഷം മുമ്പാണ് അരുൺ പ്രസാദ് സി.പി.എമ്മിൽ ചേർന്നത്. 'അദ്ദേഹത്തിന് പണമുണ്ട്, പക്ഷേ പാർട്ടിയെക്കുറിച്ച് യഥാർത്ഥ ധാരണയില്ല. നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്ന് പറയാൻ അദ്ദേഹം ഇപ്പോഴും 'ഹൈ കമാൻഡ്' എന്ന വാചകമാണ് ഉപയോഗിക്കുന്നത്. ഇതിനർത്ഥം അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റായി പരിവർത്തനം ചെയ്യപ്പെട്ടിട്ടില്ല, അതിന് ഇനിയുമേറെ സമയമെടുക്കും. ഇതൊന്നും പരഗണിക്കാതെയാണ് സുരേഷ് ബാബു തന്നിഷ്ടപ്രകാരം കാര്യങ്ങൾ തീരുമാനിക്കുന്നത്. സുരേഷ്ബാബു തന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പ്രധാന സംഘടനാ സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കണമെന്ന് നിർബന്ധം പിടിക്കുന്നു. ബ്രാഞ്ച് സെക്രട്ടറിമാർ മുതൽ ജില്ലാ കമ്മിറ്റിവരെ എല്ലാ തസ്തികകളിലും തന്റെ ആളുകളെയും പണമുള്ളവരെയുമാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്ന് വിമതർ പറയുന്നു.

സുരേഷ് ബാബുവിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സംസ്ഥാന നേതൃത്വത്തിന് അറിയാമെങ്കിലും അദ്ദേഹത്തിന്റെ തീരുമാനങ്ങളെ പിന്തുണയ്ക്കുന്നത് തുടരുകയാണ്. സി.പി.എം പ്രവർത്തിക്കേണ്ട രീതി ഇങ്ങനെയല്ല; അത് അടിസ്ഥാന ജനാധിപത്യത്തെ ഉയർത്തിപ്പിടിക്കുന്നതാകണമെന്നും വിമത നേതാവ് സതീഷ് പറയുന്നു.

അനുനയ ശ്രമവുമായി

ജില്ലാ നേതൃത്വം

കൊഴിഞ്ഞാമ്പാറയിലെ വിമതരെ അനുനയിപ്പിക്കാൻ ശ്രമം തുടങ്ങി സി.പി.എം ജില്ലാനേതൃത്വം. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് വിമതരെ തിരിച്ചുകൊണ്ടുവരാനുള്ള ജില്ലാ നേതൃത്വത്തിന്റെ തിരക്കിട്ട നീക്കം. സി.പി.എം ജില്ലാ നേതൃത്വം നേരിട്ട് വിമത നേതാക്കളുമായി ഒന്നിലധികം തവണ ചർച്ചകൾ നടത്തിയെന്നാണ് വിവരം. മുന്നോട്ടുവച്ച നിബന്ധനകൾ അംഗീകരിച്ചാൽ ഒപ്പം നിൽക്കാമെന്ന നിലപാടിലാണ് വിമതർ. ഏരിയാ സമ്മേളനത്തിൽ പങ്കെടുക്കാതെ, വിമത കൺവെൻഷൻ വിളിച്ചും ഡി.വൈ.എഫ്‌.ഐ നേതൃസംഗമങ്ങൾ വിളിച്ചും വിമതർ ശക്തി തെളിയിച്ചതോടെയാണ് നേതൃത്വത്തിന്റെ അനുനയനീക്കം.

ചിറ്റൂർ മുൻ ഏരിയാ കമ്മിറ്റി അംഗവും കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റുമായ എം സതീഷ്, മുൻ ലോക്കൽ സെക്രട്ടറി വി ശാന്തകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജില്ലാ ഏരിയാ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി വിമതർ രംഗത്തെത്തിയത്. ആദ്യം മുഖം തിരിച്ച സിപിഎം ജില്ലാ നേതൃത്വം, സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം ലഭിച്ചതോടെയാണ് അനുനയ നീക്കങ്ങൾ ആരംഭിച്ചത്. ഇരുകൂട്ടർക്കും സമ്മതനായ ഒരാളെ മദ്ധ്യസ്ഥനാക്കിയാണ് ചർച്ച. മദ്ധ്യസ്ഥന്റെ വീട്ടിൽ നടന്ന ചർച്ചയിൽ ഇരുവിഭാഗവും പങ്കെടുത്തെങ്കിലും ഒത്തുതീർപ്പുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. കൊഴിഞ്ഞാമ്പാറ ഒന്നിലെ, ലോക്കൽ സെക്രട്ടറിയായി മുൻ കോൺഗ്രസ് നേതാവിനെ ചുമതലപ്പെടുത്തിയതാണ് ഒരു വിഭാഗത്തിന്റെ പ്രതിഷേധത്തിന് കാരണമായത്. കൊഴിഞ്ഞാമ്പാറ ഒന്ന്, ലോക്കൽ സെക്രട്ടറിയെ മാറ്റാതെ ഒത്തുതീർപ്പിനില്ലെന്ന നിലപാടിലാണ് വിമതർ. എന്നാൽ ജില്ലാസമ്മേളനം കഴിഞ്ഞതിന് ശേഷം തുടർചർച്ചകൾ നടത്താനാണ് ജില്ലാ നേതൃത്വത്തിന്റെ ആലോചന. കഴിഞ്ഞ ദിവസം വിമതരുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്‌.ഐ ശക്തിപ്രകടനം നടത്തിയിരുന്നെങ്കിലും സി.പി.എം നേതൃത്വത്തിനെതിരെ കടന്നാക്രമിക്കാതെയായിരുന്നു കൺവെൻഷൻ പൂർത്തീകരിച്ചത്. സമാന്തരമായി ഡി.വൈ.എഫ്‌.ഐ കമ്മിറ്റി രൂപീകരിക്കാത്തതും ചർച്ച പുരോഗമിക്കുന്നതിന്റെ ഭാഗം തന്നെയെന്നാണ് സൂചന.

ചൂണ്ടയിട്ട്

കോൺഗ്രസ്

കൊഴിഞ്ഞാമ്പാറയിലെ സി.പി.എം വിമത നേതാക്കളെ പാർട്ടിയിലെത്തിക്കാൻ നീക്കം തുടങ്ങി കോൺഗ്രസ് നേതൃത്വം. വിമത നേതാക്കളുമായി ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിൽ അനൗദ്യോഗിക ചർച്ചകൾ നടന്നതായാണ് സൂചന. വിമതരെ ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തു.

പ്രാദേശിക കോൺഗ്രസ് നേതാക്കളുമായുള്ള ചർച്ച വിമതനേതാക്കളും തള്ളുന്നില്ല. സി.പി.എം നടപടിക്ക് ശേഷമേ മറ്റു കാര്യങ്ങളെക്കുറിച്ച് ആലോചിക്കൂവെന്നാണ് സതീഷിന്റെ നിലപാട്. പാർട്ടി നടപടിയുണ്ടായാൽ പഞ്ചായത്ത് പ്രസിഡന്റായതിനാൽ രാജിവച്ച ശേഷം കോൺഗ്രസിൽ ചേരാനാണ് സാദ്ധ്യത. ഇതുവഴി കൂറുമാറ്റ നിരോധനമുൾപ്പെടെ നടപടികൾ ഒഴിവാക്കുക ലക്ഷ്യം. വിമത സി.പി.എം നേതാക്കളുമായി ചർച്ച നടത്തിയ കാര്യം ജില്ലാ കോൺഗ്രസ് നേതൃത്വം തള്ളിയില്ല.

പ്രാദേശിക സി.പി.എം നേതാവ് വി.ശാന്തകുമാറടക്കം കൊഴിഞ്ഞാംപാറയിലെ 37 ബ്രാഞ്ചിൽ 28 ഉം വിമതർക്കൊപ്പമാണ്. ഇവരെ പൂർണമായും കോൺഗ്രസ് പാളയത്തിലെത്തിക്കാനാണ് ശ്രമം. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള നീക്കമാണ് കോൺഗ്രസ് നടത്തുന്നത്. കോൺഗ്രസിന് സ്വാധീനമുള്ള പഞ്ചായത്തിൽ 2015ൽ നഷ്ടമായ ഭരണം സി.പി.എം വിമതരെ കൂടെക്കൂട്ടുന്നതോടെ തിരിച്ചുപിടിക്കാനാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. വിമതർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെന്ന് ആവർത്തിക്കുമ്പോഴും എന്ത് നടപടിയെന്ന് സി.പി.എമ്മും വ്യക്തമാക്കിയിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION