
അടിയുറച്ച കമ്യൂണിസ്റ്റുകാർ ഒരു കാര്യത്തിലും നാളും നക്ഷത്രവുമൊന്നും നോക്കില്ലെന്നുറപ്പ്. ചിലർ ചിലപ്പോഴൊക്കെ ഇക്കാര്യത്തിൽ ചില വിട്ടുവീഴ്ചകൾ കാട്ടുന്നത് കണ്ടില്ലെന്നു നടിക്കാം, ഇപ്പോൾ പാർട്ടി പദവികൾക്ക് പ്രായത്തിൽ ഇളവ് അനുവദിക്കും പോലെ! എന്നാൽ, കോൺഗ്രസുകാരിൽ ഏറെയും നേരെ മറിച്ചാണ്, നക്ഷത്രബലത്തിൽ അൽപ്പം വിശ്വാസം കൂടുതലുള്ള കൂട്ടരാണ്. ആരു വിശ്വസിച്ചാലും ഇല്ലെങ്കിലും നമ്മുടെ സ്പീക്കർ എ.എൻ. ഷംസീറും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുന്നാളുകാരാണോ എന്നാണ് സംശയം. നിയമസഭയിൽ പരസ്പരം നോക്കിപ്പോയാൽ ഇരുവരും ഒന്നു കൊരുക്കും- കാര്യത്തിനും കാര്യമില്ലായ്മയ്ക്കും! അധികസമയം നീണ്ടില്ലെങ്കിലും ഇന്നലെയുമുണ്ടായിരുന്നു, ഇരുവരുടെയും വക ഒരു ക്ളാസിക് പോര്.
ആശാവർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലാണ് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന ഉപക്ഷേപം കൊണ്ടുവന്നത്. കയ്യും കലാശവും എടുത്താൽ പൊങ്ങാത്ത കണക്കുകളുമൊക്കെയായി മന്ത്രി വീണാ ജോർജ് ഇതിന് വിശദീകരണം നൽകി. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ വിഷയം സഭ നിർത്തിവച്ച് ചർച്ചചെയ്യേണ്ടതില്ലെന്ന് സ്പീക്കർ പറഞ്ഞതോടെ പ്രതിപക്ഷ നേതാവ് വാക്കൗട്ട് പ്രസംഗം തുടങ്ങി. പതിവുപോലെ ഭരണ പക്ഷ ബഞ്ചിൽ നിന്ന് സതീശനെ ചൊടിപ്പിക്കാനുള്ള ശ്രമങ്ങളും തുടങ്ങി. 'ബഹളമുണ്ടാക്കാതെ പറയുന്നതു കേൾക്ക്" എന്ന് ട്രഷറി ബെഞ്ചിനെ നോക്കി സതീശൻ പറഞ്ഞപ്പോൾ, 'അങ്ങോട്ടു നോക്കി സംസാരിക്കുന്നതുകൊണ്ടല്ലേ" എന്നായി സ്പീക്കർ. ഇതോടെ കൊരുക്കലിന്റെ ആദ്യഘട്ടമായി.
അങ്ങോട്ടു നോക്കരുതെന്ന് എവിടെ എഴുതിവച്ചിരിക്കുന്നു, റൂൾസ് ഒഫ് പ്രൊസീജിയറിൽ അങ്ങനെയില്ല, ഇല്ലാത്ത കീഴ്‌വഴക്കം ഉണ്ടാക്കല്ലേ എന്നായി സതീശൻ. സ്പീക്കർ ഇടയ്ക്കിടെ സമയത്തെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ടിരുന്നത് സതീശനെ ചൊടിപ്പിച്ചു. പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന് സതീശനും. പോകെപ്പോകെ കാര്യങ്ങൾ പതിവുപോലെ കൊഴുത്തു. ഏറ്റവും കുറച്ചുസമയം വാക്കൗട്ട് പ്രസംഗം നടത്തിയ പ്രതിപക്ഷ നേതാവ് താനാണെന്ന പതിവ് ന്യായം പറയാനുള്ള അവസരം വി.ഡി. സതീശന് ലഭിച്ചില്ലെന്നു മാത്രം.
ബക്കറ്റ് പിരിവിനോടും പിരിവുകാരോടും എന്നു മുതലാണ് സി.പി.എമ്മിന് അയിത്തം എന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ചോദ്യം ഒരു ഒന്നൊന്നര ചോദ്യമായിപ്പോയി. കൊലയാളികൾക്കു വേണ്ടിപ്പോലും ബക്കറ്റ് പിരിവു നടത്തിയ കൂട്ടർ സമരക്കാരെ ഈർക്കിൽ പാർട്ടിയെന്നും കൃമികീടങ്ങളെന്നുമൊക്കെ വിളിച്ചാൽ മാങ്കൂട്ടത്തിലിന് എങ്ങനെ സഹിക്കാനാവും? കൊച്ചിയിൽ ഗ്രാന്റ് ഹയാത്തിന്റെ നിർമ്മാണം നടക്കുമ്പോൾ അതിനെതിരെ സമരം നടത്തിയവരാണ് അവിടെത്തന്നെ ഇപ്പോൾ ആഗോള നിക്ഷേപക സംഗമം നടത്തിയത്. ഓന്തു പോലും ഇതുകണ്ട് കൺഫ്യൂഷനായിട്ടുണ്ടെന്നാണ് മാങ്കൂട്ടത്തിലിന്റെ പരിഹാസം.
കൊവിഡ് കാലത്ത് സ്വന്തം ജീവൻപോലും പണയപ്പെടുത്തി പ്രവർത്തിച്ച ആശമാർക്ക് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കുന്ന പരിപാടികളിൽ മന്ത്രിമാരുടെ പ്രസംഗത്തിന് കയ്യടിക്കുന്ന ജോലി കൂടിയുണ്ടെന്നും ഇതിന് 232 രൂപ വേതനം കൊടുത്താൽ മതിയോ എന്നുമുള്ള ന്യായമായ സംശയം കൂടി രാഹുൽ ഉന്നയിച്ചു. തിരഞ്ഞെടുപ്പു കാലത്ത് പാതിരാത്രിയിലും കൊച്ചുവെളുപ്പാൻ കാലത്തും വോട്ടുചോദിക്കാൻ പോകുന്നവർ, സാധുമനുഷ്യർക്ക് ഒരു ആവശ്യം വരുമ്പോൾ ഓഫീസ് സമയത്ത് വരണമെന്നു പറഞ്ഞാൽ, ആരോഗ്യ മന്ത്രിക്ക് ആ ഓഫീസ് അധികനാൾ ഉണ്ടാവില്ലെന്നുകൂടി മാങ്കൂട്ടത്തിൽ ശാപവാക്കും പറഞ്ഞു.
പാലക്കാട് അംഗം എസ്.യു.സി.ഐയുടെ നാവായി മാറിയിരിക്കുകയാണെന്നായിരുന്നു മന്ത്രി വീണാ ജോർജിന്റെ പരിഹാസം. സമരമിരിക്കുന്ന പാർട്ടിക്കാർക്കു മാത്രമേ സമരം ചെയ്യാൻ പറ്റുകയുള്ളോ എന്ന മറുചോദ്യം ഉയർത്തിയത് പ്രതിപക്ഷ നേതാവാണ്. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം സ്പീക്കർ തടസപ്പെടുത്തിയതിൽ പ്രതിഷേധിച്ച് , ഡയസിന് സമീപത്ത് പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യംവിളി തുടങ്ങി നിമിഷങ്ങൾക്കുള്ളിലെത്തി, പരിചിതമായ ബാനർ- 'സ്പീക്കർ നീതി പാലിക്കുക!"പിന്നാലെ അനുബന്ധ ഘടകങ്ങൾ പോലെ പ്ളക്കാർഡുകളും. എല്ലാം തനിയാവർത്തനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |