SignIn
Kerala Kaumudi Online
Friday, 23 October 2026 12.49 AM IST

തേങ്ങലായി മാറിയ ആരോപണപ്പെരുമഴ

a

എന്തൊക്കെയായിരുന്നു! മലപ്പുറം കത്തി, മെഷീൻ ഗൺ, ബോംബ്, അമ്പുംവില്ലും... ഒടുവിൽ പവനായി ശവമായി...! 'നാടോടിക്കാറ്ര്" സിനിമയിലെ ഈ ഹിറ്റ് സംഭാഷണം പലപ്പോഴും ആവർത്തിക്കേണ്ടി വരാരുണ്ട്. ഇന്നലെ നിയമസഭയിലും ഇതേ അനുഭവമായി. കഞ്ചിക്കോട്ട് ഒയാസിസ് കമ്പനിക്ക് മദ്യനിർമ്മാണ ശാല തുടങ്ങാൻ മന്ത്രിസഭായോഗം അനുമതി നൽകിയ അന്നു തുടങ്ങിയ വിവാദമാണ് ഇന്നലെ 'മലപോലെ വന്ന് മഞ്ഞുപോലെ" പോയത്. പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും കെട്ടിപ്പൊക്കി കൊണ്ടുവന്ന ആരോപണക്കൂടാരം മുഖ്യമന്ത്രിയുടെ ഒറ്റ മറുപടിയിൽ തകർന്നു വീണു.

ആ വീഴ്ചയിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാൻ ത്രാണിയില്ലാത്തതു പോലെ രണ്ടു നേതാക്കളും,​ നിശബ്ദരായ അനുയായികളും സഭയ്ക്ക് പുറത്തേക്കു നടന്നു. ചൊവ്വാഴ്ച നിയമസഭയിൽ രമേശ് ചെന്നിത്തല പറഞ്ഞ 'കണ്ടംവഴി ഓടി"യെന്ന പ്രയോഗം തിരിച്ചടിച്ചോ എന്നും സംശയം. രക്തംപൊടിയാതെ മാംസം മുറിച്ചെടുക്കുന്ന വിദ്യപോലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ബ്രൂവറി അഴിമതി ആരോപണമുന്നയിച്ചവരെ കൈകാര്യം ചെയ്തത്. താങ്കൾ കേരളത്തിലെ പ്രധാനപ്പെട്ട ആളാണ് എന്ന മട്ടിൽ,​ 'കേരളത്തെയും,​ സംസ്ഥാനത്തിന്റെ പൊതുതാത്പര്യങ്ങളെയും മനസിൽ വച്ചാണ് സംസാരിക്കുന്നതെന്നറിയാം" എന്ന് ചെന്നിത്തലയെ നോക്കി മുഖ്യമന്ത്രി പറയുകയും,​ പിന്നാലെ അർത്ഥഗർഭമായി ചെരുചിരി പൊഴിക്കുകയും ചെയ്തപ്പോൾ ആ വാക്കുകൾ എവിടെയെല്ലാമാണ് ചെന്നു തറച്ചതെന്ന് ചെന്നിത്തലയ്ക്കു മാത്രമേ അറിയൂ.

മദ്യനിർമ്മാണ കമ്പനിക്ക് അനുമതി കൊടുക്കുമ്പോൾ മഴനിഴൽ പ്രദേശമായ പാലക്കാട്ടെ ജനങ്ങൾ നേരിടേണ്ടിവരുന്ന കുടിവെള്ള ക്ഷാമവും പെട്രോളിയം ഉത്പന്നങ്ങളിൽ ചേർക്കാനുള്ള എഥനോൾ നിർമ്മാണത്തിനു മാത്രമാണ് ഒയാസിസ് കമ്പനിക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുള്ളതെന്ന യാഥാർത്ഥ്യവും നെഞ്ചുപൊട്ടുമാറ് ഉച്ചത്തിലാണ് ചെന്നിത്തല സഭയിൽ വിളിച്ചു പറഞ്ഞത്. പക്ഷെ ആരും മനസിലാക്കിയില്ല, അദ്ദേഹത്തിന്റെ ആത്മാർത്ഥത! എക്സൈസ് വകുപ്പ്, ബാർ എന്നൊക്കെ കേൾക്കുമ്പോൾ അഴിമതി ഓർമ്മവരുന്നത് മുൻ പ്രതിപക്ഷ നേതാവ് പറഞ്ഞതുപോലെ,​ ജനിതക പ്രവർത്തനം തന്നെയാണ്, അതു പക്ഷെ ഞങ്ങളുടേതല്ല, ആ പാപഭാരം ഇങ്ങോട്ട് കെട്ടിവയ്ക്കേണ്ടതില്ല എന്നു കൂടി മുഖ്യമന്ത്രി ഉപസംഹാരമായി പറഞ്ഞതോടെ ബ്രൂവറി കഥ പ്രതിപക്ഷത്തിന് ഒരു നോവായി മാറി.

വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് അംഗം മാത്യു കുഴൽനാടൻ കൊണ്ടുവന്ന അടിയന്തര പ്രമേയം അവതരിപ്പിച്ച് വന്നപ്പോൾ കേരള കോൺഗ്രസിനുള്ള കൊട്ടുപോലെ പരിണമിച്ചു. വനം മന്ത്രി എ.കെ. ശശീന്ദ്രനും പ്രതിപക്ഷവുമായുള്ള ഏറ്റുമുട്ടലിലും ഇതിനിടെ സ്പീക്കറും കുഴൽനാടനുമായുള്ള ഉരസലിനുമൊക്കെ ഇത് വഴിതെളിച്ചു. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ട് ചരടിന്റെ അറ്റത്ത് പശുവുണ്ടെന്ന മട്ടിൽ വനനിയമ ഭേദഗതിയെക്കുറിച്ചാണ് പറയുന്നതെന്ന പരിഹാസം കുഴൽനാടനെ തെല്ല് അരിശം കൊള്ളിച്ചു. എങ്കിലും നല്ല മെയ്‌വഴക്കത്തോടെയാണ് മന്ത്രി ശശീന്ദ്രൻ തഞ്ചത്തിൽ തന്റെ ഭാഗം അവതരിപ്പിച്ചത്.

ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ച ഇന്നലെ തുടങ്ങിവച്ചത് കടകംപള്ളി സുരേന്ദ്രനാണ്. സഭയിൽ എത്ര പ്രതിപക്ഷ നേതാക്കളുണ്ടെന്നായിരുന്നു കടകംപള്ളിയുടെ സംശയം. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും തമ്മിൽ ചക്കളത്തിൽ പോരാണ് നടത്തുന്നതെന്നായിരുന്നു കടകംപള്ളിയുടെ പക്ഷം. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് സ്പീക്കറോട് പ്രതികരിച്ച രീതിയിലുള്ള അതൃപ്തി കടകംപള്ളി പ്രകടിപ്പിച്ചെങ്കിലും അത് സ്പീക്കർ എ.എൻ. ഷംസീർ ശ്രദ്ധിച്ചോ ആവോ?​

പക്ഷെ,​ പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റത്തെ കുറ്റപ്പെടുത്തിയ കടകംപള്ളിക്ക് കണക്കിന് മറുപടിയുമായി എത്തിയത് കോൺഗ്രസ് അംഗം ടി.ജെ. വിനോദാണ്. സ്പീക്കറുടെ കസേര മറിച്ചിടാനും കമ്പ്യൂട്ടർ എങ്ങനെ ശാസ്ത്രീയമായി തല്ലിപ്പൊട്ടിക്കാമെന്നും ലോകത്തെ പഠിപ്പിച്ചവരായതിനാലാണ് സഭയിലെ മര്യാദയെക്കുറിച്ച് പറയുന്നതെന്നായി വിനോദ്. പി.പി.ഇ കിറ്റ് അഴിമതിയെക്കുറിച്ചുള്ള സി.എ.ജി റിപ്പോർട്ടിനെ വിമർശിച്ചതിനെയും വിനോദ് പരിഹസിച്ചു. പണ്ടൊക്കെ സി.എ.ജി വളരെ വിശുദ്ധമായിരുന്നു, ഇപ്പോഴത്തെ സി.എ.ജി രാഷ്ട്രീയ പ്രേരിതവും! ഈ നിലപാട് ശരിയല്ലെന്നാണ് അദ്ദേഹം ഓർമ്മിപ്പിച്ചത്.

രാഷ്ട്രീയത്തിൽ ഓരോരോ ഘട്ടങ്ങളിലുണ്ടാവുന്ന നയപരമായ മാറ്റങ്ങൾ വിശേഷിപ്പിക്കാൻ ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പൂന്താനത്തിന്റെ 'ജ്ഞാനപ്പാന"യെ പിടിക്കാൻ നടത്തിയ ശ്രമം വേണ്ടത്ര വിജയിച്ചില്ല. ഉദ്ദേശിച്ച സമയത്ത് ഉദ്ദേശിച്ച വരികൾ അദ്ദേഹത്തിന് നാവിലേക്ക് പ്രവഹിക്കാഞ്ഞതിനാലാണോ, അതോ സമയം ലാഭിക്കാനാണോ, 'തോളിലേറ്റുന്നതും ഭവാൻ, തണ്ടിലേറ്രുന്നതും ഭവാൻ" എന്ന മട്ടിലേക്ക് അദ്ദേഹം വരികൾ ചുരുക്കി. മതേതരപാതയിൽ നിന്ന് ഒരിക്കലും ലീഗ് പിന്നോട്ടുപോവില്ലെന്ന ദൃഢപ്രതിജ്ഞയും അദ്ദേഹം ഉരുവിട്ടു.

എല്ലാ അഴിമതി ആരോപണങ്ങളും മുഖ്യമന്ത്രിയുടെ ചുമലിലേക്ക് കെട്ടിവയ്ക്കുന്നതിലായിരുന്നു കെ.വി.സുമേഷിന്റെ നൊമ്പരം. നിയമപരമായി തുടങ്ങാൻ കഴിയുന്ന ഒരു സ്ഥാപനം തുടങ്ങാൻ അനുമതി നൽകിയതാണ് ആരോപണമാക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ഭാഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION