
കോൺഗ്രസ് അംഗം എ.പി. അനിൽകുമാർ സഹികെട്ടാണ് ആ ചോദ്യം നിയമസഭയിൽ ചോദിച്ചത്; പദ്ധതികൾ നിറുത്തിവയ്ക്കാനാണോ ഒരു വകുപ്പും മന്ത്രിയുമെന്ന്. പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുന്നത് സഭ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഉപക്ഷേപം അവതരിപ്പിക്കുകയായിരുന്നു അനിൽകുമാർ. ഇപ്പോഴത്തെ വകുപ്പു മന്ത്രി ഒ.ആർ കേളു ചുമതലയേറ്റിട്ട് അധികനാളായില്ലെന്നതു പരിഗണിച്ച് അദ്ദേഹത്തോട് ദയകാട്ടിയാണ് അനിൽകുമാർ പ്രസംഗിച്ചത്. പട്ടികജാതി, വർഗ വിഭാഗങ്ങൾക്കായി നാമമാത്രമായ തുകയാണ് സർക്കാർ മാറ്റിവയ്ക്കുന്നതെന്നും, അതിൽത്തന്നെ വെട്ടിക്കുറവ് വരുത്തുകയാണെന്നും കണക്കുകളുടെ പിൻബലത്തിലാണ് അദ്ദേഹം വാദിച്ചത്. പ്രൊഫഷണൽ കോഴ്സുകൾക്കടക്കം പഠിക്കുന്ന വിദ്യാർത്ഥികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും വിശദമായി അവതരിപ്പിച്ചു.
വരുമാനം നോക്കാതെ തന്നെ ഈ വിഭാഗങ്ങൾക്ക് എല്ലാ ആനുകൂല്യവും നൽകുന്നുണ്ടെന്ന് മന്ത്രി ഒ.ആർ കേളു മറുപടി നൽകി. കേളു പറഞ്ഞ മറുപടിക്കു പുറമെ കാര്യങ്ങൾ കുറച്ചുകൂടി വിശദമാക്കാൻ ധനമന്ത്രി കെ.എൻ. ബാലഗോപാലും എത്തി. നവകേരള സദസിൽ കണ്ണൂരിൽ വച്ച് സങ്കീർത്തന ദിനേശ് എന്ന പെൺകുട്ടി പറഞ്ഞ വാക്കുകൾ കൂട്ടുപിടിച്ചായിരുന്നു മന്ത്രിയുടെ അടവ് നയം. സർക്കാരിന്റെ സഹായം കൊണ്ടാണ് പൈലറ്റാവുക എന്ന ആ കുട്ടിയുടെ മോഹം സഫലമായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഒന്നും നടക്കുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ പ്രചാരണത്തിനുള്ള തന്റെ കൗണ്ടർകട്ടാണ് ഇതെന്നും മന്ത്രി പറഞ്ഞു. സർക്കാരിനെതിരെ സോഷ്യൽ മീഡിയയിൽ കാമ്പെയ്ൻ നടത്താനുള്ള കട്ടിംഗിനു വേണ്ടിയാണ് അടിയന്തര പ്രമേയത്തിന്റെ പേരിൽ തെറ്രിദ്ധാരണയുണ്ടാക്കുന്നതെന്നും ബാലഗോപാൽ കുറ്റപ്പെടുത്തി.
എസ്.സി വിഭാഗത്തിന് 10 ശതമാനവും എസ്.ടി വിഭാഗത്തിന് രണ്ടു ശതമാനവും പദ്ധതി വിഹിതം നീക്കി വയ്ക്കുകയെന്നത് ഭരണഘടനാപരമായ ബാദ്ധ്യതയാണെന്ന് പറഞ്ഞുകൊണ്ട് വാക്കൗട്ട് പ്രസംഗം തുടങ്ങിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പദ്ധതികളിൽ വരുത്തിയ വെട്ടിക്കുറയ്ക്കലുകളുടെ പട്ടികയും സവിസ്തരം നടത്തി. കിഫ്ബി നിർമ്മിക്കുന്ന റോഡുകളിലൂടെ പട്ടികജാതിക്കാർ പോകുന്നില്ലേയെന്നും ആശുപത്രികളിലും സ്കൂളുകളിലും പട്ടികജാതിക്കാർ പോകുന്നില്ലേയെന്നും മന്ത്രി പറഞ്ഞതിനെയും വിമർശിച്ചു. അങ്ങനെയെങ്കിൽ എസ്.ടി.പി പദ്ധതിയും ടി.എസ്.പി പദ്ധതിയും ഉണ്ടാകാൻ പാടില്ലെന്നും ചൂണ്ടിക്കാട്ടി.
നിയമസഭാ നടപടിക്രമങ്ങളിൽ സമയനിഷ്ഠ പാലിക്കണമെന്ന് വലിയ നിർബന്ധമുള്ളയാളാണ് സ്പീക്കർ എ.എൻ. ഷംസീർ. അതുകൊണ്ടുതന്നെ സഭാ നടപടികൾ ഒരുവിധം സമയബന്ധിതമായി തീരാറുമുണ്ട്. സ്പീക്കറാവും മുമ്പ് സാമാജികനായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ ഈ നിഷ്ഠയുണ്ടായിരുന്നോ എന്നൊക്കെ ചില ദുഷ്ടബുദ്ധികൾ ചോദിച്ചേക്കാം. നിർഭാഗ്യവശാൽ പ്രതിപക്ഷ നേതാവ് പ്രസംഗിക്കുമ്പോൾ പലപ്പോഴും സ്പീക്കറുമായി ഇടയാറുണ്ട്. പ്രസംഗത്തിലെ തന്റെ ഫ്ളോ കളയാൻ സ്പീക്കർ മന:പൂർവ്വം ഇടപെടുകയാണെന്ന പരാതി വി.ഡി.സതീശൻ ബുധനാഴ്ച സഭയിൽ ഉന്നയിക്കുകയും ചെയ്തതാണ്. ഇന്നലെയും വാക്കൗട്ട് പ്രസംഗം തുടങ്ങി ഒമ്പതു മിനിട്ടായപ്പോഴേക്കും സ്പീക്കർ ഇടപെടൽ നടത്തി. ആദ്യം അതു ശ്രദ്ധിക്കാതെ പ്രസംഗം തുടർന്ന സതീശൻ, 'എന്നെക്കൊണ്ട് അങ്ങുമായി വഴക്കിടീക്കരുത് " എന്നും പറഞ്ഞു. അതോടെ ഇരുവരും തമ്മിൽ തർക്കമായി. 'വിത്തൗട്ട് എനി ഇന്റർവെൻഷൻ യു സ്പോക്ക് നൈൻ മിനിട്ട്സ് " എന്നൊക്കെ സ്പീക്കർ ഇടയ്ക്ക് പറയുന്നുമുണ്ടായിരുന്നു.
തർക്കം മുറുകുന്നതിനിടെ പ്രതിപക്ഷാംഗങ്ങൾ ഡയസിന് മുന്നിലെത്തി മുദ്രാവാക്യം വിളി തുടങ്ങി. 'നീതിപാലിക്കൂ സ്പീക്കർ സർ " എന്നൊക്കെയുള്ള ഇൻസ്റ്റന്റ് മുദ്രാവാക്യങ്ങളാണ് മുഴക്കിയത്. മറുവശത്ത് ഭരണപക്ഷ അംഗങ്ങളും നടുത്തളത്തിലേക്ക് നീങ്ങി. പ്രതിപക്ഷത്ത് ടി.സിദ്ദിഖും ഭരണപക്ഷത്ത് എച്ച്. സലാമും മുദ്രാവാക്യം വിളിച്ചുകൊടുക്കുന്നതിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തു. ഇതിനിടെ മൈക്കും ഓഫാക്കി 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ" എന്ന മട്ടിൽ സ്പീക്കറും ചിരിച്ചുകൊണ്ടിരുന്നു. മുദ്രാവാക്യത്തിനൊപ്പം ബാനറും പ്ളക്കാർഡുമൊക്കെ പ്രതിപക്ഷാംഗങ്ങളുടെ കൈകളിലേക്ക് എത്തി. എല്ലാം മുൻകൂട്ടി പ്ളാൻ ചെയ്തതാണെന്നൊക്കെ ഇതിനിടെ ആരോ പറയുന്നുണ്ടായിരുന്നു. അല്പസമയത്തിനു ശേഷം സ്പീക്കർ സഭാ നടപടികളിലേക്ക് കടന്നു. സബ് മിഷനും ശ്രദ്ധക്ഷണിക്കലും രണ്ട് ബില്ലുകൾ സബ്ജക്ട് കമ്മിറ്റിക്ക് വിടലുമൊക്കെ പടപടാന്ന് നടത്തി വേഗത്തിൽ കാര്യങ്ങളും അവസാനിപ്പിച്ചു. സർവം ശുഭം!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |