
അച്ഛനമ്മമാരുടെ വിവാഹബാഹ്യ ബന്ധങ്ങളിൽ പിറക്കേണ്ടിവരുന്ന കുരുന്നുകളുടെ ജീവൻ അവിഹിതമെന്ന പേരുദോഷത്തിന്റെയും, അരുതാത്ത ബന്ധങ്ങൾക്ക് തടസമായതിന്റെയും പേരിൽ പൊലിഞ്ഞ നാടാണ് കേരളം. അമ്മത്തൊട്ടിൽ ഉൾപ്പെടെ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന് സംവിധാനങ്ങൾ പലതുണ്ടെങ്കിലും കുരുന്നുകളുടെ കൊലയറയായി കേരളം മാറിയത് എങ്ങനെ?
ഇക്കഴിഞ്ഞ ഓഗസ്റ്റിലെ ഒരു ഞായറാഴ്ച. നേരം പുലരുമ്പോൾ കുട്ടനാട്ടിലെ തകഴി കുന്നുമ്മക്കാർ ഉണർന്നത് പൊലീസ് വാഹനങ്ങളുടെ ഇരമ്പൽ കേട്ടാണ്. കഷ്ടിച്ച് ഒരുകാറിന് കടന്നുവരാൻ പാകമുള്ള റോഡിൽ ഒന്നിനു പുറകെ ഒന്നായി തുരുതുരാ പൊലീസ് വാഹനങ്ങൾ. കുട്ടനാട്ടിലെ പൂക്കൈതയാറിന്റെ തീരത്ത് കണ്ണെത്താദൂരം നീണ്ടുപരന്ന പാടത്തേക്കുള്ള നടപ്പാതകൾ ഉൾപ്പെടെ എല്ലാം പൊലീസ് ബന്തവസിൽ!
കാര്യമറിയാതെ പകച്ചവരോട് അറിഞ്ഞവർ അടക്കം പറഞ്ഞു: പാടത്തെവിടെയോ ഒരു ചോരക്കുഞ്ഞിനെ കൊന്നുകുഴിച്ചിട്ടിരിക്കുന്നു! വാർത്ത കാട്ടുതീയായി. കുന്നുമ്മ സ്വദേശിയായ യുവാവും സുഹൃത്തുമാണ് സംഭവത്തിനു പിന്നിലെന്ന് പിന്നെയറിഞ്ഞു. മുഖം മറച്ച രണ്ടുപേരുമായി ഉച്ചകഴിഞ്ഞപ്പോൾ എസ്.പിയും സംഘവുമെത്തി. നാട്ടുകാർ നോക്കിനിൽക്കെ പാടത്തിന്റെ മറുകരയിലേക്ക് അവർ നടന്നു. മുഖം മറച്ചെത്തിയ യുവാക്കൾ കാട്ടിക്കൊടുത്ത സ്ഥലം മാന്തി. കൈകൾ ഇറുക്കിപ്പിടിച്ച, ഒട്ടിയ വയറിനോട് കാൽമുട്ടുകൾ ചേർത്ത് കണ്ണുപൂട്ടി ഉറങ്ങും വിധം പെൺകുഞ്ഞിന്റെ ചേതനയറ്റ ശരീരം. കഥയുടെ ഫ്ളാഷ് ബാക്ക് ഇങ്ങനെ...
കുറ്റാന്വേഷണങ്ങളിൽ പൊലീസിനൊപ്പം തോളോടുതോൾ ചേരുന്നവരാണ് ഫോറൻസിക് വിഭാഗം. ഫോറൻസിക് സയൻസ് ബിരുദധാരിയാണ് നവജാത ശിശുവിന് ജന്മം നൽകിയ യുവതി. രാജസ്ഥാനിൽ ഫോറൻസിക് സയൻസിന് പഠിക്കുമ്പോൾ തകഴി കുന്നുമ്മയിൽ നിന്ന് ഹോട്ടൽ മാനേജ്മെന്റിന് പഠിക്കാനെത്തിയ പയ്യനുമായി ട്രെയിൻ യാത്രയ്ക്കിടെ മൊട്ടിട്ട പ്രണയമാണ് യുവതിയുടെ ഗർഭത്തിലും കുഞ്ഞിന്റെ മരണത്തിലും കലാശിച്ചത്.
പൂച്ചാക്കലിനു സമീപം പാണാവള്ളി സ്വദേശിനിയായ യുവതിയുടെ പ്രണയം വീട്ടുകാർക്ക് അറിവുള്ളതായിരുന്നു. വിവാഹത്തിനും ഇരുവീട്ടുകാരും സമ്മതം അറിയിച്ചിരിക്കെ അനുരാഗം അതിരുവിട്ടതാണ് പ്രശ്നമായത്. യുവാവുമായുള്ള സംഗമത്തിനു ശേഷം, പെൺകുട്ടി ഗർഭത്തെപ്പറ്റി സംശയം പറയുകയും ഇരുവരും ഒരുമിച്ച് സ്വകാര്യ ആശുപത്രിയിലെത്തി പരിശോധിച്ച് ഗർഭം സ്ഥിരീകരിക്കുകയും ചെയ്തെങ്കിലും വിവരം വീട്ടുകാരോട് വെളിപ്പെടുത്തിയില്ല. മോഡേൺ ശൈലിയിലുള്ള വേഷവിധാനങ്ങളിൽ പത്തുമാസമായിട്ടും ഗർഭം മനസിലാക്കാൻ കഴിയാതെ പോയ വീട്ടുകാർ, ബ്ളീഡിംഗിനെ തുടർന്ന് പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തിയപ്പോഴാണ് ആശുപത്രിയിലെത്തിച്ചത്.
വീടിനു സമീപത്തെ ആശുപത്രിയിലെത്തിയ പെൺകുട്ടി, ആർത്തവമായിരുന്നുവെന്ന് പറഞ്ഞതിനാൽ ഡോക്ടർ അതിനുള്ള പ്രതിവിധി ചെയ്ത് മടക്കിയയച്ചു. അടുത്തദിവസം കാര്യങ്ങൾ വഷളായതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ഗൈനക്കോളജി ഡോക്ടറുടെ പരിശോധനയിലാണ് പെൺകുട്ടി പ്രസവിച്ചതായി കണ്ടെത്തിയത്. കുഞ്ഞെവിടെയെന്ന ചോദ്യത്തിന്, കൂട്ടുകാരൻ മുഖേന അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചെന്ന് പറഞ്ഞെങ്കിലും, അമ്മത്തൊട്ടിലിൽ കുഞ്ഞിനെ കിട്ടിയിട്ടില്ലെന്ന് അറിഞ്ഞതോടെ കാര്യങ്ങൾ കൈവിട്ടു. വിവരം ചൈൽഡ് ലൈൻ മുഖേന അറിഞ്ഞ പൊലീസ് കൂട്ടുകാരനെ പൊക്കി.
ചോദ്യം ചെയ്യലിലാണ് വീട്ടിനുള്ളിൽ പുലർച്ചെ പ്രസവിച്ച കുട്ടിയെ ഒരു പകൽ മുഴുവൻ ടെറസിലെ സൺഷേഡിൽ സൂക്ഷിച്ചശേഷം പ്ളാസ്റ്റിക് കവറിലാക്കി സുഹൃത്തിനു കൈമാറിയെന്നതും, അനക്കമില്ലാതിരുന്ന കുഞ്ഞിനെ പാടത്തിന്റെ ബണ്ടിൽ കുഴിച്ചിട്ടെന്ന സത്യവും വെളിപ്പെട്ടത്. വിദ്യാഭ്യാസവും പ്രായത്തിന്റെ പക്വതയുമുണ്ടായിട്ടും വിവരങ്ങൾ തുറന്നുപറയാനും പരിഹാരം കാണാനും ശ്രമിക്കാതെ വളഞ്ഞവഴി തേടിയതിന്റെ അനന്തര ഫലമാണ് വിവാഹാനന്തരം കുടുംബജീവിതത്തിലേക്ക് കടക്കേണ്ട യുവതിയും കാമുകനും സഹായിയായ സുഹൃത്തും കേസിലും ജയിലിലും അകപ്പെടാൻ ഇടയാക്കിയത്.
കാമുകനൊപ്പം ജീവിക്കാൻ
ഒന്നര വയസുകാരനെ കടലിലെറിഞ്ഞ ശരണ്യ
ഏതാനും ആഴ്ചകൾകൾക്കു മുമ്പാണ്. കോഴിക്കോട് റെയിൽവേസ്റ്റേഷനു സമീപത്തെ ഹോട്ടൽ മുറിയിൽ നിന്ന് കോഴിക്കോട് ടൗൺ സ്റ്റേഷനിലേക്കൊരു കോൾ എത്തി. ഹോട്ടലിൽ തലേന്നു രാത്രി മുറിയെടുത്ത യുവതി അബോധാവസ്ഥയിലാണെന്നായിരുന്നു സന്ദേശം. പൊലീസെത്തി, യുവതി വിഷം കഴിച്ചതാണെന്ന സംശയത്തിൽ ആശുപത്രിയിലേക്കു മാറ്റി. പ്രാഥമിക ചികിത്സ നൽകിയശേഷം യുവതി ആരെന്ന അന്വേഷണമാണ്, മകനെ കടലിലെറിഞ്ഞുകൊന്ന കേസിൽ കണ്ണൂർ കോടതിയിൽ അടുത്ത ദിവസം നടക്കുന്ന വിചാരണയ്ക്കെത്തിയ ശരണ്യ എന്ന പ്രതിയാണ് അതെന്നു തിരിച്ചറിയാൻ ഇടയാക്കിയത്.
മൂന്നുവർഷം മുമ്പ് കണ്ണൂർ തയ്യിൽ കടപ്പുറത്താണ് ശരണ്യ- പ്രണവ് ദമ്പതികളുടെ ഒന്നരവയസു മാത്രമുള്ള ആൺകുഞ്ഞിന്റെ മൃതദേഹം കടൽഭിത്തിയുടെ കരിങ്കൽകൂട്ടത്തിനിടയിൽ നിന്ന് കണ്ടെത്തിയത്. ദാമ്പത്യ പൊരുത്തക്കേടുകളെ തുടർന്ന് ഭർത്താവുമായി പിണങ്ങിയ ശരണ്യ തയ്യിലിലെ സ്വന്തം വീട്ടിലായിരുന്നു താമസം. പ്രണവ് ഗൾഫിലായിരുന്ന സമയത്ത് ഫേസ് ബുക്ക് വഴി പരിചയപ്പെട്ട നിതിനുമായുള്ള അടുപ്പമാണ് ശരണ്യയെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചത്. തന്റെ വീട്ടിൽ നിന്ന് പന്ത്രണ്ട് കിലോമീറ്റർ അകലെയുളള നിതിനുമായി രണ്ടുവർഷത്തോളമായി അടുപ്പത്തിലായിരുന്നു.
ഭർത്താവ് ഗൾഫിലായിരുന്ന സമയത്ത് പലതവണ വീട്ടിലെത്തിയ നിതിനുമായി ഒരുമിച്ച് ജീവിതം മോഹിച്ച ശരണ്യ അതിന് സ്വന്തം കുഞ്ഞ് തടസമാകാതിരിക്കാനാണ് കടൽഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തി കടലിൽ തള്ളിയത്! കുഞ്ഞിനെ കൊലപ്പെടുത്താൻ മുൻകൂട്ടി ആസൂത്രണം ചെയ്ത ശരണ്യ കുഞ്ഞിന്റെ കൊലപാതകം ഭർത്താവിന് മേൽ ചുമത്താനാണ് മാസങ്ങളായി പിണങ്ങി താമസിച്ചിരുന്ന പ്രണവിനെ സംഭവത്തിനു തലേരാത്രി നിർബന്ധപൂർവം തന്റെ വീട്ടിലേക്ക് വിളിച്ചത്. ഭർത്താവും കുഞ്ഞുമായി ഉറങ്ങാൻ കിടന്ന ശരണ്യ, പ്രണവ് നല്ല ഉറക്കത്തിലായിരുന്ന സമയത്ത് കുഞ്ഞുമായി കടപ്പുറത്തെത്തി കൃത്യം നടത്തുകയായിരുന്നു.
കുഞ്ഞിനെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പ്രണവ് തന്റെ വീട്ടിലെത്തിയതെന്ന് വരുത്തിത്തീർത്ത്, ഒരേസമയം കുഞ്ഞിന്റെയും പ്രണവിന്റെയും ശല്യം ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ചോദ്യം ചെയ്യലിനിടെ ശരണ്യയുടെ ഫോണിലേക്ക് തുരുതുരാ എത്തിയ ഫോൺകാളുകൾ കാര്യങ്ങൾ കീഴ്മേൽ മറിച്ചു. മിനിട്ടുകളുടെ വ്യത്യാസത്തിലുള്ള 17 മിസ്ഡ് കാളുകൾ നിതിന്റേതായിരുന്നു. ആ ഫോൺകാളുകളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് ഇരുവരും തമ്മിലുള്ള പ്രണയത്തിന്റെയും ഒന്നരവയസുകാരന്റെ ക്രൂരമായ കൊലപാതകത്തിന്റെയും ചുരുളഴിച്ചത്.
നാളെ: അനുശാന്തിമാർ അവതരിക്കുന്ന കേരളം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |