SignIn
Kerala Kaumudi Online
Friday, 23 October 2026 12.56 AM IST

സാമാജിക കുപ്പായത്തിലും കവികൾ,​ ഗായകർ...

a

ഈ കാക്കിക്കുപ്പായത്തിനുള്ളിൽ ഒരു കവിഹൃദയമുണ്ട്, കലാകാരനുണ്ട്, ഗായകനുണ്ട്... 'പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം...!" സത്യൻ അന്തിക്കാടിന്റെ സൂപ്പർഹിറ്റ് സിനിമയായ 'ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റി"ൽ എസ്.ഐ ആയ ശ്രീനിവാസൻ, നായിക കാർത്തികയോട് ഈ സംഭാഷണം പറയുന്ന സീൻ ഏറെ രസകരമാണ്. ഇന്നലെ നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചാ വേളയിൽ ബോദ്ധ്യപ്പെട്ടത് സാമാജിക കുപ്പായങ്ങൾക്കുള്ളിൽ കവികളും ഗായകരും തിങ്ങിനിറഞ്ഞിരിക്കുകയാണെന്നാണ്!

അടിയന്തര പ്രമേയം അവതരിപ്പിച്ച പി.സി വിഷ്ണുനാഥ് മുതൽ എച്ച്. സലാം വരെയുള്ളവർ കവിതാലാപനം നടത്തി. ചിലർ മറ്രു കവികളുടെ കവിതകൾ ആലപിച്ചപ്പോൾ വേറെ ചിലർ സ്വന്തമായെഴുതി, സ്വന്തമായി ചിട്ടപ്പെടുത്തി, സ്വന്തമായി ആലപിച്ചു. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും സൗകര്യപൂർവം പ്രയോഗിക്കാവുന്ന, മഹാകവി പൂവത്തൂർ ചിത്രസേനന്റെ 'വാഴ്‌ത്തുപാട്ടാ"ണ് സഭയിൽ ആവർത്തിച്ച് മുഴങ്ങിയത്. പക്ഷെ എല്ലാത്തിനും സാക്ഷിയാവാൻ 'കാരണഭൂതൻ" സഭയിൽ ഇല്ലാതെപോയത് സങ്കടമായി.

സർക്കാർ ജീവനക്കാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി കിട്ടുന്നില്ലെങ്കിലും നിർബന്ധമായി വീട്ടിൽ കിട്ടുന്ന ഒന്നുണ്ട്; സി.പി.എം മുഖപത്രം എന്നായിരുന്നു വിഷ്ണുനാഥിന്റെ പരിഹാസം. മനസിലെ ദു:ഖമെല്ലാം കടിച്ചമർത്തി, സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രിക്ക് പുകഴ്‌ത്തുപാട്ട് പാടിയ ജീവനക്കാർ, വേദിക്കു പിറകിലെത്തി പൊട്ടിക്കരയുകയായിരുന്നെന്നും ഗദ്ഗദകണ്ഠനായി വിഷ്ണുനാഥ് മൊഴിഞ്ഞു. പ്രത്യേക തഞ്ചത്തിലും താളത്തിലും,​ ഇടതുസർക്കാർ ജീവനക്കാർക്ക് നിഷേധിച്ച ആനുകൂല്യങ്ങൾ അദ്ദേഹം എണ്ണിപ്പറഞ്ഞപ്പോൾ, ചില പ്രതിപക്ഷാംഗങ്ങളുടെയെങ്കിലും ചുണ്ടിൽ നേരിയ പുഞ്ചിരി കണ്ടു.

'തുറക്കാത്ത വാതിൽ" എന്ന ചിത്രത്തിൽ പി. ഭാസ്കരൻ രചിച്ച് കെ. രാഘവന്റെ സംഗീതത്തിൽ യേശുദാസ് ആലപിച്ച 'നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്..." എന്ന പഴയ ചലച്ചിത്രഗാനം ഗായിക കൂടിയായ ഭരണപക്ഷ അംഗം ദെലീമ ആലപിച്ചത്,​ കേരളത്തിലെ ഇപ്പോഴത്തെ സാമൂഹിക പുരോഗതി വർണ്ണിക്കാനാണ്. പാട്ടിൽ 'നാരായണക്കിളി കൂടുപോലുള്ളൊരു നാലുകാലോലപ്പുരയുണ്ട്..."എന്നു പറയുന്നത് അന്നത്തെ സാഹചര്യത്തിൽ പ്രസക്തമായിരുന്നെങ്കിലും ഇപ്പോൾ ലൈഫ് പദ്ധതി വഴി എല്ലാവർക്കും നല്ല വീടുകൾ ഉണ്ടെന്ന് സമർത്ഥിക്കാനായിരുന്നു ദെലീമയുടെ ശ്രമം.

അതുകൊണ്ടു തീർന്നില്ല, സ്വന്തമായി രചിച്ച് ചിട്ടപ്പെടുത്തിയ അഞ്ചാറു വരി കവിത കൂടി ആലപിച്ചും അവർ സഭയുടെ മനം കവർന്നു. 'ഒരുകെട്ട കുടിലിൻ ഇരുളുകൾക്കുള്ളിൽ, പിടയുന്നു നിണം വറ്റും കോലങ്ങൾ ജന്മങ്ങൾ" എന്നിങ്ങനെയാണ് ദെലീമയുടെ ഭാവന. സ്വന്തം ജില്ലക്കാരിയായ ദെലീമ ഇങ്ങനെ അരങ്ങു തകർത്തത് അമ്പലപ്പുഴ എം.എൽ.എ എച്ച്. സലാമിന് സഹിച്ചില്ല , പൂവത്തൂർ ചിത്രസേനനെ നിലംപരിശാക്കുന്ന മട്ടിൽ സലാമും തട്ടി, സ്വന്തമായി ചമച്ച ഒരു വാഴ്‌ത്തുകവിത. വൃത്തവും വൃത്തഭംഗവുമൊന്നും നോക്കാതെ 'ശിഖരങ്ങൾ മുറിയാത്ത മലയാണ് നീ, നീരുറവ വറ്റാത്ത പുഴയാണ് നീ..." എന്നുള്ള വരികൾ സലാം നീട്ടിച്ചൊല്ലിയതിന് 'കാരണഭൂതൻ" സാക്ഷിയായില്ലെങ്കിലും മരുമകൻ മന്ത്രി താളംപിടിച്ചു. ഇന്ന് പി.പി ചിത്തരഞ്ജൻ കൂടി കവിതയുമായി വരുമോ എന്നാണ് അറിയേണ്ടത്.

സർക്കാർ ജീവനക്കാർ മുഴുവൻ നേത്രരോഗികളാണോ എന്ന് പ്രതിപക്ഷ നേതാവ് സംശയിച്ചാൽ അദ്ദേഹത്തെ കുറ്റപ്പെടുത്താനാവില്ല,​ കാരണം മെഡിസെപ്പ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ആശുപത്രികളിൽ ഭൂരിപക്ഷവും കണ്ണാശുപത്രികളാണ്. അല്ലാതുള്ള ചില വലിയ ആശുപത്രികൾ പട്ടികയിലുണ്ടെങ്കിലും,​ അവിടെ പ്രധാനപ്പെട്ട ഡിപ്പാർട്ട്മെന്റുകൾ ഇല്ലതാനും. സർക്കാർ ജീവനക്കാരുടെ ആരോഗ്യ ക്ഷേമപദ്ധതിയുടെ ദുരവസ്ഥയാണ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടിയത്. മുഖ്യമന്ത്രി വിദൂഷകരുടെ കെണിയിൽ വീഴരുതെന്നും അവർ തന്നെ പിന്നീട് വിലാപ കാവ്യം രചിക്കുമെന്നും മുന്നറിയിപ്പ് നൽകാനും അദ്ദേഹം മറന്നില്ല.

നിയമസഭയിലെ കന്നിപ്രസംഗം നടത്തിയ രാഹുൽ മാങ്കൂട്ടത്തിലും തിളങ്ങി. തുടക്കക്കാരന്റെ ഒരുവിധ അങ്കലാപ്പുമില്ലാതെ നല്ല ഒഴുക്കിൽ ഭരണപക്ഷതാഡനം നടത്തിയപ്പോൾ പ്രതിപക്ഷാംഗങ്ങളുടെ മുഖത്ത് പൗർണമി ചന്ദ്രികയുടെ തെളിച്ചം. പാലക്കാട്ട് മത്സരിച്ച തന്നെ 'വരത്ത"നെന്നു വിളിച്ചതിന്റെ കണക്കു തീർക്കാൻ ഇ.എം.എസ് മുതൽ,​ 'വരത്ത"നെന്ന പ്രയോഗം ആദ്യം നടത്തിയ എ.കെ. ബാലൻ വരെ സ്വന്തം നാടുവിട്ട് മാറിമാറി മത്സരിച്ചതിന്റെ പൂർവചരിത പട്ടിക സവിസ്തരം നിരത്തി. എ.കെ.ജിയും നയനാരും വി.എസ്.അച്യുതാനന്ദനുമെല്ലാം ആ പട്ടികയിൽ ഇടം പിടിക്കുന്നത് നിശബ്ദരായി ട്രഷറി ബെഞ്ച് കേട്ടിരുന്നു.

പാലക്കാട്ട് വി.കെ. ശ്രീകണ്ഠനോട് ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റ് 'കപ്പിനും ലിപ്പി"നുമിടയിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥി പദവി നഷ്ടമായതിന്റെ ദേഷ്യം തീർക്കാനാണ് എ. വിജയരാഘവൻ ലീഗിനെ തുടർച്ചയായി പഴിക്കുന്നതെന്നും മാങ്കൂട്ടത്തിൽ പറഞ്ഞു. ഗുരുവായൂർ പ്രതിനിധിയായ എൻ.കെ. അക്ബർ കോൺഗ്രസിലെ തമ്മിലടി വച്ചാണ് പ്രതിപക്ഷത്തെ കുത്തിയത്. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ കെ.പി.സി.സി പ്രസിഡന്റ് മാറണമെന്ന് ഒരു വിഭാഗം; സതീശൻ മാറണമെന്ന് മറ്റൊരു വിഭാഗം. ഇവർ രണ്ടുപേരും മാറിയില്ലെങ്കിൽ താൻ മാറുമെന്ന് ദീപ ദാസ് മുൻഷിയും! സമുദായ സംഘടനകളുടെ പിന്തുണയാണ് തന്റെ ബലമെന്നാണ് ചെന്നിത്തല കരുതുന്നത്. ഒരു സംഘടനയുടെയും പിന്തുണയില്ലാത്തതാണ് തന്റെ കരുത്തെന്ന് സതീശനും. ഇവർ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് അക്ബർ പറഞ്ഞപ്പോൾ പ്രതിപക്ഷ ബെഞ്ചിൽ കേൾവിക്കാർ നാമമാത്രമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION