SignIn
Kerala Kaumudi Online
Thursday, 22 October 2026 6.42 PM IST

കിഫ്ബിക്ക് ബൂസ്റ്റ് വേണോ,​ ഡ്രിപ്പ് കൊടുക്കണോ?​

a

രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബഡ്ജറ്റിന്മേലുള്ള ചർച്ചയാണ് ഇന്നലെ സഭയിൽ തുടങ്ങിയതെങ്കിലും ചർച്ച അധികവും കിഫ്ബിയിലാണ് ചുറ്റിക്കറങ്ങിയത്. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ കോൺഗ്രസ് അംഗം റോജി എം.ജോൺ മുതൽ കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസ് വരെ കിഫ്ബിയെ വ്യത്യസ്ത രീതികളിൽ കൈകാര്യം ചെയ്തു. കിഫ്ബി എന്ന ഓമനത്തമുള്ള കുഞ്ഞിനെ ധനമന്ത്രിയും ഭരണപക്ഷവും തഴുകി തലോടിയപ്പോൾ, പ്രതിപക്ഷം ഒരു മയവുമില്ലാതെ പ്രഹരിച്ചു. കിഫ്ബി കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ചവരാണ് കുഞ്ഞ് അൽപ്പം വളർന്നപ്പോൾ ബൂസ്റ്റും ബോൺവിറ്റയും കൊടുക്കണമെന്ന് പറയുന്നതെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞപ്പോൾ, കുഞ്ഞിന് ഡ്രിപ്പ് കൊടുക്കണമെന്നാണ് പ്രതിപക്ഷത്തിന് പറയാനുള്ളതെന്ന് റോജി പരിഹസിച്ചു.

പത്തു വർഷംകൊണ്ട് 30,000 കോടി കിഫ്ബി വഴി ചെലവഴിച്ചെങ്കിലും കേവലം 81 കോടിയാണ് പട്ടികജാതി/ പട്ടികവർഗക്കാർക്കായി ചെലവിട്ടത്. കിഫ്ബി ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് ആനുപാതികമായുള്ള ആനുകൂല്യങ്ങൾ പട്ടികജാതി/ പട്ടികവർഗ വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾക്കായി ചെലവഴിക്കണമെന്നും റോജി നിർദ്ദേശിച്ചു. പ്രതിപക്ഷ എം.എൽ.എമാരുടെ മണ്ഡലങ്ങളിൽ വികസനത്തിന് വേണ്ടത്ര പണം നൽകുന്നില്ലെന്ന് റോജി പരിഭവിച്ചപ്പോൾ, അങ്കമാലി മണ്ഡലത്തിലുള്ള അത്രയും സ്കൂളുകൾ മന്ത്രി ശിവൻകുട്ടിയുടെ മണ്ഡലത്തിൽ ഇല്ലെന്നാണ് പറയുന്നതെന്നു പറഞ്ഞ ധനമന്ത്രി തീരെ പ്രതീക്ഷിച്ചില്ല, അത് അവനവൻ പാരയാവുമെന്ന്. കാരണം ഉടൻ വന്നു റോജിയുടെ ചോദ്യം, എത്ര തുക ചെലവഴിച്ചെന്ന് പറയാമോ എന്ന്. കണക്ക് ഇപ്പോൾ കൈവശമില്ലെന്ന് മന്ത്രിയുടെ ദുർബല മറുപടി.

കിഫ്ബിക്ക് ഡ്രിപ്പ് കൊടുക്കേണ്ടതില്ലെന്ന് തറപ്പിച്ചു പറഞ്ഞത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ്. കാരണം കിഫ്ബി വെന്റിലേറ്ററിലാണ്. ബന്ധുക്കളോട് ആലോചിച്ചിട്ട് എപ്പോൾ മാറ്റണമെന്ന് ഡോക്ടർമാർ തീരുമാനിച്ചാൽ മതിയെന്നും സതീശൻ കളിയാക്കി. പ്രസംഗിക്കാൻ എപ്പോഴും അവസരം കിട്ടാത്ത ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തനിക്ക് അനുവദിച്ച 20 മിനിട്ട് സമയവും വേണ്ടപോലെ വിനിയോഗിച്ചു. കേന്ദ്രത്തെയാണ് അദ്ദേഹം ഏറെ പഴിച്ചത്. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിൽ എത്തിയ പ്രധാനമന്ത്രി, ആശുപത്രിയിൽ കഴിഞ്ഞ കൊച്ചുകുട്ടിക്ക് മുത്തം കൊടുത്ത് പോയതല്ലാതെ ഒരു സഹായവും ചെയ്തില്ലെന്നായി ചിറ്റയം.

എല്ലാത്തിലും ഒന്നാം സ്ഥാനത്തെന്ന വ്യവസായ വകുപ്പിന്റെ പൊങ്ങച്ചം പറച്ചിലാണ് ഡോ. മാത്യുകുഴൽനാടന് തീരെ ദഹിക്കാത്തത്. ഈസ് ഒഫ് ഡൂയിംഗ് ബിസിനസിൽ കേരളം യഥാർത്ഥത്തിൽ ഒന്നാം സ്ഥാനത്തല്ലെന്ന് സമർത്ഥിച്ച അദ്ദേഹം, പരീക്ഷയിൽ തോറ്റിട്ട് 'സെ" പരീക്ഷയെഴുതി ജയിക്കുന്ന ആൾ, താനാണ് ഒന്നാം റാങ്കുകാരൻ എന്ന് അവകാശപ്പെടും പോലെയാണ് ഈ അവകാശവാദമെന്നും പരിഹസിച്ചു. ചർച്ചയ്ക്കു കിട്ടിയ സമയത്തിന്റെ പാതിയും സി.പി.എം അംഗം യു. പ്രതിഭ ഉപയോഗിച്ചത് മാദ്ധ്യമ നിഗ്രഹത്തിനാണ്. കേന്ദ്ര ബഡ്ജറ്റ് വന്നപ്പോഴും സംസ്ഥാന ബഡ്ജറ്റ് വന്നപ്പോഴും വാർത്തകൾ കൊടുത്തതിലെ വേറുകൃത്യമാണ് അവരെ ചൊടിപ്പിച്ചത്. സൗമ്യവും ദീപ്തവുമായ ബഡ്ജറ്റായിട്ടും ശത്രുവിനോടെന്ന പോലെയാണ് പ്രതിപക്ഷം കാണുന്നതെന്നും അവർ സങ്കടപ്പെട്ടു.

പരിഗണിക്കേണ്ടവരെ ബഡ്ജറ്റിൽ അവഗണിച്ചതിലുള്ള കുണ്ഠിതം സജീവ് ജോസഫിന് മറച്ചു വയ്ക്കാനായില്ല. റബർ കർഷകരെ വഞ്ചിച്ചതിലാണ് അദ്ദേഹത്തിന്റെ വേദന. ധനമന്ത്രി റബർ കർഷകരോട് മാപ്പു പറയണമെന്ന മിനിമം ആവശ്യവും അദ്ദേഹം സഭയിൽ ഉന്നയിച്ചു. സന്തോഷം കൊണ്ടിരിക്കാൻ വയ്യാത്ത പരുവത്തിലായിരുന്നു കുട്ടനാട് എം.എൽ.എ തോമസ് കെ.തോമസ്. അദ്ദേഹത്തിന്റെ വാക്കുകളിൽ ആ സന്തോഷം പ്രകടവുമായി. വെറും വാ കൊണ്ട് ബഡ്ജറ്റിനെ അഭിനന്ദിച്ചാൽ പോരാ, ഹൃദയത്തോട് ചേർത്തുവച്ച് അഭിനന്ദിക്കണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഇത്രയും നല്ല ബഡ്ജറ്റ് അവതരിപ്പിക്കാനുള്ള മാസ്മരശക്തി ദൈവം കൊടുത്തതാണെന്ന കാര്യത്തിൽ തോമസിന് ഒരു സംശയവുമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION