SignIn
Kerala Kaumudi Online
Saturday, 24 October 2026 1.40 AM IST

രാഷ്ട്രീയമായി എതിർത്തും വിഷയത്തിൽ യോജിച്ചും.

sabha

സംസ്ഥാനത്തെ ലഹരി വ്യാപനത്തെക്കുറിച്ചായിരുന്നു നിയമസഭയിൽ കോൺഗ്രസ് അംഗം പി.സി. വിഷ്ണുനാഥ് കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ്. വിഷയം ലഹരിയായതിനാൽ ചർച്ചയ്ക്ക് വീര്യം കൂടുമെന്ന് പ്രതീക്ഷിച്ചെങ്കിലും വിഷയത്തിന്റെ ഗൗരവം ഭരണ- പ്രതിപക്ഷ അംഗങ്ങൾ ഉൾക്കൊണ്ടതിനാൽ ചർച്ച വഴിവിട്ടില്ല. പ്രസംഗങ്ങളിൽ വലിയ രാഷ്ട്രീയം കലർത്താനും മിക്കവരും തുനിഞ്ഞില്ല. അവസാനം സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് അൽപ്പമൊന്ന് റൂട്ട് മാറ്റിയത്. പക്ഷെ, അത് ഏറ്റുപിടിക്കാതെ നല്ല മെയ്വഴക്കത്തോടെ മന്ത്രി എം.ബി.രാജേഷ് മറുപടിയും സഗൗരവത്തിലാക്കി. മന്ത്രിയുടെ തന്നെ ഭാഷയിൽ 'ചർച്ച ക്ഷുദ്രമായ വിഷയങ്ങളുടെ തർക്കമായി" പരിണമിച്ചില്ലെന്ന് സാരം.

കാര്യഗൗരവത്തോടെയും ഹൃദയസ്പർശിയായും വിഷയം അവതരിപ്പിച്ച വിഷ്ണുനാഥിനെ അഭിനന്ദിക്കുന്നതിലും അദ്ദേഹം പിശുക്കു കാട്ടിയില്ല. കേരളത്തിൽ ലഹരി വ്യാപനം കൂടിയിട്ടുണ്ടെങ്കിലും ലഹരിയുടെ കേന്ദ്രമായി കേരളം മാറിയെന്ന പ്രതിപക്ഷ നേതാവിന്റെ വാദത്തെ അദ്ദേഹം ഖണ്ഡിച്ചു. ഇതിനിടെ പ്രതിപക്ഷ ബെഞ്ചിൽ നിന്ന് ചില പ്രകോപനങ്ങൾ ഉണ്ടായെങ്കിലും താൻ വസ്തുത ചൂണ്ടിക്കാട്ടുകയാണ്, തർക്കത്തിനില്ലെന്നു പറഞ്ഞ് മന്ത്രി ഒഴിഞ്ഞു മാറി.

എം.ടിയുടെ 'നാലുകെട്ട് " വരെ പരാമർശിച്ച് കഥപറച്ചിലിന്റെ ചാരുതയിലായിരുന്നു വിഷ്ണുനാഥിന്റെ അവതരണം. ലഹരിക്കുടത്തിൽ നിന്ന് പുറത്തുവന്ന ഭൂതം കേരളത്തെ വരിഞ്ഞുമുറുക്കുകയാണെന്നും ഇതിനെതിരെ എല്ലാവരും യോജിച്ച് പ്രവർത്തിക്കണമെന്നും പറഞ്ഞാണ് അദ്ദേഹം അവസാനിപ്പിച്ചത്.

രാഷ്ട്രീയത്തിന്റെ പേരിൽ പ്രമേയത്തെ എതിർക്കുന്നതായി പറഞ്ഞെങ്കിലും ഭരണപക്ഷത്തു നിന്ന് സംസാരിച്ച മിക്ക അംഗങ്ങളും വിഷയത്തോട് യോജിച്ചു. മദ്യത്തിന്റെയും ലഹരിയുടെയും ഉപഭോഗത്തിൽ കേരളം പിന്നിലാണെന്ന് സമർത്ഥിക്കാൻ ശ്രമിച്ച സി.പി.എം അംഗം കെ.എം. സച്ചിൻദേവ് അരുണാചൽ പ്രദേശിലെയും തെലങ്കാനയിലെയും യു.പി, പഞ്ചാബ്, സിക്കിം സംസ്ഥാനങ്ങളിലെയും കണക്കുകളെയാണ് കൂട്ടുപിടിച്ചത്. വിഷയത്തെ പിന്തുണച്ച സി.പി.എം അംഗം എ. പ്രഭാകരൻ, സഭയിൽ പ്രകടിപ്പിച്ച ഒരു ആശങ്ക അൽപ്പം കടുത്തതായിപ്പോയി. ഇടതുപക്ഷത്തിന് സ്വാധീനമുള്ള കേരളത്തിലെ പുതുതലമുറയെ തകർക്കാനുള്ള ബോധപൂർവമായ പ്രവർത്തനമാണ് ലഹരി വ്യാപനത്തിനു പിന്നിലെന്ന അസാധാരണ സംശയമാണ് അദ്ദേഹം പങ്കുവച്ചത്. മറ്റുചില സംസ്ഥാനങ്ങളിൽ നിന്നാണ് ഇവിടേക്ക് ലഹരി വസ്തുക്കൾ എത്തുന്നതെന്നതാണ് അദ്ദേഹത്തിന്റെ സംശയത്തിന്റെ അടിത്തറ.

വിമുക്തി എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ച് എക്സൈസുകാർ ഫോട്ടോ എടുത്തതുകൊണ്ടൊന്നും ഒരു ഫലവുമില്ലെന്നാണ് പ്രതിപക്ഷ നേതാവ് തുറന്നടിച്ചത്. ലഹരി മാഫിയയെ പുറത്തുകൊണ്ടുവരാനുള്ള ചുമതല ആർക്കാണ്- എൻഫോഴ്സ്മെന്റ് പ്രവർത്തനം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

മന്ത്രി രാജേഷ് ഒരുവിധം സമർത്ഥമായി മറുപടി പറഞ്ഞു തീർക്കുന്നതിനിടെയായിരുന്നു മുതിർന്ന അംഗം തിരുവഞ്ചൂരിന്റെ ഇടപെടൽ. സംസ്ഥാനത്തേക്ക് ലഹരി സപ്ളൈ ചെയ്യുന്ന വലിയ സംഘമുണ്ടെന്നും ഈ ചങ്ങല തകർക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. പക്ഷെ ചെയറിന്റെ അനുമതിയില്ലാതെ,​ തിരുവഞ്ചൂരിന് മന്ത്രി വഴങ്ങിയത് സ്പീക്കർ എ.എൻ. ഷംസീറിന് അത്ര പിടിച്ചില്ല.

'ഇത് ടെന്നീസ് കളിയല്ല, അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കാൻ. ചെയറിന്റെ അനുവാദമില്ലാതെ മറുപടി പറയാൻ ശ്രമിച്ചാൽ മന്ത്രിക്കും മൈക്ക് നൽകാനാവാതെ വരു"മെന്ന് അൽപ്പം കടുപ്പത്തിലാണ് സ്പീക്കർ പറഞ്ഞത്. 'ക്ഷമിക്കണം, അങ്ങയുടെ അനുമതിയോടെ ഇനി കാര്യങ്ങൾ പറയാ"മെന്നായി മന്ത്രി. 'കടിച്ചതിലും വലുതാണ് മാളത്തിൽ" എന്ന ചൊല്ല് കോൺഗ്രസ് അംഗം സി.ആർ മഹേഷ് ഉദ്ധരിച്ചത്, കേന്ദ്ര- സംസ്ഥാന ബഡ്ജറ്റുകളെ താരതമ്യം ചെയ്യാനാണ്. കേന്ദ്രത്തിൽ നിന്ന് ഒന്നും കിട്ടിയില്ല, ഇവിടെ അല്പം ആശ്വാസമാകുമെന്ന് കരുതിയെങ്കിലും ഉള്ളിതൊലിച്ചതു പോലെയായി! വകയിരുത്തി, വകയിരുത്തി എന്ന് ബഡ്ജറ്റ് പ്രസംഗത്തിൽ ആവർത്തിക്കുന്നുണ്ടെങ്കിലും വകവരുത്തി, വകവരുത്തി എന്ന പോലെയായി കാര്യങ്ങൾ.

ലൈഫ് പദ്ധതിയിൽ വീടുകൾക്കുള്ള തുകയുടെ അപര്യാപ്തതയാണ് മഹേഷ് ചൂണ്ടിക്കാട്ടിയത്. നാലു ലക്ഷത്തിന് എങ്ങനെ വീട് വയ്ക്കും. നാടകത്തിൽ വീടിന്റെ സെറ്റുപോലും ഈ തുകയ്ക്ക് ചെയ്യാനാവില്ല. രണ്ടുലക്ഷത്തിന് പാതാളത്തിൽ പോലും ഭൂമി കിട്ടുമോ. പുരയ്ക്ക് പുറത്തിറങ്ങിയാൽ പുലി പിടിക്കും; അകത്തിരുന്നാൽ ചെന്താമര പിടിക്കും... ഇതാണ് കേരളത്തിലെ സ്ഥിതി. പാലക്കാട്ട് കുടിവെള്ളം ഊറ്റി മനുഷ്യനെ കൊല്ലുന്ന മദ്യമാക്കാൻ അനുമതി കൊടുത്തിട്ട് സംരംഭം എന്നു പറയുന്നു. കുടിൽ വ്യവസായം പോലെ വാറ്റ് പ്രോത്സാഹിപ്പിച്ചിട്ട് സംരംഭം എന്നു പറയാമെന്നും മഹേഷ് പരിഹസിച്ചു.

കുരീപ്പുഴ ശ്രീകുമാറിന്റെ 'ഖേദപൂർവം" എന്ന കവിതയിലെ 'കപട സ്നേഹിതാ നിന്നോടു ജീവിത വ്യഥകൾ ചൊല്ലി പരാജയപ്പെട്ടു ഞാൻ" എന്ന വരികൾ ചൊല്ലി പ്രസംഗം തുടങ്ങിയ സി.കെ. ആശ ഇന്നലെ കത്തിക്കയറി. പ്രധാനമന്ത്രിയെയാണ് താൻ കവിതയിലൂടെ പരാമർശിച്ചതെന്നു പറഞ്ഞ അവർ കേരളത്തിൽ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാർ നടത്തിയ പരാമർശങ്ങളെയാണ് രൂക്ഷമായി വിമർശിച്ചത്. 'ആരാണ് ഉന്നതകുലജാതർ, ആരാണ് ഭരണഘടന ഉണ്ടാക്കിയത്?" ശ്രീനാരായണ ഗുരുദേവനും അയ്യൻകാളിയുമൊക്കെ നടത്തിയ പ്രവർത്തനങ്ങൾ കൊണ്ട് അറിവും വിദ്യാഭ്യാസവും ആർജ്ജിക്കാൻ കഴിഞ്ഞ തലമുറയാണ് ഇപ്പോഴുള്ളതെന്നും ആശ ആവേശത്തോടെ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIYAMASABHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION