
സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്കുള്ള അനുമതിക്ക് വഴിയൊരുങ്ങിയതോടെ, കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസമേഖല സമൂല മാറ്റത്തിലേക്കാണ് ചുവടുവയ്ക്കുന്നതെന്ന് വ്യക്തമായി. അതിനുള്ള ബില്ലിനാണ് മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയത്. രാജ്യത്തു നിന്ന് പ്രതിവർഷം പത്തു ലക്ഷത്തോളം വിദ്യാർത്ഥികളാണ് വിദേശ സർവകലാശാലകളിൽ ഉന്നതപഠനത്തിന് പൊയ്ക്കൊണ്ടിരിക്കുന്നത്. അതിൽ, കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ ഒരു ലക്ഷത്തോളം വരും. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സ്വകാര്യ സർവകലാശാലകൾ വേണ്ടത്രയുണ്ട്. കർണാടകവും തമിഴ്നാടുമാണ് അക്കാര്യത്തിൽ ദക്ഷിണേന്ത്യയിൽ മുന്നിൽ.
വിദേശ സർവകലാശാലകളുടെ മാതൃകയിലാണ് രാജ്യത്ത് സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുന്നത്. ഇതിനായി മുതൽമുടക്കാൻ താത്പര്യമുള്ള ഇന്ത്യൻ സംരംഭകരും ഏറെയാണ്. യു.ജി.സി നിർദ്ദേശമനുസരിച്ച് സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ തന്നെ ഡീംഡ് സർവകലാശാലകൾ തുടങ്ങാനാകും. സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുമ്പോൾ, സ്ഥാപനത്തിന്റെ വിശ്വാസ്യത, കോഴ്സുകൾ, സാദ്ധ്യതകൾ, അക്കാഡമിക് നിലവാരം, ഭൗതിക സൗകര്യങ്ങൾ എന്നിവ പ്രത്യേകം വിലയിരുത്തപ്പെടും. സ്വകാര്യ സർവകലാശാലകാ ക്യാമ്പസുകൾ സംസ്ഥാനത്ത് തുടങ്ങുന്നതിലൂടെ നാട്ടിൽ നിന്ന് വിദേശത്തേക്കുള്ള പണമൊഴുക്ക് കുറയ്ക്കാമെന്നും, വിദേശത്തു ലഭിക്കുന്ന ഉന്നത പഠന സൗകര്യം നാട്ടിൽത്തന്നെ ലഭ്യമാക്കാനാകുമെന്നുമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. ഇതിലൂടെ കേരളത്തെ ആഗോളവിദ്യാഭ്യാസ ഹബ്ബായി മാറ്റാമെന്നും പ്രതീക്ഷിക്കുന്നു.
ഒഴുകിപ്പോയത്
ലക്ഷം കോടി
പത്തു ലക്ഷം വിദ്യാർത്ഥികൾ കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്ന് ബിരുദ, ബിരുദാനന്തര, ഗവേഷണ പഠനങ്ങൾക്കായി വിദേശ സർവകലാശാലകളിലെത്തിയപ്പോൾ ഫീസ് ഇനത്തിലും അനുബന്ധ ചെലവുകൾക്കുമായി ഉദ്ദേശം ഒരു ലക്ഷം കോടി രൂപയാണ് വിദേശത്തേക്ക് ഒഴുകിയത്. ഇത് ഒരുവർഷത്തെ മാത്രം കാര്യം. വിദേശ പഠനത്തിനു പോകുന്ന കുട്ടികളുടെ എണ്ണം പൂർണമായി കുറയ്ക്കാൻ സാധിക്കുകയില്ല. കാരണം, പഠനത്തിനപ്പുറം വിദ്യാർത്ഥികൾ ആഗ്രഹിക്കുന്നത് വിദേശജീവിതവും തൊഴിൽ ലഭ്യതയ്ക്കുള്ള മികച്ച അവസരങ്ങളുമാണ്. കേരളം ലക്ഷ്യമിടുന്നത്, ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തൽ, മികച്ച പ്ലേസ്മെന്റ് സൗകര്യം എന്നിവയോടൊപ്പം വിദേശത്തേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്കിന് തടയിടുക എന്നതു കൂടിയാണ്.
2024- ലെ 'ടൈംസ് ഹയർ എഡ്യുക്കേഷൻ ലോക റാങ്കിംഗി"ൽ ആദ്യ 500 റാങ്കിംഗിൽ ഇന്ത്യൻ സർവകലാശാലകളില്ല. 300 നു മുകളിലാണ് ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ്, ഐ.ഐ.ടികൾ എന്നിവ പോലും. നിലവാരമുള്ള സ്വകാര്യ സർവകലാശാലകളുടെ വരവിനെ സ്വാഗതം ചെയ്യുന്നതോടൊപ്പം, അവ സാമൂഹിക നീതി, രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശാക്തീകരണം, താങ്ങാവുന്ന ഫീസ്, നൈപുണ്യ വികസനം, തൊഴിൽ ലഭ്യതാ മികവ്, ഗവേഷണം, അക്കാഡമിക് ഗുണനിലവാരം എന്നിവ ഉറപ്പുവരുത്തേണ്ടതുണ്ട്. ഭാവി ഇന്നൊവേഷനുകളിലും തൊഴിലുകളിലും കാതലായ മാറ്റം പ്രവചിക്കുമ്പോൾ, കാലാനുസൃതമായി തൊഴിലധിഷ്ഠിത കോഴ്സുകൾ രൂപപ്പെടുത്താൻ നമ്മുടെ സർവകലാശാലകൾ തയ്യാറാകണം. ഇന്റർ ഡിസിപ്ലിനറി പഠനം, ഗവേഷണം എന്നിവ പ്രവർത്തികമാക്കണം.
നാടു വിടുന്നത്
സ്വാഭാവികം
2024 അദ്ധ്യയന വർഷത്തിൽ കേരളത്തിലെ പ്രധാനപ്പെട്ട നാലു സർവകലാശാലകളിൽ 85,552 ബിരുദ സീറ്റുകളും, 13,047 ബിരുദാനന്തര സീറ്റുകളും ഒഴിഞ്ഞുകിടക്കുകയായിരുന്നു എന്ന വസ്തുതയെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. അതേസമയം, വിദേശപഠനം തിരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുമുണ്ട്. കാലങ്ങളായി ഉന്നത വിദ്യാഭ്യാസ മേഖലയിൽ നയരൂപീകരണത്തിന് പ്രാധാന്യം നൽകാത്തതും, ശുഷ്കിച്ചു വരുന്ന ഫണ്ട് വകയിരുത്തലുമാണ് ഇവിടെനിന്നുള്ള വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കിനു കാരണം. രാജ്യത്ത് നിലവിലില്ലാത്ത പുത്തൻ കോഴ്സുകൾ തേടി വിദ്യാർത്ഥികൾ വിദേശ ക്യാമ്പസുകളിലെത്തുന്നത് സ്വാഭാവികം മാത്രം.
നമ്മുടെ സർവകലാശാലകളിലെ തൊഴിൽ സാദ്ധ്യതയില്ലാത്ത കോഴ്സുകൾ ഒഴിവാക്കാൻ അക്കാഡമിക് സമൂഹം തയ്യാറാകുന്നുമില്ല. നാലു വർഷ ബിരുദ ഓണേഴ്സ് പ്രോഗ്രാം തുടങ്ങിയെങ്കിലും വിദേശത്തേക്കുള്ള ഒഴുക്ക് കുറയുന്നില്ല. മാത്രമല്ല, ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ നടത്തിപ്പിൽ അവ്യക്തത നിലനിൽക്കുന്നു. വിദേശ പഠനം വ്യക്തിത്വ വികസനത്തിനും, ജീവിതത്തിന്റെ വെല്ലുവിളികളെ നേരിടാനും, ലൈഫ് സ്കില്ലുകൾ കൈവരിക്കുവാനും ഉപകരിക്കുന്നതായി വിദ്യാർത്ഥികളും രക്ഷിതാക്കളും കരുതുന്നു. വൈവിദ്ധ്യങ്ങളായ മേജർ, മൈനർ വിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരം, അടിസ്ഥാന വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വിദ്യാർത്ഥികളെ സഹായിക്കും.
സ്വതന്ത്രമായി കാര്യങ്ങൾ ചെയ്യുവാനുള്ള ആത്മവിശ്വാസം ഉറപ്പുവരുത്തുന്നതോടൊപ്പം മികച്ച അദ്ധ്യാപകരെയും ഗവേഷകരെയും പരിചയപ്പെടാനും നൂതന ഗവേഷണ മേഖലകൾ കണ്ടെത്തുവാനും വിദേശപഠനം സഹായിക്കുന്നുണ്ട്. ഇവ സർക്കാർ, സ്വകാര്യ സർവകലാശാലകളിലും ഉറപ്പുവരുത്തണം. ഭാവി തൊഴിലുകൾ ലക്ഷ്യമിട്ട ഇന്നോവേഷനുകൾ, നെെപുണ്യ വികസന പ്രോഗ്രാമുകൾ, മികച്ച അക്കാഡമിക്, ഗവേഷണ സൗകര്യങ്ങൾ, വ്യവസായ സ്ഥാപനങ്ങളുമായുള്ള സൗഹൃദം, ഇന്റേൺഷിപ്, പ്ലേസ്മെന്റ്, അസിസ്റ്റന്റ്ഷിപ് പ്രോഗ്രാമുകൾ എന്നിവ ഇവയിൽ ചിലതാണ്. ക്രെഡിറ്റ് ട്രാൻസ്ഫർ സൗകര്യവും ലഭ്യമാക്കണം.
കാലത്തിനൊത്ത കോഴ്സുകളും, അനുകൂലമായ ഗവേഷണ, തൊഴിലവസരങ്ങളും നമ്മുടെ നാട്ടിൽ സൃഷ്ടിച്ചാൽ വിദേശത്തു പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം ഘട്ടം ഘട്ടമായി കുറയ്ക്കാൻ സാധിക്കും. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് നിരവധി ഫുൾടൈം/പാർട്ട് ടൈം സകോളർഷിപ്പുകളുണ്ട്. മിക്ക സർവകലാശാലകളിലും വിദ്യാർത്ഥികൾക്ക് വിവിധ സകോളർഷിപ്പുകളോ, സാമ്പത്തിക സഹായ പദ്ധതികളോ ഉണ്ട്. 2025- 26 സംസ്ഥാന ബഡ്ജറ്റിൽ ഇതിനുള്ള നിർദ്ദേശങ്ങളുണ്ട്. കേരളത്തിലെ സർവകലാശാലകളിൽ തുടർ വർഷങ്ങളിലും വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവുണ്ടാകും. സർക്കാർ സർവകലാശാലകൾ സ്വകാര്യ സർവകലാശാലകളുമായി മത്സരാധിഷ്ഠിത രീതിയിൽ പ്രവർത്തിച്ചെങ്കിലേ കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കാനാകൂ.
(പ്രമുഖ വിദ്യാഭ്യാസവിദഗ്ദ്ധനും, ബംഗളൂരുവിലെ ട്രാൻസ് ഡിസിപ്ലിനറി യൂണിവേഴ്സിറ്റി ഒഫ് ഹെൽത്ത് സയൻസസ് ആൻഡ് ടെകനോളജിയിലെ പ്രൊഫസറുമാണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |