SignIn
Kerala Kaumudi Online
Thursday, 22 October 2026 12.40 PM IST

അദ്ധ്യാപകരെന്തിന് പുലിവാല് പിടിക്കണം ?

a

മൂന്ന് പതിറ്റാണ്ടോളം അദ്ധ്യാപകനും 9 വർഷം ഹെഡ്മാസ്റ്ററുമായിരുന്ന് വിരമിച്ച ആളിന്റെ ഒരു കുറിപ്പ് ഇങ്ങനെയാണ്:

'കഴിഞ്ഞ ജൂണിൽ ക്ളാസ് ടീച്ച‌ർ എട്ടാം ക്ളാസിലെ ഒരു കുട്ടിയെ എന്റെ ഓഫീസിലേക്കയച്ചു. നെറ്റിയും കടന്ന് മുന്നിലേക്ക് കിടക്കുന്ന മുടി വെട്ടണമെന്നുപദേശിച്ച് കുട്ടിയെ പറഞ്ഞയച്ചു. അടുത്ത ദിവസം സംഭവിച്ചത് മറ്റൊന്നാണ്. കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് കരഞ്ഞു പറഞ്ഞത് ഹെഡ്മാസ്റ്റർ അപമാനിച്ചുവെന്നാണ്. ഇതേത്തുടർന്ന്, രക്ഷിതാക്കൾ കളക്ടർ, പൊലീസ്, ബാലാവകാശ കമ്മിഷൻ തുടങ്ങി നൽകാവുന്നിടത്തൊക്കെ പരാതി നൽകി. വിദ്യാഭ്യാസ വകുപ്പധികൃതർ എന്നെ ഓഫീസിലേക്ക് വിളിപ്പിച്ചു. ചെന്നപ്പോൾ ലഭിച്ചത് മെമ്മോയാണ്. സർവീസിൽ നിന്ന് വിരമിച്ചിട്ടും കേസ് നടക്കുകയാണ്. തെളിവെടുപ്പിനായി വിളിപ്പിക്കുമ്പോഴെല്ലാം പല ഓഫീസുകൾ കയറിയിറങ്ങുന്നു.'

ക്ളാസിൽ മറ്റുകുട്ടികളെ ശല്യം ചെയ്ത വിദ്യാർത്ഥിയോട് ഹെഡ്മിസ്ട്രസ് രക്ഷാകർത്താവിനെ വിളിച്ചുകൊണ്ട് വരാൻ പറഞ്ഞപ്പോൾ 'വിളിച്ചു കൊണ്ടുവന്നില്ലെങ്കിൽ എന്തു ചെയ്യും തള്ളേ' എന്ന് വിദ്യാർത്ഥി തിരികെ ചോദിച്ചത് കേട്ട് അമ്പരന്നു പോയ അദ്ധ്യാപികയുടെ അനുഭവം കഴിഞ്ഞ ദിവസം നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറയുകയുണ്ടായി. ശല്യക്കാരായ വിദ്യാർത്ഥികളെ നല്ല വഴിക്ക് നയിക്കേണ്ട അദ്ധ്യാപകർ അത് ചെയ്യാൻ മുതിർന്നാൽ കാലുവെട്ടുമെന്നും പുറത്തിറങ്ങിയാൽ കൊല്ലുമെന്നും പറയുന്ന വിദ്യാർത്ഥികളും വിദ്യാർത്ഥി നേതാക്കളും.... സംസ്ഥാനത്തെ സ്കൂളുകളിലും കലാലയങ്ങളിലുമൊക്കെ വിദ്യാർത്ഥികളുടെ മേലുള്ള നിയന്ത്രണം അദ്ധ്യാപകർക്കും രക്ഷാകർത്താക്കൾക്കും പൂർണമായും നഷ്ടപ്പെട്ടതിന്റെ അനന്തരഫലമാണിപ്പോൾ ഒരു വിദ്യാർത്ഥിയുടെ കൊലപാതകത്തിൽ വരെ എത്തി നിൽക്കുന്നതെന്ന് വൈകിയാണെങ്കിലും കേരളം തിരിച്ചറിയുന്നു. 15 വയസ് പോലും തികയാത്ത കുട്ടികൾ ക്രിമിനലുകൾ പോലും ചെയ്യാനറയ്ക്കുന്ന ക്രൂരത ദിവസേന ഇടപഴകുന്ന സഹപാഠികളോട് പോലും കാട്ടുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് താമരശേരിയിൽ പത്താം ക്ളാസുകാരൻ മുഹമ്മദ് ഷഹബാസിന്റെ മരണത്തിലേക്ക് നയിച്ചത്. ഒറ്റപ്പാലത്ത് സ്വകാര്യ ഐ.ടി.ഐ വിദ്യാർത്ഥി കെ.ജെ സാജനും സഹപാഠിയിൽ നിന്ന് നേരിട്ടത് ക്രൂരമായ ആക്രമണമാണ്. ക്ളാസ് മുറിയിൽ വച്ചുണ്ടായ അക്രമത്തിൽ മൂക്കിന്റെ പാലം തകർന്ന സാജൻ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്. സഹപാഠികളുടെ ക്രൂരമായ റാഗിംഗിന്റെ ഇരയായി സിദ്ധാർത്ഥൻ മാറിയപ്പോഴും വേണ്ടപ്പെട്ടവർ വിഷയത്തെ ഗൗരവത്തിലെടുത്തില്ലെന്നതാണ് യാഥാർത്ഥ്യം. അതിനുശേഷം കോട്ടയത്തെ സർക്കാർ നഴ്സിംഗ് കോളേജിൽ സീനിയർ വിദ്യാർത്ഥികൾ നടത്തിയ ക്രൂരമായ റാഗിംഗിന്റെ നടുക്കം ഇനിയും മാറിയിട്ടില്ല.

അദ്ധാപക- വിദ്യാർത്ഥി-

രക്ഷാകൃത്തൃ ബന്ധം

കഴിഞ്ഞ കുറെക്കാലമായി സ്കൂളുകളിലും കോളേജുകളിലും വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷങ്ങൾ തെരുവു ഗുണ്ടാസംഘങ്ങളെപ്പോലെ മാരകായുധങ്ങളുമേന്തി കൊലവിളിയെ ഓർമ്മിപ്പിക്കുന്ന അക്രമ പരമ്പരകൾ സൃഷ്ടിച്ചപ്പോഴും 'അവർ കുട്ടികളല്ലേ' എന്ന് പറഞ്ഞ് നിസാരവത്ക്കരിക്കാനായിരുന്നു എല്ലാവരുടെയും ശ്രമം. എന്നാൽ ഷഹബാസിന്റെ മരണമാണ് വിദ്യാർത്ഥി സമൂഹത്തയാകെ ബാധിച്ച കൊടും വിപത്തിനെക്കുറിച്ച് മനസിലാക്കാനും സർക്കാരിന്റെ കണ്ണു തുറപ്പിക്കാനും ഇടയാക്കിയത്. സ്കൂളുകളിലും കലാലയങ്ങളിലുമെല്ലാം അദ്ധ്യാപകർക്ക് കുട്ടികളുടെ മേലുണ്ടായിരുന്ന നിയന്ത്രണം പൂർണമായും കൈവിട്ടതോടെ എന്ത് ചെയ്താലും കുഴപ്പമില്ലെന്നും ആരും ചോദിക്കാനില്ലെന്നുമുള്ള മനോവിചാരമാണിപ്പോൾ വിദ്യാർത്ഥികളെ നയിക്കുന്നത്. പണ്ടുകാലത്ത് സ്കൂൾ ക്ളാസുകളിൽ അദ്ധ്യാപകരെത്തുന്നത് ചൂരലുമായിട്ടായിരുന്നു. അതുകണ്ടാൽ തന്നെ വിദ്യാർത്ഥികൾ അച്ചടക്കമുള്ളവരായി ഇരുന്ന് പഠിക്കുമായിരുന്നു. വികൃതിയോ വിളച്ചിലോ കാട്ടുന്ന വിദ്യാർത്ഥികളെ വിരട്ടിയോ ചൂരൽ പ്രയോഗത്തിലൂടെയോ മര്യാദരാമന്മാരാക്കാൻ അദ്ധ്യാപകർക്കായിരുന്നു. അദ്ധ്യാപകനിൽ നിന്ന് ശാസനയോ ചൂരൽ പ്രയോഗമോ ഏറ്റെന്ന് വീട്ടിൽ പരാതി പറഞ്ഞാൽ അത് കുട്ടിയുടെ നല്ല ഭാവിയ്ക്കായുള്ള അദ്ധ്യാപകരുടെ ശ്രമമായി കാണുന്ന രക്ഷിതാക്കളായിരുന്നു ഏറെയും. അദ്ധ്യാപകരെ ഗുരുക്കന്മാരായി കണ്ട് ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന കാലത്തിൽ നിന്ന് ബാലാവകാശങ്ങളുടെ പേരിൽ വിദ്യാർത്ഥികൾക്ക് അനർഹമായ പരിഗണനയും സംരക്ഷണവും ലഭിച്ചതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. പല രക്ഷിതാക്കളും മക്കളുടെ കാര്യത്തിൽ അസാധാരണമാം വിധം സ്വാർത്ഥരായതോടെ അദ്ധ്യാപകർക്കെതിരായ പരാതികൾ വ്യാപകമായി. തന്നെ ഒരദ്ധ്യാപകൻ ശാസിച്ചുവെന്ന് വിദ്യാർത്ഥി രക്ഷിതാവിനോട് പറഞ്ഞാൽ ആ നിമിഷം സ്കൂളിലെത്തി അദ്ധ്യാപകരെ ചോദ്യം ചെയ്യാനും അവർക്ക് മേൽ കുതിരകയറാനും വരെ തുടങ്ങി,​ പോരാത്തതിന് പരാതി പ്രവാഹവും. വിദ്യാഭ്യാസ അധികൃതർക്കും ബാലാവകാശ കമ്മിഷനും പൊലീസിനും കളക്ടർക്കുമൊക്കെ പരാതി ലഭിക്കുമ്പോൾ അദ്ധ്യാപകനെതിരായ അന്വേഷണമായി, തെളിവെടുപ്പായി, അങ്ങനെ പല നടപടികൾക്കും വിധേയനാകേണ്ടി വരുന്ന സ്ഥിതിയായി. ഇത് പതിവായതോടെ അദ്ധ്യാപകർ സ്വാഭാവികമായും മാറിത്തുടങ്ങി. തങ്ങളെന്തിന് പുലിവാല് പിടിക്കണം. വേണ്ടുന്നവർ പഠിക്കട്ടെ എന്ന മനോഭാവത്തിലേക്ക് അവരെത്തി. ക്ളാസിൽ പഠിപ്പിക്കുന്നതൊഴികെ വിദ്യാർത്ഥികളുടെ ഒരു പ്രശ്നത്തിലും അദ്ധ്യാപകർ ഇടപെടാതായി. കൃത്യമായി ലഭിക്കുന്ന ശമ്പളം വാങ്ങി സ്വന്തംകാര്യം നോക്കി മുന്നോട്ട് പോകാൻ അദ്ധ്യാപകർ ശീലിച്ചു കഴിഞ്ഞു. തങ്ങളുടെ മക്കൾ ചെയ്യുന്നതെല്ലാം ശരി, ഞങ്ങൾ പോലും മക്കളെ ശാസിക്കുകയോ തല്ലുകയോ ചെയ്യാത്തിടത്ത് അദ്ധ്യാപകർ എന്തിനവരെ ശാസിക്കുന്നു എന്ന് ചിന്തിക്കുന്ന രക്ഷാകർത്താക്കളാണ് ഏറെയുമെന്ന് സ്കൂൾ പ്രിൻസിപ്പലായി വിരമിച്ച ഒരദ്ധ്യാപകൻ പറഞ്ഞു. കുട്ടികൾ തമ്മിലുള്ള പരസ്പര സ്നേഹവും വിശ്വാസവുമൊന്നും ഇന്നില്ല. ഇത്തരം വിദ്യാർത്ഥികൾക്ക് കൂട്ടുനിൽക്കുന്ന ഒരു ചെറിയവിഭാഗം അദ്ധ്യാപകരും ഉണ്ടെന്നത് രഹസ്യമല്ല.

വിദ്യാർത്ഥി

സംഘടനകൾക്കും പങ്ക്

വിദ്യാർത്ഥികളെ ഇന്നത്തെ അവസ്ഥയിലേക്കെത്തിച്ചതിൽ നല്ലൊരു പങ്ക് വിദ്യാർത്ഥി സംഘടനകൾക്കുമുണ്ടെന്ന് അദ്ധ്യാപകർ സമ്മതിക്കുന്നു. മിക്ക കലാലയങ്ങളിലും ഏകസംഘടനയുടെ അപ്രമാദിത്തമാണ്. മറ്റൊരു സംഘടനക്കും പ്രവർത്തന സ്വാതന്ത്ര്യമില്ലാതാകുകയും വിദ്യാർത്ഥികളുടെ എന്ത് തോന്ന്യാസത്തിനും സർവ്വവിധ പിന്തുണയും ലഭിക്കുമ്പോൾ അവർക്ക് ഏതക്രമവും ചെയ്യാനുള്ള ലൈസൻസായി മാറും. വിരോധമുള്ളവരെ ആക്രമിക്കാനും കൊലവിളി നടത്താനും സംഘടനയുടെ പേരിൽ പൂർണസ്വാതന്ത്ര്യം ലഭിക്കുമ്പോൾ വിദ്യാർത്ഥികൾ കൊലയാളികൾ വരെ ആകുമെന്നതിന്റെ ഉത്തമോദാഹരണമാണ് സിദ്ധാർത്ഥന്റെയും ഷഹബാസിന്റെയും ദാരുണ മരണം. കേസിൽ പ്രതികളായാൽ സർവ്വവിധ സംരക്ഷണവും പ്രതിരോധവും സംഘടന മാത്രമല്ല, മാതൃ രാഷ്ട്രീയ സംഘടനയും ഒരുക്കുമ്പോൾ വിദ്യാർത്ഥികൾ സമാനതകളില്ലാത്ത അക്രമങ്ങൾ കാട്ടുന്നത് സ്വാഭാവികം. സ്കൂളുകളിൽ രാഷ്ട്രീയമായ പ്രവർത്തനം വിലക്കിയെന്ന് പറയുമ്പോഴും ഇത്തരം സംഘടനകൾ തന്നെയാണ് അവിടെയും കാര്യങ്ങൾ നിയന്ത്രിക്കുന്നത്. പ്രൈമറി സ്കൂളുകളിൽ പോലും കടന്നുകയറിയ ലഹരി മാഫിയയുടെ പ്രവർത്തനം തടയാൻ വിദ്യാർത്ഥി സംഘടനകൾ ആത്മാർത്ഥമായി ശ്രമിച്ചാൽ നടക്കുമെങ്കിലും വിദ്യാർത്ഥി സമൂഹത്തെ വരുതിയിലാക്കാൻ ലഹരി മാഫിയയുമായി സന്ധിചെയ്യുന്നതിന്റെ കൂടി ഫലമാണ് വ്യാപകമായ ലഹരിമാഫിയയുടെ കരാളഹസ്തങ്ങൾ.

സിനിമയുടെ

ദുസ്വാധീനവും 'നഞ്ചക്കും'

ഇന്ന് പുറത്തിറങ്ങുന്ന മലയാള സിനികളിലെ പരിധിവിട്ട അക്രമവും കൊലപാതകവും വിദ്യാർത്ഥികളെ ആഴത്തിൽ സ്വാധീനിക്കുന്നുവെന്നതിന്റെ തെളിവാണ് മുഹമ്മദ് ഷഹബാസിനെ സഹപാഠി 'നഞ്ചക്ക്' ഉപയോഗിച്ച് ആക്രമിച്ചത്. അടുത്തിടെ റിലീസായ ആർ.ഡി.എക്‌സ് എന്ന ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം കേരളത്തിൽ പ്രിയങ്കരമായിക്കൊണ്ടിരിക്കുന്ന ആയുധമാണ് 'നഞ്ചക്ക്'. ഇരുതല മൂർച്ചയുള്ള വാളിനെക്കാൾ അപകടകാരിയാണ് നഞ്ചക്ക്. കരാട്ടെ, കുംഗ്ഫു, കളരി തുടങ്ങിയ ആയോധന വിദ്യകളിൽ പരിശീലിക്കുമെങ്കിലും സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ജീവൻ വരെ കവർന്നെടുക്കാൻ കഴിവുള്ള ആയുധമാണ്. 1970കളിലെ വിഖ്യാത നായകൻ ബ്രൂസ് ലീ തന്റെ സിനിമകളിലെ ആക്ഷൻ രംഗങ്ങളിൽ നഞ്ചക്ക് സ്ഥിരമായി ഉപയോഗിച്ചു തുടങ്ങിയ ശേഷമാണ് ഇതിന് ഇത്രയേറെ പ്രചാരം ലഭിക്കുന്നത്. പണ്ടും വിവിധ മലയാള സിനിമകളിൽ ഇതുപയോഗിച്ചിട്ടുണ്ടെങ്കിലും അന്നൊന്നും ഇതനുകരിക്കാൻ വിദ്യാർത്ഥികൾ മെനക്കെട്ടിരുന്നില്ല. എന്നാൽ വിദ്യാർത്ഥി സമൂഹത്തിൽ കാലവും സാഹചര്യങ്ങളും ഏൽപ്പിച്ച പരിണാമമാണ് ഇത്തരം അപകടകരമായ സിനിമരംഗങ്ങൾ സഹപാഠികൾക്കെതിരെ പോലും പ്രയോഗിച്ച് ജീവനെടുക്കാനുള്ള മനോഭാവത്തിലേക്ക് വിദ്യാർത്ഥികളെ എത്തിച്ചതെന്ന് വേണം കരുതാൻ. തൊലിപ്പുറത്തെ ചികിത്സ കൊണ്ടൊന്നും നേരെയാക്കാൻ കഴിയാത്തവിധം പ്രശ്നം വഷളായിക്കഴിഞ്ഞു. അടിയന്തരമായ പ്രായോഗിക നടപടികളാണ് ഇനി വേണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: STUDENTS, TEACHERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION